എല്ലാം എല്ലാം മായ... മരണമടഞ്ഞെന്നു കരുതി 'മൃതദേഹം' മോര്‍ച്ചറിയിലേക്ക്; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പവിത്രന്‍ ജീവിതത്തിലേക്ക്; വിശ്വസിക്കാനാവാതെ ബന്ധുക്കള്‍
നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി വാര്‍ത്തകള്‍ക്കിടെ കണ്ണൂരില്‍ നിന്നും ഞെട്ടിക്കുന്ന ഉയര്‍ത്തെഴുന്നേല്‍പ്പ് കഥ. മരണത്തോട് യാത്ര പറഞ്ഞാണ് പവിത്രന്‍ ജീവിതത്തിലേക്ക് എത്തിയത്. മംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലെപ്പോഴോ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തിയവരെയും ഞെട്ടിച്ച് പവിത്രന്‍ ജീവിതത്തിലേക്കു കണ്ണുതുറന്നു.
ഇന്നലെ രാവിലെ 10ന് കൂത്തുപറമ്പില്‍ സംസ്‌കാരം നിശ്ചയിച്ച്, ഒരു രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രനെ (67) രാത്രി വൈകി കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നു വൈകിട്ട് പുറപ്പെട്ട ആംബുലന്‍സ് 5 മണിക്കൂറിനു ശേഷമാണു കണ്ണൂരിലെത്തിയത്.
വാര്‍ഡ് അംഗം വഴി രാത്രി തന്നെ മരണവാര്‍ത്ത മാധ്യമങ്ങള്‍ക്കു നല്‍കി, സംസ്‌കാരത്തിനുള്ള ഒരുക്കവും തുടങ്ങി. 'മൃതദേഹം' മോര്‍ച്ചറിയിലേക്കു മാറ്റുമ്പോള്‍ കൈ അനങ്ങുന്നതായി ഇലക്ട്രിഷ്യന്‍ അനൂപിനും നൈറ്റ് സൂപ്പര്‍വൈസര്‍ ആര്‍. ജയനും തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ അടിയന്തരമായി വിളിച്ചുവരുത്തി.
നേരം വെളുത്തപ്പോഴേക്കും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ബോധം വന്നെന്നും കണ്ണുതുറന്നു തന്നെ നോക്കിയെന്നും ഭാര്യ സുധ പറഞ്ഞു. ശ്വാസംമുട്ടലിന് കൂത്തുപറമ്പിലെയും തലശ്ശേരിയിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പവിത്രനെ രോഗം മൂര്‍ച്ഛിച്ചതോടെയാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ ഞായറാഴ്ച മംഗളൂരുവിലേക്കു കൊണ്ടുപോയത്. അവിടെ 2 ആശുപത്രികളിലായി വന്‍തുക മരുന്നിനും ചികിത്സയ്ക്കുമായി അടച്ചു. യുപിഐ പരിധി കഴിഞ്ഞതോടെ പിന്നീട് ബില്‍ അടയ്ക്കാന്‍ പറ്റാതായി. അടുത്ത ദിവസം അടച്ചാല്‍ മതിയോ എന്നു ചോദിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല.
വെന്റിലേറ്ററില്‍ തുടരാനുള്ള തുക അടയ്ക്കാനാകാതെ വന്നതോടെയാണു തിരികെപ്പോരാന്‍ തീരുമാനിച്ചത്. വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ 10 മിനിറ്റിനകം മരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സാധാരണ ആംബുലന്‍സിലായിരുന്നു മടക്കം. വഴിയില്‍ ഏതെങ്കിലും ആശുപത്രിയില്‍ കാണിച്ച് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ഗള്‍ഫിലായിരുന്ന പവിത്രന്‍ ഏതാനും വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന് ഒരുഭാഗത്തിനു സ്വാധീനക്കുറവുണ്ട്. അവിടെ നിന്നാണ് ജീവിത്തിലേക്ക് കരകയറിയത്.
അതേസമയം നെയ്യാറ്റിന്‍കരയിലെ സമാധി വിവാദം ശക്തമായി തന്നെ തുടരുന്നു. സമാധി പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ് പ്രിന്റ് എടുത്തതെന്നും ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തിയിരുന്നു. ഇതുവരെ പൊലീസ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
'ദുരൂഹ സമാധി' രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളില്‍ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചര്‍ച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ ആദ്യം രാജസേനന്‍ പറഞ്ഞത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.
https://www.facebook.com/Malayalivartha