അമ്പലത്തിന്‍കാല ശ്രീകുമാര്‍ കൊലക്കേസില്‍ 8 ബി.ജെ.പിക്കാര്‍ക്കും ജീവപര്യന്തം
കാട്ടാക്കട സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ അശോകനെന്ന ആര്.ശ്രീകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ 8 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 5 പേര് ഇരട്ട ജീവപര്യന്തം അനുഭവിക്കണം. സംഭവത്തില്‍ നേരിട്ട് പങ്കാളികളായ ഇവര്‍ക്ക് ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും പുറമേ ഗൂഢാലോചന കുറ്റത്തിനും ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ സെഷന്‍സ് കോടതി വിധിച്ചു.എന്നാല്‍ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. രണ്ട് കുറ്റങ്ങളിലും പിഴ ഒടുക്കണം. മൂന്ന് പ്രതികള്‍ക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപയുമാണ് പിഴ. അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുദര്‍ശനാണ്ശിക്ഷ വിധിച്ചത്.
2013 മേയ് 2നാണ് കാട്ടാക്കട അമ്പലത്തിന്‍കാല മണ്ണടി പുത്തന്‍വീട്ടില്‍ ആര്.ശ്രീകുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പലിശ നല്‍കിയത് കുറഞ്ഞുപോയത് ചോദ്യം ചെയ്തതായിരുന്നു കാരണം. 16 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. 8 പേരെ കോടതി നേരത്തേ വെറുതെവിട്ടിരുന്നു.ആമച്ചല്‍ സ്വദേശികളായ തലക്കോണം തെക്കേകുഞ്ചുവീട്ടില്‍ ശംഭുകുമാര്‍ എന്ന ശംഭു, കരുതംകോട് കാവിന്‍പുറം എസ്.എം.സദനത്തില്‍ ശ്രീജിത്ത് എന്ന ഉണ്ണി, കരുംതംകോട് മേലെ കുളത്തിന്‍കര വീട്ടില്‍ ഹരികുമാര്‍, കരുതംകോട് താരാഭവനില്‍ ചന്ദ്രമോഹന് എന്ന അമ്പിളി, തലക്കോണം തെക്കേ കുഞ്ചുവീട്ടില്‍ സന്തോഷ് എന്ന ചന്തു എന്നിവരാണ് 5 വരെയുള്ള പ്രതികള്‍. . ആലംകോട് കുളത്തിമ്മേല്‍ അമ്പലത്തിന്‍കാല സ്വദേശി അഭിഷേക് എന്ന അണ്ണി സന്തോഷ്, അമ്പലതിന്‍കാല കളവിക്കോട് പ്രശാന്ത് എന്ന പഴിഞ്ഞി പ്രശാന്ത്, കുളത്തിമ്മേന്‍ ചെമ്പനാക്കോട് ചന്ദ്രവിലാസത്തില്‍ സജീവ് എന്നിവര്‍ യഥാക്രമം 7,10,12 പ്രതികളാണ്. പ്രതിപ്പട്ടികയിലെ 19 പേരില്‍ ഒരാള്‍ മരണപ്പെടുകയും 2 പേര് മാപ്പുസാക്ഷികളാകുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട ശ്രീകുമാറിന്റെ സുഹൃത്ത് ബിനു ഒന്നാം പ്രതി ശംഭുകുമാറില്‍ നിന്ന് ബൈക്കിന്റെ ആര്.സി ബുക്ക് പണയം വച്ച് 10,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശ നല്‍കിയത് കുറഞ്ഞതിനാല്‍ ഒന്നാം പ്രതി ബിനുവിന്റെ ബൈക്കിന്റെ താക്കോലെടുത്തു. ഇത് ശ്രീകുമാര്‍ ചോദ്യം ചെയ്യുകയും ശംഭുവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികള്‍ സംഘം ചേര്‍ന്ന് ശ്രീകുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.എ.ഹക്കീം ഹാജരായി.
https://www.facebook.com/Malayalivartha