നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിസ്ഥലം തല്‍ക്കാലം തുറക്കില്ലെന്ന് സബ് കലക്ടര്‍; കുടുംബത്തിന്റെ ഭാഗം കേള്‍ക്കും, മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുത്, സമാധി ഇരുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി മക്കളുടെ മൊഴി
നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിസ്ഥലം തല്‍ക്കാലം തുറക്കേണ്ടെന്നു തീരുമാനം. കല്ലറ തല്‍ക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേള്‍ക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. കല്ലറ തുറന്നു പരിശോധിക്കാന്‍ കലക്ടര്‍ അനുകുമാരി തിങ്കളാഴ്ച രാവിലെയാണ് ഉത്തരവിട്ടത്. സമാധിസ്ഥലമെന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. ചില നാട്ടുകാരും ഇവര്‍ക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്തു സംഘര്‍ഷാവസ്ഥയായി.
കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മിച്ച സമാധിസ്ഥലം അളക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണു നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്‍ (മണിയന്‍ 69) മരിച്ചത്. ഇതില്‍ ദുരൂഹത ആരോപിക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. കിടപ്പിലായിരുന്ന ഗോപന്‍ വ്യാഴാഴ്ച രാവിലെ മരിച്ചതിനെ തുടര്‍ന്നു സമാധിയിരുത്തിയെന്നാണു ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും പറഞ്ഞത്. രാജസേനന്‍ പിന്നീട് ഈ മൊഴി മാറ്റി. പിതാവ് സമാധിയാകാന്‍ ആഗ്രഹിക്കുന്ന വിവരം തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് സമാധി ഇരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജസേനന്‍ കുടുംബ ക്ഷേത്രത്തിലെ പൂജാരിയാണ്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ പിതാവിനെ സമാധി സ്ഥലത്ത് എത്തിച്ചെന്നും പത്മാസനത്തില്‍ ഇരുന്ന അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള പൂജകള്‍ നടത്തിയെന്നും രാജസേനന്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര വരെ പൂജ നീണ്ടു. പിന്നീട് ഈ അറ കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നും രാജസേനന്‍ പൊലീസിനു മൊഴി നല്‍കി. കടുത്ത ശിവ ഭക്തനായ ഗോപന്‍ വീട്ടുവളപ്പില്‍ തന്നെ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിനു സമീപമാണ് സമാധി സ്ഥലം. ഇതും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോപന്‍ തന്നെ നിര്‍മിച്ചതാണെന്ന് ഭാര്യയും മക്കളും പറഞ്ഞു. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നതായാണു മക്കളുടെ മൊഴി.
വീട്ടിലും പരിസരത്തും വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. വീട്ടുകാരെ സ്ഥലത്തുനിന്നു പൊലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. കുടുംബാംഗങ്ങളെ വീടിനുള്ളിലേക്കു മാറ്റി പൊലീസ് കാവല്‍ നില്‍ക്കുകയാണ്. കല്ലറയ്ക്കു മുന്‍പിലിരുന്നു കുടുംബാംഗങ്ങള്‍ നീക്കം തടയാന്‍ ശ്രമിച്ചിരുന്നു. പൊലീസുകാരോടും അധികൃതരോടും കുടുംബാംഗങ്ങള്‍ തട്ടിക്കയറുകയും ചെയ്തു. പൊലീസിനെ കൂടാതെ ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി. ആറാലുംമൂട് സ്വദേശി ഗോപന്റെ (69) സമാധിസ്ഥലം സബ് കലക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിധ്യത്തിലാണു തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റും സ്ഥലത്തെത്തിയത്. ഇവര്‍ സ്ഥലം പരിശോധിക്കുന്നതിനിടെ ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളെത്തി. സമാധി പൊളിക്കേണ്ട കാര്യമില്ലെന്നും അതു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു. നേതാക്കള്‍ പ്രദേശവാസികളല്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. കല്ലറ പൊളിക്കണമെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടു. നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടെങ്കിലും ഇരുവിഭാഗക്കാരും സ്ഥലത്തു തുടരുകയാണ്. വലിയ പൊലീസ് സന്നാഹമാണു സ്ഥലത്തു ക്യാംപ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha