പ്രമോഷന്‍ റീല്‍സ് ചിത്രീകരണത്തിനിടെ അപകടമരണം: വാഹനം മലയാളി യുവതിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ്
പ്രമോഷന്‍ റീല്‍സ് ചിത്രീകരണത്തിനിടെ കാര്‍ ഇടിച്ചു യുവാവ് മരിച്ച സംഭവത്തില്‍, മലയാളി യുവതിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നു പൊലീസ് കണ്ടെത്തി. ഹൈദരാബാദ് സ്വദേശി അശ്വിന്‍ ജെയിന്‍ എന്നയാളുടെ പേരിലായിരുന്നു വാഹനം എന്നായിരുന്നു ആദ്യവിവരം. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണു കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പേരിലാണു കാര്‍ എന്നു കണ്ടെത്തിയത്.
ബീച്ച് റോഡില്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണു വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന്‍ ആല്‍വിന്‍ (20) കാറിടിച്ചു മരിച്ചത്. അപകടത്തെ തുടര്‍ന്നു, കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാബിദ് റഹ്മാന്റെ ലൈസന്‍സ് ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തു. ഒരു കാര്‍ ആക്‌സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ചിത്രീകരിക്കുമ്പോഴായിരുന്നു ഡിസംബറില്‍ അപകടമുണ്ടായത്.
ആഡംബര കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഹൈദരാബാദിലെ കമ്പനിയിലെ അശ്വിന്‍ ജെയിന്റെ പേരിലാണു വാഹനം എന്നാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹൈദരാബാദ് കമ്പനി ഡല്‍ഹിയിലുള്ള മറ്റൊരു കമ്പനിക്ക് കാര്‍ വിറ്റിരുന്നു.
ഡല്‍ഹിയിലെ കമ്പനിയില്‍ നിന്നാണ് വാഹനം കോഴിക്കോട് സ്വദേശിയായ യുവതിയുടെ പേരില്‍ വാങ്ങിയത്. എന്നാല്‍ വാഹനം ഡല്‍ഹിയിലെ കമ്പനിയുടെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. വാഹനം വിറ്റതുമായി ബന്ധപ്പെട്ട് വില്‍പന കരാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാര്‍ യുവതിയുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസമാണു വെള്ളയില്‍ പൊലീസ് ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha