ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍; റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍
അശ്ലീല പരാമര്‍ശ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍. ഇന്ന് ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. അതേസമയം, ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ തുടരും. എന്നാല്‍ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.
ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ദ്വായര്‍ത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അമേരിക്കന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ആയ ഡോക്ടര്‍ സ്റ്റീവ് മറബോളിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങള്‍ അവളെ വിലയിരുത്തുന്നതെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യര്‍, ചിലര്‍ തടിച്ചവരാകാം ചിലര്‍ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha