എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ, അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും...സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും...
എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും. ശബരി വിമാനത്താവളം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. കോട്ടയം ജില്ലയില്‍ എരുമേലി, മണിമല പഞ്ചായത്തുകളിലായി മൂന്നു കിലോമീറ്റര്‍ റണ്‍വേയോടെയാണ് രണ്ടായിരം കോടി രൂപ മുടക്കില്‍ ശബരി അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ വരിക.
നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ 40 ശതമാനം യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളത്തിലെ 20 ശതമാനം യാത്രക്കാരും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലയില്‍ നിന്നുള്ളവരാണ്. ഇത്രയും യാത്രക്കാര്‍ക്ക് ഇനിമുതല്‍ എരുമേലിയില്‍നിന്ന് ആകാശയാത്ര ചെയ്യാമെന്നു മാത്രമല്ല ഏറെ സമയലാഭവും ലഭിക്കും. പ്രതിവര്‍ഷം മൂന്നു കോടി തീര്‍ഥാടകരെത്തുന്ന എരുമേലിയിലും പമ്പയിലും തീര്‍ഥാകര്‍ക്ക് ആശങ്കയില്ലാതെ എരുമേലി വരെ വിമാനത്തില്‍ എത്താനുള്ള സാധ്യതയുമാണ് തെളിയുന്നത്. സുരക്ഷിതമായ കാലാവസ്ഥയും അനുകൂല പശ്ചാത്തലങ്ങളും ഒത്തിണങ്ങിയ സാഹചര്യത്തില്‍ എരുമേലി എയര്‍പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും പ്രധാന വികസന നേട്ടമായി മുന്നോട്ടുവയ്ക്കുമെന്ന് തീര്‍ച്ചയാണ്.
പ്രസിദ്ധമായ പേട്ട തുള്ളല്‍ നടക്കുന്ന എരുമേലിയിലേക്ക് നിശ്ചിത വിമാനത്താവളത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രമാണ് അകലമുള്ളത്. ആലപ്പുഴ, പീരുമേട്, വാഗമണ്‍, തേക്കടി, കുട്ടനാട്, കുമരകം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും വന്‍സാധ്യതയാണുള്ളത്. വിദേശികളും സ്വദേശികളുമായി ഒരു കോടിയോളം ടൂറിസ്റ്റുകള്‍ ഈ കേന്ദ്രങ്ങളില്‍ ഓരോ വര്‍ഷവും എത്തുന്നുണ്ട്.കോട്ടയം ജില്ലയിലെ എരുമേലി, മണിമല വില്ലേജുകളില്‍പ്പെട്ട ചെറുവള്ളി എസ്റ്റേറ്റിലെ 2500 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റില്‍ രാജ്യാന്തര വിമാനത്താവളത്തിന് ആവശ്യമായ മൂവായിരം മീറ്റര്‍ റണ്‍വേ നിര്‍മിക്കാമെന്നും വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.
നേരത്തേ ചെറുവള്ളി എസ്റ്റേറ്റില്‍ രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ നീളത്തില്‍ സ്ഥലം റണ്‍വേയ്ക്കായി കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് മൂന്നു കിലോമീറ്റര്‍ നീളം വേണം. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റില്‍ ആവശ്യത്തിന് സ്ഥമുള്ളതിനാല്‍ ഇതിന് ബുദ്ധിമുട്ടുണ്ടാവില്ല. ചെറുവള്ളി എസ്റ്റേറ്റില്‍ കൂടുതലും റബര്‍ തോട്ടമായതിനാല്‍ പാരിസ്ഥിതിക പഠനം പ്രശ്‌നമാകില്ല. മലയോ വനമോ വെട്ടി ഒതുക്കേണ്ട സാഹചര്യവുമില്ല.വിമാനത്താവളത്തിന്റെ റണ്‍വേക്ക് അനുയോജ്യമായി മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റണ്‍വേ ലഭിക്കാന്‍ സാധിക്കുന്ന ആറ് ഇടങ്ങള്‍ ചെറുവള്ളി ബീലീവേഴ്‌സ് ചര്‍ച്ച് എസ്റ്റേറ്റില്‍ കണ്ടെത്തിയിരുന്നു.
പ്രളയം, മണ്ണിടിച്ചില്‍, കാറ്റ് എന്നിവയില്‍ നിന്ന് എയര്‍പോര്‍ട്ട് പൂര്‍ണസുരക്ഷിതമാണെന്നു സാങ്കേതിക പരിശോധനയില്‍ വ്യക്തമായതോടെ കേന്ദ്ര വ്യോമ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും ഉടന്‍ ലഭ്യമാകും.കരിക്കാട്ടൂര്‍ മുതല്‍ ചാരുവേലി മുക്കട വരെ മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേയായിരിക്കും ഏറ്റവും ഉചിതവും സുരക്ഷിതവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചേനപ്പാടി മുതല്‍ മുക്കട വരെ നീളുന്ന മറ്റൊരു റണ്‍വേയും മുക്കട മുതല്‍ കനകപ്പലം വരെ നീളുന്ന മൂന്നാം റണ്‍വേയും പരിഗണനയിലുണ്ട്.
നിലവില്‍ കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രമാണ് 2.7 കിലോമീറ്റര്‍ നീളമുള്ള റണ്‍വേയുള്ളത്. കരിപ്പൂരില്‍ രണ്ടു വര്‍ഷം മുന്‍പുണ്ടായ വന്‍ അപകടത്തെ തുടര്‍ന്ന് റണ്‍വേയുടെ നീളം പോരെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇക്കാരണത്താല്‍ മൂന്നു ിലോമീറ്റര്‍ നീളമുള്ള റണ്‍വേ എരുമേലിയില്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
വിമാനം ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും കാഴ്ചയ്ക്കും മറ്റും തടസമുണ്ടാക്കുന്ന മലകള്‍, കെട്ടിടങ്ങള്‍, വൈദ്യുതി, ടവര്‍ ലൈനുകള്‍ എന്നിവയുണ്ടോ എന്ന് ഒബ്സ്റ്റക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫസ് സര്‍വേയില്‍ പരിശോധിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരിമിതിയും നിര്‍ദിഷ്ട മേഖലയില്ല. കെപി യോഹന്നാന്‍ മെത്രാപ്പോലീത്ത സ്ഥാപിച്ച ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതതയില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി തോട്ടമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.മണിമലയാറുമായി അര കിലോമീറ്റര്‍ മുതല്‍ നാലു കിലോമീറ്റര്‍ വരെയേ അകലമുള്ളു. മീപകാലത്തെ വന്‍ പ്രളയങ്ങളില്‍ ഒരിക്കലും ചെറുവള്ളി എസ്റ്റേറ്റിലോ നിര്‍ദിഷ്ട റണ്‍വേ പ്രദേശത്തോ വെള്ളം കയറിയിട്ടില്ലെന്നും പ്രദേശം 40 മീറ്ററോളം നദിനിരപ്പില്‍ നിന്ന് ഉയരത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാലു സംസ്ഥാന പാതകളുടെയും ഒന്‍പത് പഞ്ചായത്ത് റോഡുകളുടെ സാമിപ്യവും വിമാനത്താവളത്തിന് ഏറെ അനുയോജ്യമായിരിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു പിന്നാലെയാണ് കോട്ടയം ജില്ലയില്‍ ശബരിമല തീര്‍ഥാടകരെയും പ്രവാസികളെയും ലക്ഷ്യമാക്കി പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 30 ലക്ഷം പ്രവാസികള്‍ക്കും ശബരിമലയിലെത്തുന്ന ഒന്നര കോടിയോളം തീര്‍ഥാടകര്‍ക്കും ശബരി വിമാനത്താവളം നേട്ടമാകും. നെടുമ്പാശേരി, മധുര, തിരുവനന്തപുരം എന്നിവയാണു സമീപത്തെ മറ്റു വിമാനത്താവളങ്ങള്‍.
https://www.facebook.com/Malayalivartha