ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ വീണ്ടും ജയിലിലേക്ക്
ഷാരോണ്‍ കൊലക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രീഷ്മ വീണ്ടും ജയിലിലേക്ക്. ഗ്രീഷ്മയെ ഉടന്‍ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോകും. നേരത്തെ ജാമ്യം ലഭിച്ച ഗ്രീഷ്മയ്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ജയിലിലേക്ക് കൊണ്ടുപോകുന്നത്.
മുമ്പ് ഒരു വര്‍ഷത്തോളം ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറിയില്‍വച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് നല്‍കിയ മരണമൊഴിയില്‍ കീടനാശിനി കഷായത്തില്‍ കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്ന് ഗ്രീഷ്മ സമ്മതിച്ചിരുന്നു. കൊല്ലാന്‍ തന്നെയായിരുന്നു ഉദ്ദേശമെന്നും പ്രതി വ്യക്തമാക്കിയിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്.
ഗ്രീഷ്മ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പല തവണ യുവതി ഷാരോണിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ഗ്രീഷ്മ തനിക്ക് കഷായത്തില്‍ കീടനാശിനി ചേര്‍ത്ത് നല്‍കിയെന്ന് ഷാരോണ്‍ സുഹൃത്തിനോടും പിതാവിനോടും മാത്രമേ പറഞ്ഞിരുന്നുള്ളൂ.
കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതിയായ അമ്മയെ വെറുതെ വിട്ടു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിടരുതായിരുന്നെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha