റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചത് ഡ്രോണ്‍ ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളിയായ യുവാവ് കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് വിവരം. യുക്രൈന്‍ നടത്തിയ ആക്രമണത്തിലാണ് കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്.
'ബിനിലേട്ടന്‍ തലേദിവസം രാത്രി വേറെ ആളുകളുടെ കൂടെയാണ് പോയത്. ഞാന്‍ അടുത്ത ദിവസമാണ് പോയത്. പോകുന്ന വഴി ബിനിലേട്ടന്‍ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാന്‍ കണ്ടു. പേടിച്ച് പോയി നോക്കിയപ്പോള്‍ ദേഹത്ത് മുഴുവന്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നു', ജെയിന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
'ഞാന്‍ തിരിച്ച് അവരെ വിവരം അറിയിച്ചു. അപ്പോള്‍ അവര്‍ അവിടെ നില്‍ക്കരുത് എന്ന് പറഞ്ഞ് എന്നെ തിരികെ ഓടിച്ചു. ഞാന്‍ നോക്കുമ്പോള്‍ കമിഴ്ന്നുകിടക്കുകയായിരുന്നു. ഞാന്‍ ചെന്ന് നേരെയാക്കി. അപ്പോഴേക്കും ശരീരമൊക്കെ മരവിച്ച് പോയിരുന്നു. ശ്വാസം നോക്കിയപ്പോള്‍ അതും കണ്ടില്ല. വെടി കൊണ്ടതല്ല. ഡ്രോണ്‍ അറ്റാക്കാണ്. അതും കഴിഞ്ഞ് പോകുന്ന വഴി എന്റെ നേര്‍ക്കും ഡ്രോണ്‍ അറ്റാക്കുണ്ടായി. ഞാന്‍ തിരികെ ചെന്ന് എനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ പോകണം എന്നും അറിയിച്ചു. പിറ്റേന്ന് എന്നെ അവിടെ നിന്ന് തിരിച്ചിറക്കി. ബിനിലേട്ടന്‍ അഞ്ചാം തീയ്യതി ആണ് പോയതെന്ന് തോന്നുന്നു. ആറാം തീയതി രാവിലെയാണ് ഞാന്‍ കണ്ടത്' -ജെയിന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.
ബിനിലിന്റെ മൃതദേഹവും മോസ്‌കോയില്‍ ചികിത്സയിലുള്ള ജെയിനെയും നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്‌സിയെ മരണവിവരം അറിയിച്ചത്. 2024 ഏപ്രില്‍ നാലിനാണ് രണ്ടുപേരും റഷ്യയില്‍ എത്തിയത്. രണ്ട് പേരെയും ഇലക്ട്രീഷ്യന്‍ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയില്‍ എത്തിച്ചത്. കുട്ടനെല്ലൂര്‍ തോലത്ത് വീട്ടില്‍ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനില്‍. ഭാര്യ: ജോയ്‌സി. അഞ്ചുമാസം പ്രായമായ കുഞ്ഞുണ്ട്.
https://www.facebook.com/Malayalivartha