ചുങ്കത്തെ സ്ഥാപനത്തിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ചു; നേരെ കോട്ടയം ലുലുമാളിലേയ്ക്കു വണ്ടി വിട്ടു; 16000 രൂപയുടെ മ്യൂസിക് സിസ്റ്റവും 4000 രൂപയുടെ ചൂണ്ടയും വാങ്ങി; പ്രായപൂർത്തിയാകാത്ത രണ്ട് മോഷ്ടാക്കളെ പിടികൂടി ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം
ചുങ്കത്തെ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളിൽ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കളെ അകത്താക്കി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം. ഞായറാഴ്ച നടന്ന മോഷണക്കേസിലെ പ്രതികളെയാണ് 48 മണിക്കൂർ തികയും മുൻപ് ഗാന്ധിനഗർ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അകത്താക്കിയത്. മോഷ്ടിച്ച പണവുമായി നേരെ ലുലുമാളിൽ പോയ സംഘം, 16000 രൂപയുടെ മ്യൂസിക് സിസ്റ്റവും 4000 രൂപയുടെ ചൂണ്ടയും വാങ്ങിയിരുന്നു. പുതിയ ചൂണ്ടയുമായി മീനച്ചിലാറ്റിലെത്തി ചൂണ്ടയിട്ട് മീൻ പിടിച്ച ശേഷമാണ് യുവാക്കൾ മടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ചുങ്കത്ത് പ്രവർത്തിക്കുന്ന മെഡിജെൻ മെഡികെയർ പ്രൈവറ്റ് ലിമിറ്റഡിൽ മോഷണം നടന്നത്. തിങ്കളാഴ്ച ഇവിടെ എത്തിയ ജീവനക്കാരാണ് വാതിൽ തകർത്ത് പണം അപഹരിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിവരം ഗാന്ധിനഗർ പൊലീസ് സംഘത്തെ അറിയിക്കുകയായിരുന്നു. ഇത് അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാൽ, ആദ്യ ഘട്ടത്തിൽ പൊലീസ് അൽപം കുഴഞ്ഞു. പിന്നീട് തന്ത്രം മാറ്റിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത മോഷ്ടാക്കളെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു.
നേരത്തെ ക്രിസ്മസ് കരോളിന് വന്ന സമയത്താണ് ഈ സ്ഥാപനത്തിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം സംഘം മനസിലാക്കിയത്. തുടർന്ന്, ഇവർ പണം കവർച്ച ചെയ്യുന്നതിന് കൃത്യമായി പദ്ധതി തയ്യാറാക്കി. കഴിഞ്ഞ ഞായറാഴ്ച ഓഫിസിൽ മാനേജർ അടക്കം ആരുമില്ലെന്ന് തിരിച്ചറിഞ്ഞ പ്രതികൾ ഓഫിസ് മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. ഇതിന് ശേഷം ലഭിച്ച പണവുമായി നേരെ ലുലുമാളിൽ പോയി ലാവിഷായി പർച്ചേസും നടത്തി.
ബാക്കി വന്ന പണം വീടിന്റെ സൺഷേഡിൽ ഒളിപ്പിക്കുകയായിരുന്നു. കള്ളന്മാരെ പൊലീസ് സംഘം പിടികൂടി ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഇവർക്ക് മുൻപും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha