ഗോപൻ സ്വാമി മരിച്ച ദിവസം രണ്ടുപേർ വീട്ടിൽ വന്നിരുന്നുവെന്ന് മക്കളുടെ മൊഴി; പോസ്റ്റർ അച്ചടിച്ചതിലും ദുരൂഹത... സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ
നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത ഉയരുകയാണ്. ഗോപൻ സ്വാമി മരിച്ച ദിവസം രണ്ടുപേർ വീട്ടിൽ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കൾ പറഞ്ഞിരുന്നത്. എന്നാൽ രണ്ടുപേർ രാവിലെ വന്ന് ഗോപൻ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകൻ മൊഴി നൽകിയിരിക്കുന്നത്. മക്കളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസം ഗോപൻ സ്വാമിയെ അടക്കിയ കല്ലറ പൊളിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധം മൂലം ഉദ്യോഗസ്ഥർക്ക് നിർത്തിവെക്കേണ്ടിവന്നിരുന്നു. ഇന്ന് പുതിയ തിയതി തീരുമാനിക്കും. സ്ഥലത്തെ ക്രമ സമാധാന പ്രശ്നങ്ങൾ മനസ്സിലാക്കി പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും ഇനി തിയതി നിശ്ചയിക്കുക. പലരും വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിൻ്റെ നിയമ വശങ്ങൾ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് കൂടി വന്നതിന് ശേഷമാവും തീരുമാനം എടുക്കുക.
ഏതൊരു സ്ഥലത്തും അസ്വാഭിക മരണം റിപ്പോർട്ട് ചെയ്‌താൽ എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ് ഇവിടെയും എടുത്തിട്ടുള്ളതെന്നും സബ് കളക്ടർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കല്ലറ പൊളിക്കാൻ തീരുമാനമായതോടെ തിങ്കളാഴ്ച നാട്ടുകാരും ഹൈന്ദവ സംഘടനാ പ്രവർത്തകരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകൾ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.
ഗോപൻ സ്വാമിയുടെ സമാധി പോസ്റ്റർ അച്ചടിച്ചതിലും ദുരൂഹതയെന്ന് പൊലീസ്. എവിടെ നിന്നാണ് പോസ്റ്റർ തയ്യാറാക്കിയതെന്നതിൽ മക്കൾ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റർ നേരത്തെ തന്നെ തയ്യാറാക്കിയതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമാധി തുറക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇന്നുണ്ടാവും. വീട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെ സമാധി പൊളിക്കുന്ന നടപടി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. സമാധി പൊളിക്കുന്നതിനെതിരെ കുടുംബവും ചില സംഘടനാ പ്രവർത്തകരും രംഗത്തുവരികയായിരുന്നു.
സമാധി പൊളിച്ച് വാസ്തവം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാരും സംഘടിച്ചു. ഇതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ സ്ഥലത്ത് അരങ്ങേറിയത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഗോപൻ സ്വാമിയുടെ കുടുംബം അറിയിക്കുന്നത്.ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11ഓടെ നടന്നുപോയി സമാധിസ്ഥലത്തെത്തി പത്മാസനത്തിൽ ഇരുന്ന് സമാധിയായെന്നാണ് ഇളയമകൻ രാജസേനൻ പറയുന്നത്. തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തി കോൺക്രീറ്റ് അറയിൽ അടച്ചു.
എന്നാൽ ഗോപൻ സ്വാമി കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി.ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതി പൊലീസിന് മുന്നിലുണ്ട്.വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചത്. ഇതോടെയാണ് സമാധിസ്ഥലം പൊളിക്കാൻ കളക്ടർ ഉത്തരവിട്ടത്. പൊളിക്കാൻ കഴിയാതെ സബ്കളക്ടർ മടങ്ങിയതോടെ ദുരൂഹതയും തുടരുകയാണ്.
സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് തന്നെയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ ആവർത്തിക്കുന്നത്. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും ഗോപൻ സ്വാമിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. സമാധി പോസ്റ്റർ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ് പ്രിൻ്റ് എടുത്തതെന്നും ഗോപൻ സ്വാമിയുടെ മകൻ പറഞ്ഞു. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തിയിരുന്നു. ഇതുവരെ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും സനന്ദൻ കൂട്ടിച്ചേര്‍ത്തു.
'ദുരൂഹ സമാധി' രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha