അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ അസ്വസ്ഥത ഉള്ളവര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തില്‍ മറുപടിയുമായി പിണറായി വിജയന്‍. ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായി എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അധിക്ഷേപങ്ങള്‍ക്കിടയില്‍ പുകഴ്ത്തലാകാമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ല, വല്ലാതെ അധിക്ഷേപിച്ചു കൊണ്ടിരിക്കുമ്പോള്‍ ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാകും എന്നത് ഉറപ്പാണ്. അതില്‍ സംശയമില്ല. ഇങ്ങനെ ഒരു കാര്യം വരുമ്പോള്‍ തന്നെ സകലമാന കുറ്റങ്ങളും എന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരുകൂട്ടര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്. അങ്ങനെയുള്ള ആളുകള്‍ക്ക് വല്ലാത്ത വിഷമം സ്വാഭാവികമായിട്ടുണ്ടാകും എന്നത് ഉറപ്പാണ്. അത് അങ്ങനെയേ കാണേണ്ടതായുള്ളൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ തരത്തിലുള്ള വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിന്റെ ഭാഗമല്ലാതെ ഒരാള്‍ എങ്ങനെ വരുന്നു, ഒരു കൂട്ടര്‍ എങ്ങനെ വരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ട്. അതിന്റെ ഭാഗമാണിത്. അതല്ലാതെ ഞങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നവരല്ല, വ്യക്തിപൂജയുടെ ഭാഗമായിട്ട് എന്തെങ്കിലും കാര്യങ്ങള്‍ ആര്‍ക്കും നേടാനും സാധിക്കില്ല. അതാണ് ഞങ്ങളുടെ പൊതുസമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.
https://www.facebook.com/Malayalivartha