പത്തനംതിട്ട പീഡന കേസ്: ഇന്ന് രണ്ടുപേര്‍കൂടി അറസ്റ്റിലായി; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി
പത്തനംതിട്ട ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 46 ആയി. അതിജീവിതയുടെ നാട്ടുകാരനും സഹപാഠിയുമാണ് പിടിയിലായത്. ഇനി 12 പേര്‍ പിടിയിലാകാനുണ്ട്. അതില്‍ ഒരാള്‍ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പ്രതികള്‍ക്ക് സഹായം നല്‍കിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചതായും ഇതില്‍ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം ഉപയോഗിച്ച് കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ സമ്മര്‍ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍.
ആകെ 29 എഫ്‌ഐആറാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിട്ടുള്ള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണ്. അച്ഛന്റെ ഫോണില്‍ പെണ്‍കുട്ടി രേഖപ്പെടുത്തിയ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടൂര്‍ സിജെഎം മുമ്പാകെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. പൊലീസും മൊഴി പൂര്‍ണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് നിര്‍ത്തിവച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.
അതേസമയം, പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. 2024 ജനുവരി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി നാലു പേരാല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്‌ഐആര്‍ ,പ്രതികളില്‍ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു.ഇവരെ കാണാന്‍ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രി ശുചിമുറിയില്‍ വച്ചായിരുന്നു പീഡിപ്പിച്ചത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ചിലരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും, തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha