അച്ഛന്റെ കൈ പിടിച്ചപ്പോള്‍ കനം വെച്ചിരുന്നു; മൂക്കില്‍ ശ്വാസം ഉണ്ടായിരുന്നില്ല... സമാധിയായി ഇരുന്ന സ്ഥലത്ത് നിന്നും അനക്കിയില്ല, ചുടുകല്ല് കൊണ്ട് ചുറ്റും കെട്ടി: | ഗോപന്‍സ്വാമി മരുത്വാമലയിലെ ആശ്രമത്തിലും ഗുഹയിലും ധ്യാനമിരുന്നു: വിശദീകരണവുമായി കുടുംബം...
നെയ്യാറ്റിൻകര സമാധി കേസിൽ അടിമുടി ദുരൂഹത ഉയരുമ്പോൾ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് വരികയാണ് കുടുംബം. തങ്ങള്‍ പറയുന്നത് സത്യമാണെന്നും സമാധി പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയും മകന്‍ സനന്ദനും പറഞ്ഞു. സമാധിയാവുന്ന കാര്യം മൂന്ന് ദിവസം മുമ്പ് അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. പ്രായത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളേ അച്ഛനുണ്ടായിരുന്നുള്ളൂ. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിട്ടുള്ളയാളാണ് അച്ഛന്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമാധിക്കാവശ്യമായ സാമഗ്രികള്‍ അച്ഛന്‍ തയ്യാറാക്കി വെച്ചിരുന്നു.
പത്മാസനത്തിലിരിക്കുന്ന പീഠവും കരിങ്കല്ലില്‍ തീര്‍ത്ത സ്ലാബും തയ്യാറാക്കിവെച്ചിരുന്നു. സമാധിയാവുമ്പോള്‍ ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നു. അച്ഛന്‍ സമാധിയായെന്ന് അനുജനാണ് വിളിച്ച് പറഞ്ഞത്. ജോലിസ്ഥലത്ത് നിന്ന് എത്തുകയായിരുന്നു. അച്ഛന്റെ കൈ പിടിച്ചപ്പോള്‍ കനം വെച്ചിരുന്നു. മൂക്കില്‍ ശ്വാസം ഉണ്ടായിരുന്നില്ല. സമാധിയായി ഇരുന്ന സ്ഥലത്ത് നിന്നും അച്ഛനെ അനക്കിയില്ല. ചുടുകല്ല് കൊണ്ട് ചുറ്റും കെട്ടി കര്‍മ്മങ്ങള്‍ ചെയ്തത് ഞങ്ങള്‍ രണ്ട് മക്കളാണ്. രാത്രിയാണ് സ്ലാബ് കെട്ടലും കര്‍മ്മങ്ങളും പൂര്‍ത്തിയായത്. പിറ്റേ ദിവസം രാവിലെ സമാധിയില്‍ വിളക്ക് കത്തിച്ചതിന് ശേഷമാണ് വിവരം എല്ലാവരെയും അറിയിച്ചതെന്ന് മകൻ സനന്ദൻ പറഞ്ഞു.
നിവര്‍ന്നിരുന്ന് മൂക്കുപൊത്തി ശ്വാസം പിടിച്ചിരിക്കുന്ന ഗോപന്‍ സ്വാമിയെയാണ് താന്‍ കണ്ടതെന്ന് ഭാര്യ സുലോചനയും പറഞ്ഞു. സമാധിയുമായി ബന്ധപ്പെട്ട് സത്യമാണ് തങ്ങള്‍ പറയുന്നത്. സമാധിയായാല്‍ ശരീരം മറിഞ്ഞുവീഴില്ല. പതിനൊന്നേ കാലോടുകൂടിയാണ് സമാധിയായത് കണ്ടത്. പന്ത്രണ്ടു മണിയോടെ മകന്‍ സനന്ദന്‍ വന്നു. ഗോപന്‍സ്വാമി മരുത്വാമലയിലെ ആശ്രമത്തിലും ഗുഹയിലും ധ്യാനത്തിലിരിക്കുമായിരുന്നു. ഒരാഴ്ചയായി ആഹാരം കുറച്ചിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല. മരുന്ന് കഴിക്കുമായിരുന്നുവെന്നും ഭാര്യ സുലോചന കൂട്ടിച്ചേര്‍ത്തു.
സമാധിയിലൂടെ വിവാദമായ അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായാണ്. പിന്നീട് ചുമട്ടുതൊഴിലാളിയുമായി. ആത്മീയതയുടെ വഴിയിലായതോടെയാണ് ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയത്. ഗോപൻസ്വാമി സമാധിയിരിക്കാനായി അഞ്ചുവർഷം മുൻപാണ് പദ്മപീഠം നിർമിച്ചത്. ഗോപൻസ്വാമിയാകുന്നതിനു മുൻപ് മണിയനെന്ന പേരായിരുന്നു. പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് നെയ്ത്തുതൊഴിൽ ചെയ്തത്. പിന്നീട് ചുമട്ടുതൊഴിലാളിയുമായി. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു.
ആറാലുംമൂട്ടിൽ ബി.എം.എസ്. യൂണിയനിലായിരുന്നു. നേരത്തേ എ.ഐ.ടി.യു.സി. യൂണിയനിലായിരുന്നു. ആറാലുംമൂട് ചന്തയ്ക്കു സമീപമായിരുന്നു താമസിച്ചിരുന്നത്. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെച്ച് താമസമാക്കിയത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചത്. ക്ഷേത്രത്തിനു പുറത്തായി അഞ്ച് വർഷം മുൻപ് സമാധിപീഠവും ഒരുക്കിയിരുന്നു.
ഗോപൻസ്വാമിയുടെ മൂത്ത മകൻ നേരത്തേ മരിച്ചു. പിന്നെയുള്ള രണ്ട് ആൺമക്കളിൽ ഇളയവനായ രാജശേഖരൻ അച്ഛനൊപ്പം പൂജകളിൽ പങ്കാളിയായി. രക്താധിസമ്മർദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ഗോപൻസ്വാമി തുടർന്നത്. ഏതാനും മാസങ്ങളായി ഗോപൻസ്വാമി പുറത്തിറങ്ങാനാവാതെ കിടപ്പിലായിരുന്നു. സമാധിയാകുന്നതിന് മൂന്നുദിവസം മുൻപ് ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്നു. അച്ഛൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛൻ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നെന്നും പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞു.
അതേസമയം നെയ്യാറ്റിന്‍കര സമാധി കേസില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്. മക്കളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha