ചൈനയായതിന്‍ കൊറോണ പേടി... ചൈനയില്‍ കൂട്ടത്തോടെ ശ്വാസകോശ രോഗം പിടിപെടുന്നെന്ന വാര്‍ത്ത വന്നതോടെ ലോക രാജ്യങ്ങള്‍ കരുതലായി; അവസാനം വിശദീകരണവുമായി ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍
ചൈനയില്‍ നിന്നും വന്ന കൊറോണയുടെ പേടി ഇപ്പോഴും ആരും മറന്നിട്ടില്ല. ഇപ്പോഴിതാ ചൈനയില്‍ മറ്റൊരു രോഗം പിടിപെടുന്നെന്ന വാര്‍ത്തയാണ് വന്നുകൊണ്ടിരുന്നത്. അവസാനം ഇന്ത്യയില്‍ വരെ എച്ച്എംപിവി സ്ഥിരീകരിച്ചതായി വാര്‍ത്ത വന്നു. എന്നാല്‍ അത് പുതിയ വൈറസ് അല്ലെന്നാണ് കണ്ടെത്തിയത്.
അതിനിടെ ചൈന പ്രതികരിച്ചു. രാജ്യത്ത് പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍. ബീജിംഗില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചൈന ഔദ്യോഗികമായി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ പകര്‍ച്ചവ്യാധികള്‍ എല്ലാം തിരിച്ചറിയപ്പെട്ട രോഗാണുക്കള്‍ കാരണം ആണെന്ന് ഹെല്‍ത്ത് കമ്മീഷനിലെ വിദഗ്ധര്‍ കണക്കുകള്‍ വിശദീകരിച്ച് വ്യക്തമാക്കി.
പുതിയ രോഗാണുക്കളോ തിരിച്ചറിയാത്ത പകര്‍ച്ചവ്യാധികളോ ചൈനയില്‍ എവിടെയും ഇല്ല. എച്ച്എംപിവി പതിറ്റാണ്ടുകളായി ലോകത്ത് നിലവിലുള്ള വൈറസാണ്. ഇത് ചില പ്രവിശ്യകളില്‍ പടര്‍ന്നു എന്നത് സത്യമാണ്. എന്നാല്‍ ഇതില്‍ അസ്വഭാവികമായി ഒന്നും ഇല്ല. രാജ്യവ്യാപകമായി വിവിധ തരം പനികള്‍ കൂടിയിട്ടുണ്ട്. ഇത് ഈ കാലാവസ്ഥയില്‍ സാധാരണമാണ്. എല്ലാ രോഗബാധകളും കണക്കുകളും ചൈന ലോകാരോഗ്യ സംഘടനയുമായി അടക്കം പങ്കുവെയ്ക്കുന്നുണ്ട്. ചൈനയിലെ എച്ച്എംപിവി ആഗോള ആശങ്കയായ സാഹചര്യത്തിലാണ് ചൈന ഇക്കാര്യത്തില്‍ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരണം നല്‍കുന്നത്.
അതേസമയം ഇന്ത്യയും മുന്‍കുതലെടുത്തു. എച്ച്എംപിവി ഒരു പഴയ വൈറസാണ്. ഈ വൈറസ് സാധാരണയായി നേരിയ രോഗത്തിന് മാത്രമാണ് ഇടയാക്കുന്നത്. എന്നാല്‍ ശിശുക്കളിലും പ്രായമായവരിലും അല്ലെങ്കില്‍ രോഗാവസ്ഥയുള്ളവരിലും ഇത് ന്യുമോണിയയ്ക്ക് കാരണമാകും. കൂടാതെ, ഇത് ശ്വസന പ്രശ്‌നങ്ങള്‍ക്കും ആശുപത്രിവാസത്തിനും ഇടയാക്കും. പ്രതിരോധശേഷി കുറയുമ്പോള്‍ വൈറസ് അതിവേഗം പകരുന്നു. അണുബാധ പടരുന്നത് തടയാന്‍ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് മുന്‍ എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.
എച്ച്എംപിവി വൈറസ് കൊറോണ വൈറസുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് വൈറോളജിസ്റ്റായ ഡോ. സൗമിത്രദാസ് പറഞ്ഞു. എച്ച്എംപിവി കൊറോണ വൈറസിനെപ്പോലെയല്ല. അതുകൊണ്ട് തന്നെ ആശങ്കപെടേണ്ട കാര്യമില്ലെന്നും സൗമിത്രദാസ് പറഞ്ഞു.
തണുപ്പ് കാലത്ത് കണ്ടുവരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വര്‍ഷവും ഇത് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബര്‍, ജനുവരി മാസങ്ങളിലുമാണ് ഈ വൈറസ് ബാധ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജലദോഷം, പനി, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
എച്ച്എംപി പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐഎംഎ കൊച്ചി അറിയിച്ചു. എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്.
കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം. ജലദോഷം പരത്തുന്ന വൈറസുകളുടെ സ്ഥിരം പട്ടികയില്‍ വരുന്നതാണ് എച്ച്.എം.പി.വി. ഇതിനെ പുതിയ വൈറസ് രോഗമായ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.
കഴിഞ്ഞ വര്‍ഷങ്ങളിലും ഇന്ത്യയില്‍ പലയിടത്തായി എച്ച്.എം.പി വൈറസ് ബാധിച്ചു. ഇന്‍ഫുളുവന്‍സ, എച്ച് വണ്‍ എന്‍ വണ്‍, അടക്കമുള്ള വൈറസുകളെ പരിശോധനയില്‍ കണ്ടെത്തുന്നതിനൊപ്പം എച്ച്.എം.പി.വി വൈറസും കണ്ടെത്തിയിട്ടുള്ളതാണ്. പുതിയതായി കണ്ടെത്തിയത് എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ജലദോഷം ബാധിച്ച എല്ലാവര്‍ക്കും ഇത്തരം ചിലവേറിയ പരിശോധനകളുടെ ആവശ്യവുമില്ല.
"
https://www.facebook.com/Malayalivartha