സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്
നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവര്‍ത്തകര്‍ ആണെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു. സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫിസിലാണ് താമസിപ്പിച്ചത്. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണ് ഇത്. ഓഫിസില്‍വച്ച് ഉപദ്രവം ഒന്നുമുണ്ടായില്ല. പകരം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.
ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അശോകന്‍ എന്നയാളാണ് വാഹനത്തില്‍ കയറ്റിയത്. കാല്‍ വാഹനത്തിന്റെ ഡോറിനിടയില്‍ കുടുങ്ങിയപ്പോള്‍ അവിടെ എത്തിയതിനുശേഷം വെട്ടി തന്നേക്കാമെന്നാണ് വാഹനത്തില്‍ പിടിച്ചു കയറ്റിയ ആള്‍ പറഞ്ഞത്. തന്റെ മകനെക്കാള്‍ ചെറിയ കുട്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും കല പറഞ്ഞു.
ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാഹനത്തിലേക്ക് വലിച്ചുകയറ്റിയത്. ഏരിയകമ്മിറ്റി ഓഫിസിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. ഹൃദ്രോഗിയാണെന്നു പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഗുളികയാണ് നല്‍കിയത്. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
സിപിഎമ്മില്‍ തുടരുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കും. അവിശ്വാസം കഴിഞ്ഞതിനു ശേഷം ഇറക്കിവിടാമെന്നു പറഞ്ഞാല്‍ കാര്യമില്ല. രാവിലെ പൊലീസുകാര്‍ സംരക്ഷണം തരേണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം, കലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha