ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തി; കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ പിഴയും
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകന്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ക്ക് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ചീരക്കറിയിലും ചോറിലും വിഷം കലര്‍ത്തിയാണ് ബഷീറും ഫസീലയും നബീസയെ കൊലപ്പെടുത്തിയത്. പ്രതികള്‍ 2 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2016 ജൂണ്‍ 24നു രാവിലെയാണു മണ്ണാര്‍ക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാട് ഭാഗത്ത് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തെ സഞ്ചിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. എഴുതാന്‍ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഫസീലയുടെ 43 പവന്‍ സ്വര്‍ണാഭരണം കാണാതായിരുന്നു. ഇതു നബീസ എടുത്തതാണെന്നാണു ഫസീല പറഞ്ഞിരുന്നത്.
അതേസമയം ഇതു ഫസീല തന്നെ ഒളിപ്പിച്ചതാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ഒരു ബന്ധുവിന്റെ ആഭരണം നഷ്ടമായ സംഭവത്തില്‍ ഫസീലയ്ക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നബീസ പുറത്തുപറഞ്ഞതിനാലാണു നബീസയെ ഇല്ലാതാക്കാന്‍ ഫസീല തീരുമാനിച്ചത്. നബീസയുടെ മരണത്തോടെ തന്റെ ചീത്തപ്പേരുകള്‍ മാറുമെന്ന കണക്കുകൂട്ടലിലാണു കൊലപാതകം ആസൂത്രണം ചെയ്തത്.
2016 ജൂണ്‍ 21നു മണ്ണാര്‍ക്കാട് നൊട്ടന്മലയിലെ ബന്ധുവിന്റെ വീട്ടിലേക്കു പോയ നബീസയെ 22നു ബഷീര്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി. അവിടെവച്ച് വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഭക്ഷണത്തിലൂടെയും ബലമായും വിഷം നല്‍കി. ബലപ്രയോഗത്തിനിടെ നബീസയുടെ കൈക്കും തലയ്ക്കും പരുക്കേറ്റു. പുലര്‍ച്ചെയോടെ മരണം ഉറപ്പാക്കി.
അന്നു മൃതദേഹം ബഷീറിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ചു. 23നു പുലര്‍ച്ചെ ഒരു മണിയോടെ കാറില്‍ ബഷീറും ഭാര്യ ഫസീലയും ചേര്‍ന്ന് മൃതദേഹം ആര്യമ്പാവില്‍ ഉപേക്ഷിച്ചു. നബീസയെ കാണാനില്ലെന്നു പരാതിപ്പെടാനും മൃതദേഹം കണ്ടെത്തിയപ്പോള്‍ പൊലീസിനു മൊഴിനല്‍കാനും മുന്നിലുണ്ടായിരുന്നതു ബഷീറാണ്. ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റും പരിശോധിച്ചാണു പൊലീസ് പ്രതികളിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha