കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം ഞാന്‍ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്; കദ്വയാര്‍ത്ഥരീതിയില്‍ ആകണമെന്ന് വിചാരിച്ചുകൊണ്ട് ചെയ്തതല്ല, തമാശപോലെ പറഞ്ഞതാണ്; ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളുവെന്ന് ബോബി ചെമ്മണ്ണൂര്‍
അശ്ലീല പരാമര്‍ശ കേസില്‍ ജാമ്യവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഇന്നുരാവിലെയാണ് അധികൃതര്‍ തന്നെ സമീപിച്ചതെന്ന് ബോബി ചെമ്മണ്ണൂര്‍. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തതെന്നാണ് തനിക്ക് അറിയാന്‍ സാധിച്ചതെന്നും ബോബി വ്യക്തമാക്കി. 'ജാമ്യം എടുക്കാന്‍ ആള്‍ക്കാരില്ലാത്ത, പണം അടയ്ക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് എന്നെകൊണ്ട് സാധിക്കുന്ന സഹായം ചെയ്യാമെന്നേറ്റിരുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നിയമസഹായത്തിനായി ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇതിന്റെ പേരില്‍ കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം ഞാന്‍ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്. ഞാന്‍ ഇത്രയും കാലം കോടതിയെ ബഹുമാനിച്ചിട്ടേയുള്ളൂ. ഭാവിയിലും അങ്ങനെയായിരിക്കും, അല്ലാതെ ഒരു വിവരക്കേടും ഞാന്‍ ചെയ്യില്ല. മനഃപ്പൂര്‍വം അല്ലെങ്കില്‍ പോലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല.
ഇന്നലെ ആരും തന്നെ ഒരു കടലാസും ഒപ്പിടാന്‍ എന്റെയടുക്കല്‍ കൊണ്ടുവന്നില്ല. തെറ്റായി ഉദ്ദേശിച്ചുകൊണ്ട് മനഃപ്പൂര്‍വം ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. പറ്റാവുന്ന സഹായങ്ങളെ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്റെ ഉദ്ദേശശുദ്ധി നല്ലതാണ്. ഞാന്‍ പൊതുവെ തമാശരൂപേണയാണ് സംസാരിക്കാറുള്ളത്. ആണുങ്ങളോടും പെണ്ണുങ്ങളോടും അങ്ങനെ തന്നെയാണ്. ഒരിക്കലും ഒരാളെ മോശമാക്കണമെന്ന് വിചാരിച്ച് ഒന്നും ചെയ്തിട്ടില്ല.
പുറത്തിറങ്ങുമ്പോള്‍ ജയിലിലേയ്ക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലെയും ബോച്ചെ ഫാന്‍സ് അസോസിയേഷന്‍ സംഘാടകരോട് പറഞ്ഞിരുന്നു. ഇവിടെവന്ന് ആഹ്‌ളാദപ്രകടനങ്ങള്‍ കാണിക്കുന്നത് എന്റെ ജാമ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വരരുതെന്ന് നേരത്തെതന്നെ നിര്‍ദേശം കര്‍ശനമായി നല്‍കിയിരുന്നു. ആരൊക്കെയാണ് ഇന്ന് വന്നതെന്ന് എനിക്കറിയില്ല.
ഇനി തീര്‍ച്ചയായും കോടതി നിര്‍ദേശപ്രകാരം തമാശയായാലും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ബോദ്ധ്യം ഉണ്ടായി. അക്കാര്യത്തില്‍ ഇനി ശ്രദ്ധിക്കും. ദ്വയാര്‍ത്ഥരീതിയില്‍ ആകണമെന്ന് വിചാരിച്ചുകൊണ്ട് ചെയ്തതല്ല. തമാശപോലെ പറഞ്ഞതാണ്, ആരെയും വേദനിപ്പിക്കാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളൂ'- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha