കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് പോലും പരിഹസിച്ചിരുന്നു. ഭര്‍ത്താവിന്റേയും കുടുംബത്തിന്‌റേയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. ഷഹാനയുടെ മരണം സംബന്ധിച്ച് രേഖാ മൂലം പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും പരിഹസിച്ചു. സഹപാഠികള്‍ പറഞ്ഞാണ് വിവരം അറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ഷഹാന ഈ കാര്യം തങ്ങളോട് പറഞ്ഞതെന്ന് അമ്മാവന്‍ സലാം പറഞ്ഞു. വിവാഹ ബന്ധത്തില്‍ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്റെ ഉമ്മ ചോദിച്ചു. വാഹിദിന്റെ ഉമ്മയുടെ കാലില്‍ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഷഹാന മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് നിരന്തരം കളിയാക്കുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തില്‍ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്റെ വിവരം ഷഹാന തന്നെ നേരിട്ട് പറഞ്ഞത്. വാഹിദിന്‌റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഷഹാനയുടെ മരണത്തില്‍ കൊണ്ടോട്ടി പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഷഹാനയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് കൊണ്ടോട്ടിയിലെ വീട്ടില്‍ ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ദിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. കഴിഞ്ഞ മെയ് 27നായിരുന്നു ഷഹാനയും വാഹിദുമായുള്ള നിക്കാഹ് കഴിഞ്ഞത്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha