മാമിയെ കാണാതായ ശേഷം പൊലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്...
റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിന് ശേഷം പൊലീസ് വേട്ടയാടുകയാണെന്ന് മാമിയുടെ ഡ്രൈവറായിരുന്ന രജിതും കുടുംബവും. കഴിഞ്ഞ ദിവസം കാണാതായ രജിത്, ഭാര്യ സുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി വിട്ടയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെയാണ് പൊലീസ് വേട്ടയാടുകയാണെന്ന് രജിത് വെളിപ്പെടുത്തിയത്.
''മാമിയെ കാണാതായ ശേഷം പൊലീസ് തന്നെയും സുഹൃത്തുക്കളെയും മക്കള്‍ ഉള്‍പ്പടെയുള്ളവരെയും വേട്ടയാടുകയാണ്. ഭാര്യയെ പൊലീസ് വിളിപ്പിച്ചു. പത്തു മണി മുതല്‍ അഞ്ച് മണി വരെ ചോദ്യം ചെയ്തു. മകനെയും ചോദ്യം ചെയ്തു. പുലര്‍ച്ചെ നാല് മണിക്ക് ഗേറ്റ് ചാടിക്കടന്ന് വന്നാണ് പൊലീസ് വാതില്‍ മുട്ടുന്നത്. ഭാര്യയുടെ ഫോണ്‍ പൊലീസ് വാങ്ങിവച്ചു. പൊലീസ് ചോദിക്കുന്ന പല കാര്യങ്ങളും തനിക്കറിയില്ല.'' - രജിത് പറഞ്ഞു.
മാമിയേയും കൂട്ടി ബിസിനസ് ആവശ്യങ്ങള്‍ക്കായി പല സ്ഥലത്തും പോകാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്കി. ഇതില്‍ അസ്വാഭാവികത ഉണ്ടെന്നും രജിത് ആരോപിച്ചു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ എലത്തൂര്‍ സ്വദേശി രജിത് കുമാര്‍, ഭാര്യ സുഷാര എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് രജിതിനെയും സുഷാരയേയും കാണാനില്ലെന്നറിയിച്ച് സുഷാരയുടെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂരില്‍ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha