എംഎല്‍എ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി കണ്ടു
കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജ് തകര്‍ന്ന് വീണു പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി കണ്ടു. ഉമ തോമസിനെ മുറിയിലെത്തി കണ്ട മുഖ്യമന്ത്രി സുഖവിവരങ്ങള്‍ തിരക്കി. തന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉമ തോമസ് മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് എന്നിവരും ആശുപത്രിയിലെത്തി. മക്കളായ വിവേക്, വിഷ്ണു, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
സുഖം പ്രാപിക്കുന്ന ഉമ തോമസ് വൈകാതെ ആശുപത്രി വിടുമെന്നാണു ഡോക്ടര്‍മാര്‍ നല്കുന്ന സൂചന. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആര്.ബിന്ദുവിനോടും മറ്റുള്ളവരോടും ഉമ തോമസ് വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലേക്കു പോകും.
ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായി സ്ഥലം എംഎല്‍എ കൂടിയായ ഉമ തോമസ് എത്തിയത്. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയില്‍നിന്ന് 15 അടി താഴേക്കു പതിച്ചു ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റു. സ്റ്റേജ് കെട്ടിയതില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നു കണ്ടെത്തി സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൊച്ചി കോര്‍പറേഷനും ജിസിഡിഎയും പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha