നെയ്യാറ്റിൻകര സമാധി; കുടുംബത്തിന്‍റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും: തലയിൽ കരുവാളിച്ച പാടുകൾ... ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടോ എന്ന് സംശയം....
നെയ്യാറ്റിൻകര സമാധി കേസിൽ, കുടുംബത്തിന്‍റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. കുടുബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോർട്ട്. മരണം നടന്ന സമയത്തെക്കുറിച്ച് അവ്യക്തതയുണ്ട്. തലയിൽ കരുവാളിച്ച പാടുകളുണ്ട്.
ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടെന്ന് സംശയമുള്ളതായി ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഗോപന്റെ ആന്തരികാവയവങ്ങളുടെ സാംപിൾ രാസപരിശോധനയ്ക്കായി വിവിധ ലാബുകളിൽ അയച്ചിരുന്നു. ഇതിന്റെ ഫലം കിട്ടാൻ വൈകുമെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. മരണത്തിൽ അസ്വാഭാവിക ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗോപന്റെ മക്കളിൽനിന്നും മറ്റ് ബന്ധുക്കളിൽനിന്നും ഇന്നു വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. 9ന് രാവിലെ പത്തരയോടെയാണ് ഗോപൻ സമാധിയിരിക്കാൻ പോയതെന്ന് മക്കൾ പറയുന്നു. അടുത്ത ദിവസം പുലർച്ചെ മൂന്നരയോടെ ‘സമാധി’ പൂർത്തിയായെന്നുമാണ് ഇവർ പൊലീസ് നൽകിയ മൊഴി. സ്ഥലവാസികളിൽ ചിലരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
അതിനിടെ പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പുതുതായി നിർമിച്ച കല്ലറയിൽ സംസ്കരിച്ചു. ആദ്യം നിർമിച്ച കല്ലറ പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയത് തയാറാക്കിയാണ് ഗോപന്റെ മൃതദേഹം സംസ്കരിച്ചത്. ഇതിനു ശേഷം ഇവിടെ ആരാധനയും തുടങ്ങി. അച്ഛനെ സമാധിത്തറയിൽ സമാധി ഇരുത്തുകയായിരുന്നുവെന്ന് ഗോപന്റെ മക്കളായ സനന്ദൻ, രാജസേനൻ എന്നിവർ പറഞ്ഞു.
കല്ലറയ്ക്ക് ‘ഋഷിപീഠ’മെന്ന പേരും നൽകി.പഴയ കല്ലറ വ്യാഴാഴ്ച പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം, മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നെയ്യാറ്റിൻകര നിംസ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നാമജപയാത്രയായിട്ടാണ് മൃതദേഹം ആറാലുംമുംമൂട്ടിലെ വീട്ടുവളപ്പിൽ എത്തിച്ചത്.
സന്യാസിമാരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ചെങ്കൽ മഹേശ്വരം മഠാധിപതി സ്വാമി മഹേശ്വരാനന്ദ, ചെങ്കൽ ക്ഷേത്രം മേൽശാന്തി കുമാർ മഹേശ്വരം, കാശിലിംഗ ഗുരുസ്വാമി സമാധി ധർമ മഠം മഠാധിപതി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവർ കാർമികരായി. ഒരാൾക്ക് മാത്രം ഇരിക്കാവുന്ന അറയിലായിരുന്നു നേരത്തേ ‘സമാധി’ ഇരുത്തിയതെന്നാണ് മക്കൾ പറഞ്ഞത്. പഴയതിന്റെ ഇരട്ടിയിലധികം വലുപ്പത്തിലാണ് പുതിയ കല്ലറ നിർമിച്ചത്.
പീഠപൂജ ചെയ്ത് ഭസ്മവും, പച്ചകർപ്പൂരവും ഇട്ട ശേഷം മൃതദേഹം ഭസ്മം കൊണ്ടു മൂടി. മകൻ സനന്ദൻ ഉൾപ്പെടെ 3 പേരാണ് കല്ലറയിൽ ഇറങ്ങിയത്. 500 കിലോ ഭസ്മവും 50 കിലോ പച്ച കർപ്പൂരവുമാണ് ആദ്യമെത്തിച്ചത്. തികയില്ലെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും, 200 കിലോ പച്ച കർപ്പൂരവും അധികം വാങ്ങി. വിവാദമായപ്പോൾ നടത്തിയ പരാമർശങ്ങളിൽ മാപ്പു ചോദിക്കുന്നുവെന്നും പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സനന്ദൻ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം . ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. തിരുവനന്തപുരം സബ് കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തിയ ശേഷം പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടിയെന്നുമാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്.
കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. നേരത്തേ പോലീസ് പൊളിച്ച സമാധിസ്ഥലത്ത് കൂടുതൽ വലിപ്പത്തിൽ വീട്ടുകാർ പുതിയ സമാധിപീഠം നിർമിച്ചു. ഋഷിപീഠമെന്നു പേരിട്ടിരിക്കുന്ന ഇവിടം തീർത്ഥാടനകേന്ദ്രമാക്കുമെന്ന് വീട്ടുകാർ അറിയിച്ചു.
https://www.facebook.com/Malayalivartha