പൊളിക്കാന്‍ പാടുപെടും... ആരാരും അറിയാതിരുന്ന നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി മൂന്നാം നാള്‍ ലോക പ്രശസ്തനായി; ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കല്‍ നിയമ കുടുക്കിലേക്ക്
അരാരും അറിയാതിരുന്ന കുഗ്രാമത്തിലെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി വളരെപ്പെട്ടെന്ന് പ്രശസ്തനായി. ജീവന്‍ വെടിഞ്ഞ് മൂന്നാം നാള്‍ ഗോപന്‍ സ്വാമി ലോക പ്രശ്തനായി. ഇപ്പോള്‍ പൊളിക്കുമെന്ന് പറഞ്ഞ് വന്ന കല്ലറയില്‍ ആരും ഇതുവരെ തൊട്ടില്ല.
അഞ്ചാം നാളായ ഇന്നാണ് ട്വിസ്റ്റ്. കല്ലറ തുറക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. പോലീസ് എഫ്‌ഐആര്‍ ഇടുന്നതനുസരിച്ച് ഗോപന്‍ സ്വാമിയുടെ മക്കള്‍ ലോക പ്രശസ്തരാകും. അവര്‍ കുറ്റക്കാരാണോ സത്യസന്ധരാണോയെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകും. രണ്ട് വന്നാലും ഗോപന്‍ സ്വാമിയുടെ പ്രശസ്തി കൂടും.
നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപന്‍ എന്നയാളുടെ സമാധി കേസില്‍ അടിമുടി ദുരൂഹതയാണ് ആരോപിക്കുന്നത്. മരിച്ച ഗോപന്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്നു ബന്ധു പൊലീസിനു മൊഴി നല്‍കി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണു പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകന്‍ രാജസേനന്‍ പറഞ്ഞത്. മൊഴികളില്‍ വൈരുധ്യം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നു പൊലീസ് പറഞ്ഞു.
നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാനുള്ള പൊലീസ് ശ്രമത്തില്‍ സ്ഥലത്ത് ഇന്നലെ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. 'ഓം നമഃ ശിവായ' എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ സ്വാമിയുടെ വയോധികയായ ഭാര്യ പ്രതിഷേധിച്ചത്. 'പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. ഞങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂ'- മകന്‍ പറഞ്ഞു.
അതേസമയം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ' ദുരൂഹ സമാധി' കല്ലറ പൊളിക്കുമെന്ന് സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം ഇന്ന് എടുക്കുമെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇന്നലെ കല്ലറ പൊളിക്കാതിരുന്നത്. ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. സംഭവം മതപരമായ വിഷയമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം ഇന്നലെ കല്ലറ തുറക്കേണ്ടെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നടപടി. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ച കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചത്.
നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തില്‍ കുടുംബത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്നു പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുമാണു പൊലീസിന്റെ ആവശ്യം. നെയ്യാറ്റിന്‍കര ആറാലുമൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെന്നും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്‌തെന്നുമാണു കുടുംബാംഗങ്ങള്‍ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍, നടന്നതു കൊലപാതകമാണെന്നു നാട്ടുകാര്‍ ആരോപണം ഉയര്‍ത്തിയതോടെയാണു കല്ലറ തുറക്കാന്‍ പൊലീസ് തീരുമാനിച്ചത്.
https://www.facebook.com/Malayalivartha