നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവം: ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍.സിയും റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍.സിയും മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. അറസ്റ്റിലായ ഡ്രൈവര്‍ ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ദാസിന്റെ (34) ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ അലക്ഷ്യമായി വാഹനം ഓടിച്ച് ജിവന്‍ നഷ്ടപ്പെടുത്തിയതിനാണ് പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രിയാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 60 വയസുകാരി ദാസിനി മരിച്ചിരുന്നു. 44 പേര്‍ക്ക് പരിക്കേറ്റു. പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകടസമയം സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്.
അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ശബ്ദം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സുകളിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha