പൊങ്കല്‍ ആഘോഷത്തിനൊരുങ്ങി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളും...
പൊങ്കല്‍ ആഘോഷത്തിനൊരുങ്ങി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളും. തമിഴ്‌നാട്ടിലുള്ള അതേ പ്രാധാന്യത്തോടെ തന്നെയാണ് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളും പൊങ്കലിനെ വരവേല്‍ക്കുന്നത്. തൈപൊങ്കല്‍ പ്രമാണിച്ച് ചൊവ്വാഴ്ച ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയാണ്.
തമിഴ് കലണ്ടറിലെ മാര്‍ഗഴി മാസം കഴിഞ്ഞ് തൈമാസം പിറക്കുന്നതോടെയാണ് പൊങ്കല്‍ ആഘോഷം തുടങ്ങുന്നത്. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മപെടുത്തല്‍ കൂടിയാണ് പൊങ്കല്‍. വീട്ടുപ്പൊങ്കല്‍(ബോഗി), തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിങ്ങനെ നാലുദിവസങ്ങളിലായി വ്യത്യസ്ത രീതിയിലാണ് പൊങ്കല്‍ ആഘോഷം നടക്കുക.
ആദ്യദിവസത്തെ ആഘോഷം തിങ്കളാഴ്ച, മാര്‍ഗഴിയുടെ അവസാന ദിവസം നടന്നു. പ്രധാന ആഘോഷമായ തൈപൊങ്കല്‍ തൈ മാസം ഒന്നാം തീയതിയാണ് ആഘോഷിക്കുക.
വീടുകളില്‍ പൊങ്കല്‍ വെച്ചു വിളമ്പിയും മുറ്റത്ത് വര്‍ണാഭമായ കോലം വരച്ചും പ്രത്യേക പൂജകള്‍ നടത്തിയുമാണ് ആഘോഷം. വീടിനു പുറത്ത് അടുപ്പുകൂട്ടിയാണ് പൊങ്കല്‍ തയ്യാറാക്കുക. മൂന്നാം ദിനമായ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് മഞ്ഞളും മറ്റും ഉപയോഗിച്ച് കുറി വരച്ച് പൂജിക്കുന്നതാണ്.
കര്‍ഷകര്‍ക്ക് ഈ ദിവസം പ്രധാനമാണ്. നാലാംദിനമായ കാണുംപൊങ്കലിന് ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടി സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും.
ജീവിതോപാധികളായ കാര്‍ഷിക മേഖലയിലും കന്നുകാലി വളര്‍ത്തലിലും അഭിവൃദ്ധിയുണ്ടാകുന്നതിനായിട്ടാണ് പൊങ്കല്‍ ദിനങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്തുന്നത്.
https://www.facebook.com/Malayalivartha