ചങ്കുപൊട്ടി മക്കള്‍ സ്വാമികള്‍... നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് മഹാസമാധിയിലൂടെ അടക്കം ചെയ്യും; മഹാസംഭവമാക്കാന്‍ ആചാര്യന്‍മാര്‍
അയല്‍ക്കാരന്‍ ചെയ്തത് അദ്ദേഹത്തിന് തന്നെ പാരയാകുന്നു. മക്കള്‍ പറയുന്ന പോലെ ഗോപന്‍ സ്വാമിയുടെ മക്കളെ കുടുക്കാന്‍ നോക്കിയവര്‍ അവര്‍ക്ക് തന്നെ പാരയാകുന്നു. ആരാരും അറിയാതിരുന്ന ഗോപന്‍ സ്വാമി ലോക പ്രശസ്തനായി. ഇനി ഈ സ്ഥലം വച്ചടി വച്ചടി കയറ്റമായിരിക്കും. വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയാലും അത്ഭുതമില്ല.
ഗോപന്‍ സ്വമിയുടെ മൃതദേഹം ഇന്ന് മഹാസമാധിയിലൂടെ അടക്കം ചെയ്യും. മഹാസമാധിയില്‍ സന്യാസിവര്യന്മാര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിനും നാലിനുമിടയിലായിരിക്കും ചടങ്ങ്. ഏത് പരിശോധനാ ഫലവും പുറത്തുവരട്ടെയെന്നും സനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അച്ഛന്‍ തേജസ്സോടുകൂടി ധ്യാനത്തിലിരുന്ന് സമാധിയായതാണ്. ആ സമാധിയെ വികൃത രൂപത്തിലാക്കിയെടുത്തു. അതില്‍ എനിക്കും കുടുംബത്തിനും നല്ല വിഷമമുണ്ട്. ഞങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ ആരൊക്കെ കൊടുത്തിട്ടുണ്ടോ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ്,' സനന്ദന്‍ പറഞ്ഞു.
ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നിംസ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു. ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്നലെ തന്നെ കുടുംബത്തിന് വിട്ടു നല്‍കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
അതേസമയം ഗോപന്‍ സ്വാമിയുടേതു സ്വാഭാവിക മരണമാണെന്ന് ഇപ്പോള്‍ പറയറായിട്ടില്ലെന്നു നെയ്യാറ്റിന്‍കര എസ്എച്ച്ഒ എസ്.ബി. പ്രവീണ്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. രാസപരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം കൃത്യമായി പറയാന്‍ കഴിയുകയുള്ളുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. തലയില്‍ കണ്ട കരുവാളിച്ച പാടുകള്‍ പരുക്കാണോ എന്നും വിശദമായി പരിശോധിക്കും. അതേസമയം കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. സമാധി സ്ഥലത്തുവച്ച് ശ്വാസകോശത്തില്‍ ഭസ്മം കടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം . ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. തിരുവനന്തപുരം സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
സമാധിയറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതുള്‍പ്പെടെ നടപടി ക്രമങ്ങള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സബ് കലക്ടര്‍ പറഞ്ഞു. വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. വീട്ടുകാരുമായി ഞാനും ഡിവൈഎസ്പിയും സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. നിയമപരമായി പൊലീസും ജില്ലാ ഭരണകൂടവും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും സബ് കലക്ടര്‍ പറഞ്ഞു.
ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തിയ ശേഷം പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടിയെന്നുമാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha