സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി, പാർട്ടി സമ്മേളനത്തിൽ നിന്നും പുറത്തായി.... അതിനുള്ള ദൗർഭാഗ്യം ഉണ്ടായത് എം.വി.ഗോവിന്ദനാണ്.... പുറത്താക്കിയത് പിണറായി വിജയനും...
സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി പാർട്ടി സമ്മേളനത്തിൽ നിന്നും പുറത്തായി. അതിനുള്ള ദൗർഭാഗ്യം ഉണ്ടായത് എം.വി.ഗോവിന്ദനാണ്. പുറത്താക്കിയത് സി.പി എം എന്ന സംഘടനയുടെ ഉള്ള കം കാണാപാഠമായ പിണറായി വിജയനും.ആലപ്പുഴയിലെ സമ്മേളനത്തിലാണ് ഇത്തരം ഒരവസ്ഥ ഉണ്ടായത്. ആലപ്പുഴയിലെ വിഭാഗീയതയിൽ താൻ കളത്തിന് പുറത്താകുമെന്ന് മനസിലാക്കിയാണ് പിണറായി രംഗത്തെത്തുകയും ഗോവിന്ദനെ പുറത്താക്കി സമ്മേളനത്തിന്റെ ചുക്കാൻ കൈയിലെടുക്കുകയും ചെയ്തത്.ഇത് ഗോവിന്ദനുള്ള മുന്നറിയിപ്പായിരുന്നു. എന്നാൽ ഗോവിന്ദനാകട്ടെ ഒരു ആശങ്കയുമില്ലാതെ പിണറായി വിരുദ്ധരുടെ കൂട്ടായ്മയുണ്ടാക്കി ഭാവിയെ നേരിടാൻ ഇറങ്ങുകയാണ്. ആലപ്പുഴയിലെ സമ്മേളനത്തിൽ നിന്നും ബഹിഷ്ക്കരിക്കുക വഴി താൻ പിണറായിയെ ഭയക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകുകയും ചെയ്തു.
സി.പി. എമ്മിൽ സംഭവിക്കുന്നത് പതിവിലും വിപരീതമായ സംഭവങ്ങളാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ബഹിഷ്‌കരിച്ചത് വാർത്തയായിരുന്നു. . സെമിനാറില്‍ മാത്രം പങ്കെടുത്ത് ഗോവിന്ദന്‍ ജില്ല വിട്ടു. മൂന്നു ദിവസത്തെ ജില്ലാ സമ്മേളനം പിണറായി മയമായിരുന്നു. ഗോവിന്ദന്‍ കാഴ്ചക്കാരന്‍ മാത്രമായി. മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ ഗോവിന്ദന്റെ ആഹ്ലാദം വാനോളം ഉയർന്നു.സമ്മേളനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിബി അംഗമായ പിണറായി വിജയന്‍ കൈയടക്കി. ഉദ്ഘാടനവും പ്രതിനിധികളോടുള്ള ആമുഖ പ്രസംഗവും നിര്‍വഹിച്ചത് പിണറായി വിജയനായിരുന്നു.
സമ്മേളനത്തിന്റെ സമാപനമായി നടത്തിയ പൊതുസമ്മേളനം കൂടി പിണറായി ഉദ്ഘാടനം ചെയ്തതോടെ സംസ്ഥാന സെക്രട്ടറിക്ക് യാതൊരു റോളുമില്ലാതായി. ഈ സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും പൊതുവേദിയില്‍ ആശംസ പോലും അര്‍പ്പിക്കാതെ സംസ്ഥാന സെക്രട്ടറി സ്ഥലം വിട്ടത്.ഗോവിന്ദനെ കാഴ്ചക്കാരനാക്കിയാണ് പിണറായി സമ്മേളനം കൈപ്പിടിയിലാക്കിയത്. സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി സജി ചെറിയാന്‍ പക്ഷം സമഗ്ര ആധിപത്യം നേടിയെങ്കിലും, ആര്‍. നാസറിനെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചു.മൂന്ന് ദിവസവും പൂര്‍ണമായി പങ്കെടുത്താണ് പിണറായി സമ്മേളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ഔദ്യോഗിക പക്ഷത്ത് ഭിന്നത രൂക്ഷമായി തുടരുന്നത് പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനാണ് മുഖ്യമന്ത്രി ആദ്യന്തം തുടര്‍ന്നത്.
ഉദ്ഘാടനവും, സമാപനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനവും പിണറായി വിജയനാണ് നടത്തിയത്. പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിനിധികള്‍ ധൈര്യം കാണിച്ചതുമില്ല.വിമര്‍ശനങ്ങള്‍ തീരെ കുറവായിരുന്നതിനാല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ വിചാരിച്ചതിലും മണിക്കൂറുകള്‍ക്ക് മുന്‍പ് അവസാനിച്ചു. ചര്‍ച്ചകളെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ചര്‍ച്ചകള്‍ ക്രിയാത്മകമായി. മുന്‍പത്തെ സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമാണ്, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കായംകുളം എംഎല്‍എ യു. പ്രതിഭയെയും മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാറിനെയും ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അതേസമയം, അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരാണ് എംഎല്‍എമാരെ കൂടാതെ ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടം നേടിയത്. കെ. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, പി. അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍, എന്‍. ശിവദാസന്‍ എന്നിവരാണ് പുറത്തായത്.പാർട്ടിക്കുമേലെയൊന്നും ആരും വളരില്ല. പാർട്ടിയുടെ ഭാഗമാവാതെ പാർട്ടിക്കപ്പുറം കടക്കാൻ ഒരാൾക്കും സാധിക്കില്ല.' -സി.പി.എം. സംസ്ഥാനകമ്മിറ്റിക്കുശേഷമുള്ള പത്രസമ്മേളനത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഈ മറുപടിയിൽ സന്ദേശം വ്യക്തമായിരുന്നു. ചോദ്യം അൻവറിനെക്കുറിച്ചായിരുന്നു. പക്ഷേ, മറുപടിയിലെ ഉന്നം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.
കണ്ണൂരിലെ ഒരു കൂട്ടം നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ എം.വി. ഗോവിന്ദനുണ്ട്. തന്നെ പിണറായിയുടെ ഓഫീസിലെ ശുദ്ധീകരണത്തിന് ഇറക്കിവിട്ടത് സി.പി. എമ്മിലെ ചില പ്രമുഖ നേതാക്കളാണെന്ന അൻവറിന്റെ പരസ്യ പ്രസ്താവനയെ ഇതുമായി കൂട്ടി വായിക്കണം. പി. ജയരാജനെയാണ് അൻവർ ഉദ്ദേശിച്ചതെന്ന് കരക്കമ്പിയുണ്ട്.പിവി അന്‍വര്‍ എംഎല്‍എ നടത്തുന്നത് ഗുരുതരമായ വഴി തെറ്റിക്കലാണെന്നും വലതു പക്ഷത്തിന്റെ നാവായി അന്‍വര്‍ മാറിയെന്നും സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞെങ്കിലും ജയരാജന്റെ ഗൾഫ് യാത്രയുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഒഴിഞ്ഞിട്ടില്ല. ഇതാണ് പി. ജയരാജൻ പറഞ്ഞത്.കഴിഞ്ഞവര്‍ഷമാണ് ഞാന്‍ ഗള്‍ഫില്‍ പോയത്. അന്‍വറിനെ കണ്ടിട്ടില്ല. അന്‍വറിന് പിന്നില്‍ താന്‍ ആണെന്നുള്ളത് കള്ളപ്രചരണമാണ്. പാര്‍ട്ടി സമ്മേളനങ്ങളെ ലക്ഷ്യമിട്ടാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് സംശയം.
ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിന് താന്‍ മാത്രമല്ല എംഎം മണി അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ ഒരു നേതാവ് ഗള്‍ഫില്‍ ചില കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് അന്‍വറിന്റെ കടന്നാക്രമണം എന്ന തരത്തില്‍ സിപിഎമ്മിനുള്ളില്‍ പ്രചരണമുണ്ടായിരുന്നു. ഒരു സംസ്ഥാന സമിതി നേതാവിനെതിരെയാണ് ഈ ആരോപണം എന്നതായിരുന്നു വാര്‍ത്ത.ഈ സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം ശ്രദ്ധേയമായത്. ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിലും ഈ സംസ്ഥാന സമിതി നേതാവിനെതിരെ വിമര്‍ശനമുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഗള്‍ഫിലേക്ക് പോയ നേതാവിന്റെ കേക്ക് മുറിക്കുന്ന ചിത്രങ്ങളെ കുറിച്ചും വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഇതിനിടെയാണ് അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് രംഗത്ത് എത്തുന്നത്. പിന്നാലെ തന്നെ അന്‍വറിനെ ജയരാജന്‍ തള്ളി പറഞ്ഞു.. അതും അതിരൂക്ഷമായി. ഇതിനൊപ്പമാണ് തന്റെ ഗള്‍ഫ് യാത്രയ്ക്കും അന്‍വറുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ പറഞ്ഞു വയ്ക്കുന്നത്. ഇടുക്കി റിസോര്‍ട്ടുമായി ബന്ധപ്പെട്ടും തന്നെ ആര്‍ക്കും തളയ്ക്കാന്‍ കഴിയില്ലെന്ന് പറയാന്‍ കൂടിയാണ് എംഎം മണിയുടെ സാന്നിധ്യവും ചര്‍ച്ചയാക്കുന്നത്.ചില പ്രവാസി സാംസ്‌കാരിക സംഘടനകളുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തത്. ചില വ്യവസായ സംരഭകരും മറ്റു മറ്റു ചിലപാര്‍ട്ടി നേതാക്കളും അവിടെയുണ്ടായിരുന്നു. എന്നാല്‍ ദുബായിയില്‍ നടന്ന പരിപാടികളില്‍ അവിടെയൊന്നും അന്‍വറിനെ കണ്ടിട്ടില്ല. ദുബായിയില്‍ നിന്നതും മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജന്‍ പറഞ്ഞു.
എങ്ങനെയാണ് സി.പി.എം ഇന്നത്തെ അവസ്ഥയിലെത്തിയത് ?കണ്ണൂർ രാഷ്ട്രീയത്തെ നിയന്ത്രിച്ച മൂവർ സംഘമാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും. ലോകത്തെ പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇത്തരം സംഘങ്ങളുണ്ടായിരുന്നു. ഉദാഹരണമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നത് നാൽവർ സംഘമായിരുന്നു.പാർട്ടിയിൽ ആരാലും ചോദ്യം ചെയ്യാത്ത സർവ സൈന്യാധിപന്മാരായിരുന്നു ഇവർ. പാർട്ടിക്കു വേണ്ടി ത്യാഗം സഹിക്കാൻ മുന്നിട്ടിറങ്ങിയ നേതാക്കൾ. പാർട്ടിയിൽ വിഭാഗീയ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഒന്നിച്ചുനിന്ന് എതിർത്ത പോരാളികൾ. അതിൽ പിണറായിക്ക് ഇടവും വലവും നിന്ന് പടനയിച്ചവരിൽ പ്രധാനിയാണ് ഇ.പി ജയരാജൻ. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിക്ക് പുറത്തേക്കുള്ള വഴിതുറന്നത് സി.പി.എമ്മിന്റെ കണ്ണൂർ കോട്ടയിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല.
പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് മൂവർ സംഘം വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തിയത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയാകെ ഇവർ ജീവിതം കൊണ്ട് തിരസ്കരിച്ചുവെങ്കിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചാണ് ചോദ്യങ്ങൾക്ക് മറുപടികൾ നൽകിയത്. പിണറായിയും കോടിയേരിയും ജയരാജനും സഹോദരങ്ങളെപ്പോലെ പ്രവർത്തിച്ചു. പാർട്ടിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളെയും സംഘബലം കൊണ്ട് പ്രതിരോധിച്ചു.സി.എം.പിക്കും എം.വി. രാഘവനും എതിരായ യുദ്ധത്തിൽ അടർക്കളത്തിൽ ഇറങ്ങി പോരാടിയാണ് ഇവർ കണ്ണൂരിൽ നിലയുറപ്പിച്ചത്. അതിൽ മൂവരും ഒറ്റക്കെട്ടായിരുന്നു. രാഘവനെ പുറത്താക്കിയും സി.എം.പിയെ തൂത്തെറിഞ്ഞും പാർട്ടിയിൽ ശുദ്ധികലശം നടത്തി. സി.ഐ.ടി.യു വിഭാഗവും വി.എസും തമ്മിലുണ്ടായ വടംവലിയിൽ വി.എസിന് ഒപ്പം നിന്നു. വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ് വിമർശനം ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ തന്ത്രങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കണ്ണൂർപ്പടക്ക് കഴിഞ്ഞു. ഇ.പി കേരളം മുഴുവൻ സഞ്ചരിച്ചാണ് വി.എസിനോടൊപ്പം നിന്ന നേതാക്കളെ മറുകണ്ടം ചാടിച്ചത്.
അങ്ങനെ പിണറായി വിജയന് പാർട്ടി പിടിച്ചു കൊടുത്ത് നേതാവാണ് ഇ.പി.പാർട്ടിയിൽ വി.എസ് ക്രമേണ ഒറ്റപ്പെട്ടു. വി.എസിന് ഒപ്പം നിന്നവരിൽ പലർക്കും അധികാരസ്ഥാനങ്ങൾ പങ്കുവെച്ചു. പുത്തൻ പണക്കാരുമായുള്ള സൗഹൃദം പുതിയ കാലത്തെ പാർട്ടി വികസനത്തിന് ആവശ്യമാണെന്ന് വ്യക്തമാക്കി. ലോകം മാറുമ്പോൾ കട്ടൻചായയും പരിപ്പുവടയും അല്ല സഖാക്കൾ കഴിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തി. പാർട്ടി സംവിധാനത്തെ അടിമുടി പുതുക്കി പണിതു. മുവർ സംഘം പാർട്ടി ഹെഡ് ക്വാട്ടേഴ്സിന്റെ ആധിപന്മാരായി. പാർട്ടിയിൽ വലതുപക്ഷ വ്യതിയാനം ആരോപിച്ച ടി.പി ചന്ദ്രശേഖരന്റെ തല പൂക്കുല പോലെ തെറിച്ചു. അത് വിമർശനമുയർത്തുന്ന സഖാക്കൾക്ക് പാഠമായി. ഉൾപാർട്ടി ജനാധിപത്യം ഉൾക്കരുത്താക്കി. വി.എസ് വെറുക്കപ്പെട്ടവർ എന്ന് മുദ്രകുത്തിയവർക്കൊക്കെ പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനം ലഭിച്ചു.
പ്രത്യയശാസ്ത്രം പഠിച്ചും പഠിപ്പിച്ചും പോന്ന രാഷ്ട്രീയ നേതാക്കളൊക്കെ മൂലയിൽ ആയി. അധികാരം പങ്കുവെക്കുന്നതിന് പുതിയ സമവാക്യങ്ങൾ ഉണ്ടാക്കി. പ്രായോഗികമായി അധികാരം എങ്ങനെ നിലനിർത്താം എന്നാലോചിച്ചു. സ്വകാര്യ സ്വത്ത് സംവാദത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല. ഏതെങ്കിലും ഒരു നേതാവിനെതിരെ ആരോപണം ഉയരുമ്പോൾ മറ്റുള്ളവർ സംഘം ചേർന്ന് പ്രതിരോധിച്ചു. നേതാക്കന്മാരുടെ മക്കൾക്ക് പണ സമ്പാദനത്തിന് പുതുവഴി വെട്ടുന്നതിനെ ന്യായീകരിച്ചു. ദല്ലാളുമാരുമായി സൗഹൃദത്തിലായി. ബൂർഷ്വാ പത്രങ്ങളും വലതുപക്ഷ പാർട്ടികളും ഉന്നയിക്കുന്നതെന്തും പച്ചക്കള്ളം എന്ന് വ്യാഖ്യാനിച്ചു.ഒടുവിൽ ഇ.പി ജയരാജനെ സംരക്ഷിക്കാൻ പിണറായിക്കും കഴിഞ്ഞില്ല. അടുത്ത സമ്മേളനത്തോടെ സി.പി.എം നേതൃത്വത്തിൽ തലമുറ മാറ്റം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തലമുറമാറ്റത്തിനായുള്ള പൊട്ടിത്തെറികളാണ് തുടങ്ങിയിരിക്കുന്നത്. കണ്ണൂരിൽ പൊട്ടിത്തെറി തുടങ്ങി. ജയരാജൻ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല. എന്നാൽ ജാഗ്രതക്കുറവിൽ അടിതെറ്റി.
കണ്ണൂർകോട്ടയുടെ ആധിപത്യത്തിന് വിള്ളൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇ.പിയുടെ വീഴ്ച. കോടിയേരി മരിച്ചതോടെ കളത്തിൽ പിണറായി ഒറ്റയ്ക്കായി.ഇവിടെയാണ് പി. ജയരാജന്റെ ആദർശ വഴിയിലൂടെ സഞ്ചരിക്കുന്ന എം.വി. ഗോവിന്ദന്റെ പ്രസക്തി. പാർട്ടി വലതു പക്ഷ വ്യതിയാനത്തിന്റെ നീരാളി പിടുത്തത്തിലായപ്പോൾ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് മടങ്ങി കൊണ്ടുവരാനാണ് എം.വി.ഗോവിന്ദൻ ശ്രമിക്കുന്നത്. ഇത് പിണറായിയുടെ ലൈനിന് വിരുദ്ധമാണ്. ഗോവിന്ദന്റെ നീക്കങ്ങൾ തന്റെ തലയ്ക്ക് മണ്ടയിലൂടെയാണെന്ന് പിണറായിക്കറിയാം. പക്ഷേ അത് നിയന്ത്രിക്കാൻ പിണറായിക്ക് കഴിയില്ല.കാരണം പോരാട്ടത്തിൽ പിണറായി ഒറ്റയ്ക്കാണ്. പാർട്ടി സമ്മേളനങ്ങളിൽ പിണറായിക്കെതിരെ ശക്തമായ ആക്ഷേപങ്ങളാണ് ഉയർന്നത്. പ്രതിനിധികൾ ആഞ്ഞടിച്ചു.
ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ രംഗത്തെത്തിയിട്ടും പാർട്ടിക്ക് മിണ്ടാട്ടമുണ്ടായില്ല. അതായത് പ്രവർത്തകർ തന്നെ പാർട്ടിയെ തിരുത്തുകയാണ്. ഇത്തരം തിരുത്തലുകൾക്കാണ് ഇനി കാലമെന്ന് ഗോവിന്ദൻ വിശ്വസിക്കുന്നു. അതാണ് പി. ജയരാജനും ചെയ്തു കൊണ്ടിരിക്കുന്നത്.എം വി ഗോവിന്ദൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്നാണ് തലസ്ഥാനത്തെ വനിതാ നേതാവ് തുറന്നടിച്ചത്.. കരുത്തനായ മന്ത്രിയുണ്ടായിട്ടും പൊതുവിഭ്യാഭ്യാസ ഡയറക്ടരുടെ ഭരണമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെതിരായ വിമര്‍ശനം.സര്‍ക്കാര്‍ ശൈലിയും വകുപ്പുകളുടെ പ്രവര്‍ത്തനവും സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയരുന്നത്. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ പ്രതിനിധികൾ ആഞ്ഞടിച്ചു. പൊലീസിന്‍റെ പ്രവര്‍ത്തന രീതിക്കെതിരായ വിമര്‍ശനത്തിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിക്കും പരിഹാസം. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണം സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്.
പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കുെതിരെയുള്ള കേസുകളിൽ നടപടിയില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു എന്ന് കൂടി വിമര്‍ശിച്ച വനിതാ പ്രതിനിധി, നിശ്ചിത പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും ചോദിച്ചു. കെഎസ്ടിഎ അടക്കം ഇടത് അധ്യാപക സംഘടനകളുടെ അതിരൂക്ഷ എതിര്‍പ്പിന് പിന്നാലെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചെയ്തികളിൽ സംഘടനാ സമ്മേളനത്തിലും ചര്‍ച്ചയായത്. കരുത്തനായ മന്ത്രി ഉണ്ടായിട്ട് പോലും ഉദ്യോഗസ്ഥ ഭരണത്തിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് വി ശിവൻകുട്ടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു.
ആരോഗ്യ തദ്ദേശ ഭരണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ധനവകുപ്പിന് പിടിപ്പുകേടെന്ന ആക്ഷേപവും എല്ലാം പ്രതിനിധികൾ ചര്‍ച്ചയിലുന്നയിക്കുന്നുണ്ട്. പാർട്ടിയിൽ ഇന്ന് നഷ്ടമായി കൊണ്ടിരിക്കുന്ന ആദർശത്തെ തിരികെ പിടിക്കാനുള്ള ശ്രമങ്ങളാണ് ഗോവിന്ദൻ നടത്തുന്നത്. ഗോവിന്ദനെതിരെ ആരും വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നില്ല. അതിനാൽ പാർട്ടിയുടെ ഭാവി തന്റെ കൈയിൽ സുരക്ഷിതമാണെന്ന് ഗോവിന്ദനറിയാം.പാർട്ടിക്കുള്ളിൽ നിന്നുതന്നെ തനിക്കെതിരെ നീക്കങ്ങൾ ശക്തമാകുന്നതിൽ ഉത്കണ്ഠാകുലനാണ് പിണറായി.എം.വി. ഗോവിന്ദന്റെ മോഹങ്ങളെ കുറിച്ച് പിണറായിക്ക് നന്നായറിയാം. കേന്ദ്ര കമ്മിറ്റിയുടെ താൽപ്പര്യം സർക്കാരിന്റെ പൂർണമായ അഴിച്ചുപണിയാണ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി മാറുകയുമില്ല മാറ്റാൻ ധൈര്യവുമില്ല. മുണ്ടു മുറുക്കി കെട്ടാൻ നിർബന്ധിതനായ ബാലഗോപാലിനെ പോലുള്ളവരുടെ തലയിൽ സർക്കാരിന്റെ പരാജയം മുഴുവൻ ചാരാനുള്ള ശ്രമമാണ് നടക്കുന്നത്.
അതിനിടെ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു.തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വിമർശനങ്ങളുടെ പേരിൽ സിപിഎമ്മിൽ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ പുറത്തുവരുന്നതും സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ചു കമ്മിറ്റികളിൽ പങ്കെടുക്കുന്ന നേതാക്കളിൽ ചിലർ വിമർശനങ്ങളെ വേണ്ടവിധം എതിർക്കാത്തതും യാദൃച്ഛികമല്ലെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കൾ പങ്കുവച്ചു തുടങ്ങി.എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതും സി പി എം സംസ്ഥാന നേതാക്കളാണെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയിക്കുന്നു. ഇതിൽ ശരി തീർത്തും ഇല്ലാതില്ല.
