നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസ്: ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
നടി ഹണി റോസിനെ റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യാപേക്ഷയില്‍ വിധി കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിച്ചേക്കുമെന്നു വാക്കാല്‍ സൂചിപ്പിച്ചിരുന്നു. ബോബിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ജാമ്യാപേക്ഷ പരിഗണിച്ചയുടന്‍ പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. കയ്യില്‍ പിടിച്ചു എന്നതും ലൈംഗികാധിക്ഷേപം നടത്തി എന്നതും ശരിയല്ല. ഇപ്പോള്‍ തന്നെ 6 ദിവസം ജയിലില്‍ കഴിഞ്ഞു. പരമാവധി മൂന്ന് വര്‍ഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് ഒരു ദിവസത്തെ റിമാന്‍ഡ് പോലും ആവശ്യമില്ല തുടങ്ങിയ വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടന്നാല്‍ താന്‍ അതിന് എതിരാണെന്നും അതിനാല്‍ അക്കാര്യങ്ങള്‍ വിചാരണയില്‍ പറഞ്ഞാല്‍ മതിയെന്നും കോടതി പ്രതികരിച്ചു.
ബോബിക്ക് ജാമ്യം നല്‍കരുതെന്നും സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് ബോബി ചെമ്മണൂര്‍ നല്‍കിയ അഭിമുഖങ്ങളും ബോബിയുടെ പ്രസ്താവനകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് കേട്ടാല്‍ ദ്വയാര്‍ഥമാണെന്ന് മലയാളികള്‍ക്ക് മനസ്സിലാകുമല്ലോ എന്ന് കോടതി പ്രതിഭാഗം അഭിഭാഷകനോട് ആരാഞ്ഞു. ഹണി റോസ് അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങളൊക്കെ എന്തിനാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത് എന്നും കോടതി ചോദിച്ചു. ബോബി കയ്യില്‍ പിടിച്ച് കറക്കിയപ്പോള്‍ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പ്രതികരിച്ചത്.
റിമാന്‍ഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശം കിട്ടണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍, സമൂഹത്തിന് അത് ഇതിനകം തന്നെ മനസ്സിലായിക്കഴിഞ്ഞെന്ന് കോടതി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. ബോബി ഇത്തരം പദപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നതെന്നു പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. സമൂഹമാധ്യമങ്ങളുടെ കാര്യത്തില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha