സിനിമാ ക്ലൈമാക്‌സ്... സെയ്ഫ് അലിഖാനെ ആക്രമിച്ചതില്‍ ഞെട്ടി ബോളിവുഡ് ലോകം; കരീനയെയും ഉപദ്രവിക്കാന്‍ ശ്രമം; മലയാളിയായ ഏലിയാമ്മയുടെ മൊഴി നിര്‍ണായകം
സിനിമയല്ല ജീവിതം എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് സെയ്ഫ് അലിഖാന്റെ വീട്ടിലുണ്ടായത്. സെയ്ഫ് അലിഖാനെ ആക്രമിച്ചതില്‍ ബോളിവുഡ് ലോകം ഞെട്ടിയിരിക്കുകയാണ്.
അതേസമയം സെയ്ഫ് അലി ഖാനും കരീനയും ഓടിയെത്താന്‍ വേണ്ടിയാണ് അക്രമിയെ കണ്ടയുടന്‍ താന്‍ ഉറക്കെ കരഞ്ഞതെന്ന് അവരുടെ ഇളയ മകന്‍ ജേയെ പരിപാലിക്കുന്ന മലയാളിയായ ആയ ഏലിയാമ്മ ഫിലിപ് പൊലീസിനു മൊഴി നല്‍കി.
ഏലിയാമ്മ 4 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ഏലിയാമ്മയുടെ മൊഴി ഇങ്ങനെയാണ്. ജേയുടെ മുറിയില്‍ നിന്നു ശബ്ദം കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. അപരിചിതനെ കണ്ട് ഞെട്ടി. ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള യുവാവ്. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളും തലയില്‍ തൊപ്പിയും ധരിച്ചിരുന്നു. മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തിയ അയാള്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വടിയും കത്തിയും കയ്യിലുണ്ടായിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ ഞാന്‍ ഉറക്കെ കരയുന്നതു കേട്ടാണ് സെയ്ഫ് അലി ഖാനെത്തിയത്. ആരാണെന്നും എന്താണ് വേണ്ടതെന്നും സെയ്ഫ് ചോദിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു. കരീനയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു.
ശബ്ദം കേട്ടുണര്‍ന്ന ജീവനക്കാരായ രമേഷ്, ഹരി, രാമു, പാസ്വാന്‍ എന്നിവര്‍ സഹായത്തിനെത്തിയപ്പോഴേക്കും വാതില്‍ തുറന്ന് അക്രമി രക്ഷപ്പെട്ടു. സെയ്ഫ് അലി ഖാന്റെ മുറിവുകളില്‍ നിന്നു രക്തം ഒലിക്കുന്നുണ്ടായിരുന്നു എന്നും ഏലിയാമ്മ പറഞ്ഞു.
അതേസമയം മോഷ്ടാവിന്റെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കയറിയ യുവാവ് കത്തികൊണ്ട് 6 തവണയാണ് സെയ്ഫിനെ കുത്തിയത്. നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യയും നടിയുമായ കരീന കപൂറും മക്കളും ജോലിക്കാരും സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നു.
കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരുടെയും സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് അക്രമി 11ാം നിലയിലാണ് കടന്നുകയറിയത്. മോഷണത്തിനാണ് യുവാവ് എത്തിയതെന്നും തടയാനുള്ള ശ്രമത്തിനിടെയാണ് നടനു കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു. ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ വീട്ടുജോലിക്കാര്‍ ഓട്ടോ വിളിച്ചാണ് പുലര്‍ച്ചെ മൂന്നിന് സെയ്ഫിനെ സമീപത്തെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്.
പൊലീസ് സെയ്ഫ് അലി ഖാന്റെയും ജോലിക്കാരുടെയും മൊഴിയെടുത്തു. വീട്ടിലെ ഒരു ജോലിക്കാരിക്ക് അക്രമിയെ പരിചയമുണ്ടെന്നും അവരുടെ അറിവോടെയാണ് ഇയാള്‍ വീട്ടിലെത്തിയതെന്നും സംശയമുണ്ട്. ക്രിക്കറ്റ് താരം പരേതനായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും നടി ഷര്‍മിള ടഗോറിന്റെയും മകനാണ് സെയ്ഫ് അലി ഖാന്‍.
അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റില്‍ സെന്റ് തെരേസാ സ്‌കൂളിനു സമീപമുള്ള സദ്ഗുരു ശരണ്‍ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതി.
10ാം നില അതിഥികളുടെ മുറികളാണുള്ളത്. നടനും കുടുംബവും 11ാം നിലയില്‍ താമസിക്കുന്നു. വീട്ടു ജോലിക്കാരും അടുക്കളയും 12ാം നിലയിലാണ്. സ്വിമ്മിങ് പൂളും ജിമ്മും 13ാം നിലയില്‍. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടമാണ്. കെട്ടിടത്തിന്റെ ഗേറ്റിലും ലിഫ്റ്റിനു മുന്നിലും സുരക്ഷാ ജീവനക്കാരുണ്ട്. സുരക്ഷാ ജീവനക്കാരുടെ വിരലടയാളം ഉപയോഗിച്ചാല്‍ മാത്രമേ ലിഫ്റ്റ് തുറക്കുകയുള്ളൂ. അതിനാല്‍, അവര്‍ അറിയാതെ ലിഫറ്റ് വഴി ആര്‍ക്കും മുകളിലേക്കു പോകാനാകില്ല. പക്ഷേ, അക്രമി കയറിയത് തീപിടുത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ഗോവണി വഴിയാണ്. കഴുത്തില്‍ ടവലും ഷോള്‍ഡര്‍ ബാഗും ധരിച്ചിരുന്ന ഇയാള്‍ ഇറങ്ങിപ്പോയത് പുലര്‍ച്ചെ 2.33ന്.
അതേസമയം സെയ്ഫ് അലി ഖാനു നേരെയുണ്ടായ ആക്രമണം മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനത്തിനും കാരണമായി. നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവയ്പ്, സല്‍മാന്റെ അടുത്ത സുഹൃത്തായ മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകം എന്നിവയ്ക്കു പിന്നാലെയാണിത്. അതിസമ്പന്നരുടെയും സിനിമാ താരങ്ങളുടെയും കേന്ദ്രമായ ബാന്ദ്രയിലാണ് മൂന്നു സംഭവങ്ങളും.
സല്‍മാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്‌മെന്റിന്റെ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലാണ് 'സദ്ഗുരു ശരണ്‍'. സല്‍മാന്റെ വസതിക്കു നേരെ വെടിവയ്പുണ്ടായ ശേഷം മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കിയെന്നായിരുന്നു പൊലീസിന്റെ അവകാശവാദം.
https://www.facebook.com/Malayalivartha