'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു
'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. 'ഹൃദയപൂര്‍വം' ഒരു ആരോഗ്യ പദ്ധതി മാത്രമല്ല, മാനുഷിക യാത്ര കൂടിയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു.കേരളത്തിലെ എന്റെ ആദ്യത്തെ പൊതു പരിപാടിയാണിത്. ഇതേക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ജീവിതത്തില്‍ എന്തെങ്കിലും നന്മ ചെയ്തിരിക്കണമെന്ന് 'ഹൃദയപൂര്‍വം' ഓര്‍മിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നു നടത്തുന്ന പദ്ധതിയാണ് 'ഹൃദയപൂര്‍വം' ഹൃദയാരോഗ്യം.
ഓരോ ഗ്രാമീണന്റെയും വാതില്‍ക്കല്‍ ആരോഗ്യ സൗകര്യങ്ങള്‍ എത്തിക്കാന്‍ ആകണമെന്നത് എന്റെ സ്വപ്നമാണ്. അതാണ് മലയാള മനോരമ ചെയ്യുന്നത്. സമൂഹത്തില്‍ ഒരു ഹൃദയപൂര്‍വം മതിയാവില്ല. അനേകം ഹൃദയപൂര്‍വം പദ്ധതികള്‍ ഉണ്ടാവണം. സമൂഹം എന്താവശ്യപ്പെടുന്നോ അതാണ് നമ്മള്‍ നല്‍കേണ്ടത്. പണ്ട് ഒരു വ്യക്തി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഉടന്‍ വിദേശത്തേക്ക് പോകുകയായിരുന്നു. ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഓരോ ഗ്രാമങ്ങളിലും മെച്ചപ്പെട്ട ചികിത്സ എത്തി. വികസിത ഭാരതമാണ് നമ്മുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മഹത്തായ ഒരു ലക്ഷ്യത്തിനായി സംഘടനകളും വ്യക്തികളും ഒന്നിച്ചു കൈകോര്‍ത്താല്‍ അദ്ഭുതം സൃഷ്ടിക്കാനാകും എന്നതിന്റെ തെളിവാണ് ഹൃദയപൂര്‍വം പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ.ടെസ്സി തോമസ് പറഞ്ഞു. മാധ്യമ സ്ഥാപനം എന്നതിലുപരി, സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവര്‍ക്കായി മലയാള മനോരമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്നുവെന്ന് എടുത്തു പറയേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹൃദയപൂര്‍വം പദ്ധതി തന്റെ പിതാവും മലയാള മനോരമ മുന്‍ ചീഫ് എഡിറ്ററുമായ കെ.എം. മാത്യു അത്രയേറെ ഹൃദയത്തോടു ചേര്‍ത്തു വച്ചതായിരുന്നുവെന്ന് മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
ഹൃദയപൂര്‍വം പദ്ധതിയുടെ രജത ജൂബിലി വേളയില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മദ്രാസ് മെഡിക്കല്‍ മിഷന്‍ വൈസ് പ്രസിഡന്റ് ജോസഫ് എബ്രഹാം പറഞ്ഞു. ചിലര്‍ക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം എന്നതില്‍നിന്ന്, എല്ലാവര്‍ക്കും പ്രാപ്യമായ ഒന്നായി ഹൃദയചികിത്സയെ 'ഹൃദയപൂര്‍വം' പദ്ധതി മാറ്റിയെന്നും ജോസഫ് എബ്രഹാം പറഞ്ഞു. 'ഹൃദയപൂര്‍വം @ 25' പോസ്റ്റല്‍ കവര്‍ പ്രകാശനം മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി നിര്‍വഹിച്ചു.
ഹൃദയപൂര്‍വം ഹൃദയ പരിശോധനാ ക്യാംപിന് നേതൃത്വം നല്‍കിയ മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശ്ശേരി, അഡല്‍റ്റ് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. വി.എം. കുര്യന്‍, പീഡിയാട്രിക് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. രവി അഗര്‍വാള്‍, പീഡിയാട്രിക് കാര്‍ഡിയോളജി കണ്‍സല്‍റ്റന്റ് ഡോ. ശ്രീജ പവിത്രന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. കെ.ശിവകുമാര്‍, ഹേര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. വിജിത് കോശി ചെറിയാന്‍, ഡോ. എസ്.രാജന്‍ എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ സംഘടിപ്പിച്ച ഹൃദ്രോഗ വിദഗ്ധരുടെ പാനല്‍ ചര്‍ച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 'കുട്ടികളില്‍ ജന്മനാലുള്ള ഹൃദയസംബന്ധമായ രോഗങ്ങളും ചികിത്സയും' എന്ന ചര്‍ച്ചയില്‍ മദ്രാസ് മെഡിക്കല്‍ കോളജ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ കെ.ശിവകുമാര്‍, ശ്രീജാ പവിത്രന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. രവി അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു. മനോരമ ന്യൂസ് അവതാരക ധന്യ കിരണ്‍ മോഡറേറ്ററായി. 'ചെറുപ്പക്കാരിലെ ഹൃദയാരോഗ്യം' എന്ന ചര്‍ച്ചയില്‍ മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി, അഡല്‍റ്റ് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ.വി.എം.കുര്യന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. വിജിത് കോശി ചെറിയാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എംഎംടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് മോഡറേറ്ററായി. മലയാള മനോരമ ഹൃദയപൂര്‍വം പദ്ധതിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രാസ് മെഡിക്കല്‍ കോളജിലെ പാരാ മെഡിക്കല്‍ ജീവനക്കാരെ മലയാള മനോരമ ഡയറക്ടറും ചീഫ് റസിഡന്റ് എഡിറ്ററുമായ ഹര്‍ഷ മാത്യു ആദരിച്ചു.
https://www.facebook.com/Malayalivartha