ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ, ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി...ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐ...
ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി. അനുമതി പിൽ വലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐയിലെ ഒരു വിഭാഗം നേതാക്കൾ. ഇമേജിന്റെ തടവറയിൽ കഴിയുന്ന ബിനോയ് വിശ്വത്തിന് വിമതപക്ഷത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.അതിനിടെ മുഖ്യമന്ത്രിയാവാൻ നീക്കം നടത്തുന്ന രമേശ് ചെന്നിത്തലയും സർക്കാരിനെതീരെ കോടതിയെയും ഗവർണറെയും സമീപിക്കാൻ ഒരുങ്ങുകയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും കൂടിയാലോചന നടന്നിട്ടില്ല എന്നതാണ് രസകരമായ സംഗതി.അത്തരം ഒരു കൂടിയാലോചന നടന്നാൽ ഒരു പക്ഷേ എം.വി. ഗോവിന്ദൻ ഇതിന് അനുമതി നൽകുമായിരുന്നില്ല. 2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിനെ അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രൂവറി വിവാദത്തിന്റെ തുടർച്ചയാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തോടെ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന്, ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിച്ചതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.
എന്നാല്‍ 2018ല്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയായിരുന്നു അനുമതി നൽകിയതെങ്കിൽ ഇക്കുറി മദ്യനയത്തിനനുസരിച്ചു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്താണു മദ്യനിര്‍മാണശാലയ്ക്ക് അനുമതിs നല്‍കിയിരിക്കുന്നതെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടതുമന്ത്രിസഭ എന്ത് തീരുമാനം എടുക്കണമെങ്കിലും മുന്നണിയിൽ ചർച്ച ചെയ്യണമെന്നാണ് ചട്ടം. അപ്രകാരമൊരു ചർച്ച നടന്നിട്ടില്ല. മന്ത്രിസഭയിൽ ഇക്കാര്യം ചർമ്മക്ക് വന്നപ്പോൾ മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ എതിർത്തതാണ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്
എന്ന സ്ഥാപനത്തിന് പ്രാരംഭാനുമതി നല്‍കിയിരിക്കുന്നത്. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നു സര്‍ക്കാര്‍ പറയണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ ആവശ്യം സി പി ഐ യും ഏറെടുത്തു എന്നതാണ് ഇക്കുറിയുണ്ടായ ഏറ്റവും വലിയ നേട്ടം. സംസ്ഥാനത്ത് കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നു 1999ല്‍ നായനാര്‍ മന്ത്രിസഭ തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ 26 വര്‍ഷമായി ഈ നിലപാടു തന്നെയാണു തുടര്‍ന്നു പോന്നിരുന്നത്. എന്നാല്‍ 2018ല്‍ ഇതു മറികടന്നു മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബ്രൂവറിയും രണ്ട് ബ്ലെന്റിങ് യൂണിറ്റുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതു വിവാദത്തിനിടയാക്കി. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കരാര്‍ റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു.
പ്രളയകാലത്ത് അനാവശ്യ വിവാദം ഒഴിവാക്കാനാണു കരാര്‍ റദ്ദാക്കിയതെന്ന വിചിത്രവാദമാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതില്‍ സിപിഐ മന്ത്രിമാരും എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. ഇക്കുറി ഇത് മുന്നണിയായി മാറിയെന്ന് മാത്രം. തന്റെ മണ്ഡലത്തില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോടു വി.എസ്. അച്യുതാനന്ദനും അന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ആയിരുന്നു അന്ന് എക്‌സൈസ് മന്ത്രി. അതേസമയം പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍നിന്നു പിന്നോട്ടുപോകില്ലെന്ന് അന്നു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ (2018 ഭേദഗതി) സെക്ഷന്‍ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കത്തു നല്‍കിയെങ്കിലും ഗവര്‍ണായിരുന്ന പി.സദാശിവം അതു തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇതെല്ലാം കണ്ട് അന്നത്തെ സർക്കാർ ഭയന്നു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുപുറമേ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിവയും ആരംഭിക്കാൻ മധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനുമതി. നിലവിലെ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന നിബന്ധനയോടെ പ്രാരംഭാനുമതിയാണ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിർമിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുകൂടിയാണ് ഇപ്പോഴത്തെ തീരുമാനം. സ്പിരിറ്റ് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ രംഗത്തെ അതികായർകൂടിയായ കമ്പനിക്കുള്ള അനുമതി. ഒയാസിസ് എന്ന കമ്പനിയെ എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിന് ഇതു വരെ സർക്കാർ മറുപടി പറഞ്ഞിട്ടില്ല. മദ്യം നിർമിക്കാനുള്ള സ്പിരിറ്റ് ഇപ്പോൾ പുറത്തുനിന്നാണ് വരുന്നത്. ഇത് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്നുണ്ടെന്ന് മദ്യനിർമാണക്കമ്പനികൾതന്നെ സർക്കാരിനോടു പരാതിപ്പെട്ടിരുന്നു.നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങിയതിന് തൊട്ടുമുമ്പാണ് മന്ത്രിസഭാ തീരുമാനം പുറത്തു വന്നത്. പ്രശ്നത്തിൽ വീണ്ടും പ്രതിപക്ഷം എതിർപ്പുമായി രംഗത്തിറങ്ങാനാണ് സാധ്യത.
നടപ്പു സാമ്പത്തിക വർഷം മദ്യനയം പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ തിരുമാനം വിവാദമാകുമെന്ന് ഉറപ്പാണ്. ഐടി പാർക്കുകളില്‍ പബ്ബുകള്‍ക്ക് ലൈസൻസ് നല്‍കുന്നതിന് മുന്നോടിയായാണ് ബ്രൂവറിക്കുള്ള അനുമതി. പബ്ബുകളില്‍ സാധാരണയായി വലിയ കാനുകളിലാണ് ബിയർ എത്തിക്കുന്നത്. ഇത് രണ്ട് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാൻ പ്രായാോഗിക ബുദ്ധിമുട്ടുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് സംസ്ഥാനത്തിനത്തിന് അകത്ത് തന്നെ ഉല്‍പ്പാദനം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ബ്രൂവറിക്ക് പുറമേ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷൻ, ബ്രാൻഡി- വൈനറി പ്ലാന്റ്, വിദേശ മദ്യ ബോട്ടലിംഗ് യൂണിറ്റ് എന്ന ആരംഭിക്കുന്നതിനുള്ള അനുമതിയും സ്വകാര്യ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ബോധവത്കരണത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുമ്പോഴും സർക്കാർ വീണ്ടും സ്വീകരിക്കുന്നത് മദ്യമൊഴുക്കുന്ന മദ്യനയമാണ്. പുതിയ ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ സഹായിക്കുന്ന നയമാണ് ഇത്തവണയും സർക്കാർ സ്വീകരിച്ചത്.
ഐ.ടി.കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവിൽപ്പനശാലകൾ ഇനി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും വ്യവസായപാർക്കുകളിലേക്കും നീളും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകൾക്ക് നിശ്ചിതകാലയളവിൽ ബിയറും വൈനും വിളമ്പാൻ അനുമതിവേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായമേഖലയിൽനിന്നുള്ള ആവശ്യമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരി സുലഭമാകും.കള്ളിന്റെ ബ്രാൻഡിങ്ങും വിപണിവർധന ലക്ഷ്യമിട്ടാണ്. സ്വന്തമായി കള്ളുചെത്താനുള്ള അവകാശമാണ് നക്ഷത്രപദവിയുള്ള ഹോട്ടലുകൾക്ക് നൽകിയത്.മദ്യവ്യവസായികൾ ഉയർത്തിയ ആവശ്യങ്ങളെല്ലാം ഏറക്കുറെ അനുവദിച്ചുകൊണ്ടാണ് സർക്കാരിന്റെ ഇത്തവണത്തെ നയം. പുതിയ ബാറുകളും ബിയർ-വൈൻ പാർലറുകളും തുടങ്ങുന്നതിന് തടസ്സമില്ല. ഇതോടെ പുതിയ ഡിസ്റ്റിലറികൾക്കും ബിയർ, വൈൻ നിർമാണയൂണിറ്റുകൾക്കും വഴിതെളിയും.
ഒന്നാം പിണറായിസർക്കാരിനെ വെട്ടിലാക്കിയ ബ്രൂവറി, ഡിസ്റ്റിലറി ഇടപാട് ഇനി നിയമവിധേയമായി നടത്താനുള്ള സാവകാശം സർക്കാരിന് ലഭിക്കും.കയറ്റുമതിപ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മദ്യബ്രാൻഡ് രജിസ്‌ട്രേഷൻ നിരക്കുകൾ കുറച്ചുകൊടുക്കാനുള്ള നീക്കവും മദ്യനയത്തിലുണ്ട്. ഇത് ഡിസ്റ്റിലറികൾക്ക് നേട്ടമാകും. ക്ലാസിഫിക്കേഷൻ പദവി പുതുക്കൽ വൈകുന്നത് ബാർലൈസൻസിന് തടസ്സവുമല്ല. ഇതിന്റെ നേട്ടം ബാറുടമകൾക്കാണ്.പൂട്ടിയ ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യശാലകൾ തുറക്കാനുള്ള അനുമതി നേരത്തേ സർക്കാർ നൽകിയിരുന്നു. ഇനി ഇവ തുറക്കാനാകും.പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
. ഇന്‍ഡോര്‍ കേന്ദ്രമായ കമ്പനിക്ക് എങ്ങനെ അനുമതി കൊടുത്തു എന്നാണ് അദ്ദേഹം ചോദിച്ചത്. . ടെന്‍ഡര്‍ ക്ഷണിച്ചിരുന്നോ?. ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടി?. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തത്. 2022 ലും ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ പിന്നോട്ട് പോകുകയായിരുന്നു. മഴനിഴല്‍ പ്രദേശമായ സ്ഥലത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും തുടങ്ങിയാല്‍ കുടിവെള്ള പ്രശ്‌നം ഉണ്ടാകും. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്രകൃതിയോടും ജനങ്ങളോടുമുള്ള കടുത്ത അപരാധമാണിത്.
പ്ലാച്ചിമടയില്‍ സമരം നടത്തിയവരാണ് പുതിയ സ്ഥാപനത്തിന് അനുമതി കൊടുത്തിരിക്കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തിരുമാനത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണിത്. വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. നനഞ്ഞിട്ടാണോ പിണറായി വിജയന്‍ വിഴുപ്പ് ചുമക്കുന്നത് എന്നാണ് അറിയേണ്ടത്. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ അറിഞ്ഞിട്ടാണോ ഈ അനുമതിയെന്നത് അവരാണ് പറയേണ്ടത്. 2018 ലെ ടാക്‌സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കഞ്ചിക്കോട് രാജ്യത്തെ പ്രമുഖ മദ്യ ഉൽപ്പന്ന നിർമ്മാണ കമ്പനി ഒയാസിസിന് ബ്രൂവറി ലൈസൻസ് അടക്കം അനുവദിച്ചത് ടെൻഡർ അടക്കം മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. . കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണ് ടെൻഡർ നൽകിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയത്.
എക്സ്ട്രാ നൂട്രൽ ആൽക്കഹോൾ നിർമാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണ്. പ്രദേശത്തും കൃഷിക്കും തൊഴിലവസരങ്ങൾക്കും ഇത് കാരണമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സർക്കാർ തീരുമാനം. 2018 ൽ പിണറായി സർക്കാർ ബ്രുവറി അനുഭവിച്ചപ്പോൾ വിഎസ് അച്യുതാനന്ദൻ പ്രത്യക്ഷ സമരത്തിന് നീക്കം നടത്തിയിരുന്നു . ബ്രൂവറി , ഡിസ്റ്റിലറി വിവാദത്തിൽ യു ഡി എഫിനും ബിജെപിക്കുമൊപ്പം നിൽക്കുകയായിരുന്നു ഫലത്തിൽ അച്ചുതാനന്ദൻ. സി പി എമ്മിന്റെ കേന്ദ്രനേതാക്കൾക്ക് വി എസ് അച്യുതാനന്ദൻ അന്ന് കത്തെഴുതി. പ്ലാച്ചിമടയിൽ താൻ കൊക്കകോളക്കെതിരെ നടത്തിയ സമരത്തിന്റെ ഹാങ് ഓവറിലായിരുന്നു അന്ന് വിഎസ്.അച്യുതാനന്ദൻ ഏറെ നാളായി രോഗാതുരനാണ്. അദ്ദേഹത്തിന് സർക്കാരിനെതിരെ നീങ്ങാൻ ആരോഗ്യമില്ല. എന്നാൽ അച്ചുതാനന്ദന്റെ പഴയ ടീം മദ്യവിവാദം ഉണ്ടായതോടെ സജീവമായി.
സിസ്റ്റിലറി, ബ്രൂവ്റി വിവാദത്തിൽ ഇടത് സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. സി.പി. ഐ യെ തണുപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പാളിയതിൽ വിഷമത്തിലാണ് സർക്കാർ. വിവാദത്തിലെ ഗുണഭോക്താക്കളായ വൻകിട കമ്പനികൾ നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് ബന്ധമുള്ള ചെന്നൈ സ്വദേശിയായ ഒരു മദ്യവ്യാപാരിക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം കാരണമാണ് ബ്രൂവറികൾക്ക് അനുമതി നൽകിയെന്ന് 2018 ൽ ആരോപണം ഉയർന്നിരുന്നു.സി പി എമ്മിന്റെ ഉന്നത നേതാവ് ചെന്നൈയിൽ ചെല്ലുമ്പോൾ താമസിക്കുന്നത് മദ്യ വ്യാപാരിയുടെ വീട്ടിലാണ്. തന്റെ ഭാര്യയുടെ ചികിത്സാ സംബന്ധമായ കാര്യങ്ങൾ ചെന്നൈയിൽ നടക്കുമ്പോൾ അക്കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മദ്യ വ്യാപാരിയും അദ്ദേഹത്തിന്റെ സ്റ്റാഫുമായിരുന്നു.
വലിയ ബന്ധമാണ് നേതാവിന് മദ്യ വ്യാപാരിയുമായുള്ളത്. ഡിസ്റ്റിലറി ഇനത്തിൽ ഇതേ നേതാവിന് മദ്യ വ്യാപാരി കോടികൾ കോഴ കൊടുത്തിട്ടുണ്ടെന്ന കാര്യം ചെന്നിത്തലക്കറിയാം. എന്നാൽ അത് എക്സൈസ് മന്ത്രിയുടെ തലയിൽ കെട്ടി ഒതുക്കാനായിരുന്നു അന്നത്തെ ശ്രമം.കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിയായ ഒരു ഉന്നതന്റെ അടുത്ത ബന്ധുവാണ് ചേർത്തല സ്വദേശിയായ മദ്യ വ്യാപാരി. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്തും അദ്ദേഹം ധാരാളം നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ സുപ്രധാന തസ്തികയിലിരിക്കുന്ന നേതാവാണ് അദ്ദേഹത്തെ സഹായിക്കാറുള്ളത്. നേതാവും മദ്യ കച്ചവടക്കാരനുമായുള്ള ബന്ധം സി പി എമ്മിൽ കുപ്രസിദ്ധമാണ്.
മുഖ്യമന്ത്രിയെ സി പി എം കൈവിട്ടതാണ് അന്ന് കരാർ റദ്ദാക്കാനുള്ള പ്രധാന കാരണം. കാനവും കോടിയേരിയും പിണറായിയെ അന്ന് തീർത്തും കൈവിട്ടു. മുഖ്യമന്ത്രി ഒറ്റക്ക് എടുത്ത തീരുമാനത്തിന്റെ ഫലം അദ്ദേഹം തന്നെ അനുഭവിക്കട്ടെ എന്നാണ് കോടിയേരി തീരുമാനിച്ചത്. അതിന് സി പി എം സംസ്ഥാന കമ്മിറ്റിയുടെ പിന്തുണയുമുണ്ടായിരുന്നു കോടിയേരി മദ്യ വിവാദത്തിൽ അന്ന് ഒരക്ഷരവും പറഞ്ഞില്ല . പട്ടി ചത്താലും പ്രസ്താവന ഇറക്കുന്ന സി പി എം സെക്രട്ടേറിയറ്റ് വിവാദത്തിൽ ഒന്നും മിണ്ടിയില്ല. സി പി എം വിവാദത്തെ പ്രതിരോധിക്കുമെന്നാണ് മുഖ്യമന്ത്രി പോലും കരുതിയത്. മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്ന സമീപനമാണ് അദ്ദേഹം ഇക്കാര്യത്തിൽ സ്വീകരിച്ചത്.ഇത്തവണ കളി കാര്യമാകും. കാരണം ബിനോയ് വിശ്വം വിചാരിച്ചാൽ മാത്രം തീർക്കാവുന്ന വിഷയമല്ല ഇത്. വി.എസിന്റെ മുന്നണിപോരാളികൾ സർക്കാരിനെതിരെ ഒന്നടങ്കം രംഗത്തുണ്ട്.
https://www.facebook.com/Malayalivartha