പിണറായി വിജയനെതിരെ ബോധപൂർവമായ നീക്കം പാർട്ടിയിൽ നടക്കുന്നുവെന്ന സംശയം ഒരു വിഭാഗം നേതാക്കൾക്കുണ്ട് . ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടിവന്നതിന്റെ കാരണങ്ങളിൽ പ്രധാനം ഭരണവിരുദ്ധ വികാരമാണെന്ന് കേന്ദ്ര–സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതിന്റെ പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഏരിയ കമ്മിറ്റി യോഗങ്ങളിലും കടുത്ത ആക്ഷേപങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഉയരുന്നത്.ഈ വിമർശനങ്ങൾ ആസൂത്രിതമാണെന്ന ആക്ഷേപം മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർക്കില്ല. എന്നാൽ, പാർട്ടി–ഭരണ നേതൃത്വങ്ങൾക്കെതിരെ കൂട്ടായ വിമർശനം ഉയരുന്ന യോഗങ്ങളിൽനിന്നു പുറത്തുവരുന്ന വാർത്തകൾ പിണറായിക്കെതിരെ മാത്രം ഉള്ളതാണെന്നത് അവരെ അലോസരപ്പെടുത്തുന്നു.
ആക്ഷേപങ്ങൾ നിയന്ത്രിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ചില നേതാക്കൾ പ്രകടിപ്പിക്കുന്നു എന്ന വിലയിരുത്തലുമുണ്ട്.ധനമന്ത്രി ബാലഗോപാലിനും മന്ത്രി വീണാ ജോർജിനുമൊക്കെ എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും അതൊന്നും പുറത്തു വരുന്നില്ല. പിണറായിക്കെതിരെയുള്ള ആരോപണങ്ങൾ മാത്രമാണ് പുറത്തു വരുന്നത്. ഇതാണ് പിണറായിക്ക് സംശയം ഉണ്ടാകാൻ കാരണം. അന്ത്യഅത്താഴത്തിന്റെ മാതൃകയിൽ തന്നെ ആരെങ്കിലും ചതിക്കുന്നുണ്ടോ എന്ന സംശയം പിണറായിക്കുണ്ട്.ഒന്നും രണ്ടും പിണറായി സർക്കാരുകൾക്കായി സംസ്ഥാന കമ്മിറ്റി മാർഗരേഖ തയാറാക്കിയിരുന്നെങ്കിലും അതിലെ നിർദേശങ്ങൾ നടപ്പിലാക്കിയില്ലെന്നു കൂടി വിലയിരുത്തിയാണ് പുതിയ മാർഗരേഖ സെക്രട്ടേറിയറ്റ് തയാറാക്കുന്നത്.
ആദ്യ മന്ത്രിസഭയുടെ കാലത്ത് കോടിയേരിയും പിന്നീട് എം.വി. ഗോവിന്ദനുമാണ് പാർട്ടിയെ നയിച്ചത്. ഇരുവരും പിണറായി ദാസൻമാരായിരുന്നു. എന്നാൽ ഇന്ന് കോടിയേരിയില്ല. യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കാണ്. ഗോവിന്ദനിൽ നിന്നും കാര്യമായ സഹായം ലഭിക്കുന്നുമില്ല. ഇത് പിണറായിയെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടം ആണ്. ഈ പോരാട്ടത്തിൽ തോൽക്കാൻ പിണറായി തയാറല്ല. അവസാനം വരെ പിടിച്ചുനിർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മറ്റ് നേതാക്കൾക്കെതിരെ കൃത്യമായ വിവരങ്ങൾ പിണറായിക്ക് ശേഖരിച്ച് നൽകിയിരുന്നത് എം. ആർ. അജിത് കുമാറായിരുന്നു. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കേണ്ടി വന്നതും ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ഇംഗിതമായിരുന്നു.ഗോവിന്ദന്റെ ഇപ്പോഴത്തെ മൗനത്തിന് ഒരു പാട് മാനങ്ങളുണ്ട്. ഒരു കൂട്ടം നേതാക്കളുടെ സഹായത്തോടെ ഗോവിന്ദൻ മാഷ് പിണറായിയെ വെട്ടി വീഴ്ത്തുമ്പോൾ പിണറായിയും വി. എസിന്റെ അവസ്ഥയിലെത്തും. കാലം എന്നും കണക്ക് ചോദിച്ചു കൊണ്ടേയിരിക്കും.
https://www.facebook.com/Malayalivartha