പത്തനംതിട്ട പീഡനക്കേസ്: ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; 44 പേരാണ് ഇതുവരെ അറസ്റ്റിലായത്
പത്തനംതിട്ട പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായിട്ടുണ്ട്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 44 ആയി. കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.
ഇനി 15പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്ന് കേസിന്റെ ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ വിദേശത്താണ്. ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഡിഐജി വ്യക്തമാക്കി.
കേസില്‍ നേരത്തേ അറസ്റ്റിലായ ദീപു എന്നയാള്‍ വഴിയാണ് ഇന്ന് അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനക്കേസുമായി ബന്ധപ്പെട്ട് നിലവില്‍ 30ലധികം എഫ്ഐആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പൊലീസെടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പൊലീസിന് കൈമാറി.
62പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെ പൊലീസ് കണ്ടെത്തി. ബാക്കി നാലുപേര്‍ക്കെതിരെ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം ബാലാവകാശ കമ്മീഷന്‍ അംഗം എന്‍ സുനന്ദ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കുന്നുണ്ട്. ആശ്വാസ നിധിയില്‍ നിന്ന് സഹായധനം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha