ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...
ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. കേന്ദ്ര സർക്കാരിനെ പോലും ഞ്ഞെട്ടിച്ചുകൊണ്ടാണ് കരിപ്പൂർ സ്വർണ കടത്ത് കേസിൽ സി ഐ എസ് എഫ് - കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സർക്കാർ ഉദ്യോഗസഥരുടെ വീടുകളിൽ ഇങ്ങനെയൊരു വിജിലൻസ് റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം, അമൃതസർ, ഹരിയാന എന്നിവങ്ങളിലാണ് റെയ്ഡ് നടന്നത്. സ്വർണ കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തൽ.
2023 ൽ മലപ്പുറം പൊലിസ് രജിസ്റ്റർ ചെയ്ത കേസ് വിജിലൻസിന് കൈമാറുകയായിരുന്നു.കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡിനൊപ്പം തന്നെ ഇടനിലക്കാരുടെ വീടുകളിലും വിജിലൻസ് റെയ്ഡ് നടത്തി . മലപ്പുറം വിജിലൻസ് ഡി വൈ എസ് പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സി ഐ എസ് എഫ് അസിസ്റ്റന്‍റ് കമാൻഡന്‍റ് നവീൻ കുമാർ, കസ്റ്റംസ് ഇൻസ്പെക്ടർ സന്ദീപ് എന്നിവർ മുഖ്യപ്രതികളായ കേസിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. പ്രത്യക്ഷത്തിൽ സകലമാന മലയാളികളും അന്തം വിടുന്ന ഈ വാർത്തക്ക് പിന്നിൽ സി പി എമ്മിലെ കണ്ണൂർ വിഭാഗീയതയുടെ ഒരു കഥയുണ്ട്. പിണറായിയുടെ കണ്ണിലെ കണ്ണൂർ കരടുകളായ പി.ജയരാജനെയും സംഘത്തെയും ഒതുക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് വിജിലൻസ് റെയ്ഡ്.
കേന്ദ്രത്തിന്റെ മടയിൽ പിണറായി കയറിയ സാഹചര്യത്തിൽ പി. ജയരാജന്റെ വിശ്വസ്തരായ കരിപ്പൂർ സ്വർണ്ണക്കടത്തുകാരെ കേന്ദ്രം ചാമ്പും. അതോടെ പിണറായിക്ക് സമാധാനമാകും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2023ല്‍ പിടികൂടിയത് 300 കിലോയിലധികം സ്വര്‍ണമാണ്. അതായത് ഏകദേശം 200 കോടി വിലമതിക്കുന്ന സ്വർണം. ഇതിൽ 270 കിലോയിലധികം സ്വര്‍ണവും പിടികൂടിയത് കസ്റ്റംസാണ്. എന്നാല്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നായി 30 കിലോയിലധികം സ്വര്‍ണം കണ്ടെടുത്തതാകട്ടെ പൊലീസ് സംഘവും.പോലീസ് എന്നാൽ പുറത്തായ എ.ഡി. ജി. പി. എം.ആർ. അജിത് കുമാറിന്റെ വിശ്വസ്തനായിരുന്ന മുൻ ജില്ലാ പോലീസ് മേധാവി സുജിത് ദാസ്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ ഏറ്റവും കൂടുതല്‍ സ്വർണം ഒഴുകുന്ന വിമാനത്താവളമാണ് കരിപ്പൂർ. ഇതിന് സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഒത്താശയുണ്ടെന്നത് അന്വേഷണത്തിൽ വ്യക്തവുമാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാണ്ടന്‍റ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. പൊലീസിന്‍റെ ശക്തമായ നിരീക്ഷണമാണ് സ്വര്‍ണ കടത്ത് സംഘത്തിനും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കും കുരുക്കാവുന്നത്.വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തുമ്പോഴാണ് പ്രതികള്‍ പൊലീസിന്‍റെ വലയിലാകുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന സ്വര്‍ണം എവിടേക്കെത്തുന്നു എന്നത് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തും.സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെയുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയതും പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു.
നിലവിൽ സസ്പെൻഷനിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥന് എതിരായ കേസ് വിജിലന്‍സിന് കൈമാറിയിരുന്നു. വിമാനത്താവളത്തിനുള്ളിലോ അല്ലെങ്കില്‍ പുറത്തുവച്ചോ ഓരോ തവണ പിടിവീഴുമ്പോഴും സ്വര്‍ണക്കടത്തില്‍ പുതിയ രീതികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കടത്ത് സംഘങ്ങള്‍. ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചും ക്യാപ്‌സ്യൂള്‍ രൂപത്തില്‍ വിഴുങ്ങിയുമൊക്കെ പിടിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. അടിവസ്ത്രത്തിലുള്‍പ്പടെ സ്വര്‍ണ മിശ്രിതം തേച്ചുപിടിപ്പിച്ച് പിടിയിലായ 'മിടുക്കന്മാരു'മുണ്ട്. ഫ്ലാസ്‌കിലും ട്രിമ്മറിന്‍റെ മോട്ടോറിലും തുടങ്ങി മിക്‌സിക്കുള്ളില്‍ വരെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് പിടിയിലായവരുമുണ്ട്. സ്ത്രീകളെ കൂടുതലായി സ്വർണക്കടത്തിന് ഉപയോഗിക്കുന്നതും അടുത്തിടെ വർധിച്ച് വന്നിട്ടുണ്ട്.
ഇതൊരു തൊഴിലാക്കിയവർ എത്ര കോടിയുടെ സ്വർണം കടത്തി രക്ഷപ്പെട്ടു എന്നതിന് യാതൊരു കണക്കുമില്ല. ഇതുവഴി വൻ തുക കമ്മിഷൻ വാങ്ങിയ ഉദ്യോഗസ്ഥർ പലരും ഇപ്പോഴും ജോലിയില്‍ തുടരുന്നുമുണ്ട്. കടത്ത് മുതലാളിമാർ നൽകുന്ന കോഡുകൾക്ക് അനുസരിച്ചാണ് കടത്ത് തൊഴിലാളികള്‍ കൂളായി വിമാനത്താവളത്തിന് പുറത്ത് കടക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ നീക്കങ്ങള്‍ അതിനിഗൂഢമാണെന്ന് പറയാം.2021 ജൂൺ 21ന് രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവമുണ്ടായിരുന്നു. രണ്ട് സംഘങ്ങൾ സ്വർണക്കടത്തിന് ശ്രമം നടത്തിയതാണ് അപകടത്തിൽ കലാശിച്ചത്. കൊടുവള്ളി, പാലക്കാട്, കണ്ണൂർ സംഘങ്ങളുടെ പിന്നാമ്പുറ കഥകൾ ഒന്നൊന്നായി പുറത്ത് വന്നു.
പലതും ഞെട്ടിക്കുന്നവയായിരുന്നു. തട്ടിക്കൊണ്ടുപോകലുകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ. അധോലോക സംഘത്തെ വെല്ലുന്ന പല സംഘങ്ങളും ഈ കൊച്ചു കേരളത്തിൽ വിലസുകയാണ്. പുറത്തറിഞ്ഞതിന്‍റെ കണക്കുകൾ ഭീകരം, അറിയാത്തത് അതിഭീകരം.കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പോലിസ് പറഞ്ഞു തുടങ്ങിയിട്ട് കുറെ നാളുകളായി. സിഐഎസ്എഫ് അസി. കമാന്റഡന്റ് നവീനാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചതെന്നും ഇദ്ദേഹത്തിന്റെ സഹായത്തോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയെന്നും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. മലപ്പുറം മുൻ എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്.
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം വിമാനത്താവളത്തിനു പുറത്തുവച്ച് മൂന്ന് തവണ പോലിസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഐഎസ്എഎഫിലെ ഉന്നത ഉദ്യോഗസ്ഥനാണ് പിന്നിലെന്ന് വ്യക്തമായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ ഉള്‍പ്പെടെ ഇവരില്‍ നിന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. അസി. കമാന്‍ഡന്റിന്റെ ഒത്താശയോടെ 60 തവണ സ്വര്‍ണം കടത്തിയെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി സ്വദേശി റഫീഖ് എന്നയാള്‍ക്കു വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ സിഐഎസ്എഫ് അസി. കമാന്റന്‍ഡിന്റെയും കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും പേരില്‍ കരിപ്പൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരനായ ഷറഫലി, സ്വര്‍ണം വാങ്ങാനെത്തിയ ഫൈസല്‍ എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും പോലിസ് വ്യക്തമാക്കുന്നു.
സുജിത് ദാസ് നടത്തിയ അന്വേഷണങ്ങൾ ഏകോപിപ്പിച്ചത് സി. ജി. പി. എം.ആർ. അജിത് കുമാറാണ്. എഡിജിപി പി.വിജയനെതിരെ എം.ആർ. അജിത് കുമാർ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് വിജയനെതിരെ ആരോപണമുള്ളത്. കരിപ്പൂരിലെ സ്വർണക്കടത്തിൽ പി. വിജയന് പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് അജിത് കുമാറിന്റെ മൊഴി. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വർണക്കടത്തിൽ പങ്കുള്ളതായാണ് ആരോപണം. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ മറ്റു ചില അംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു. സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദേശിച്ചതെന്നും അജിത് കുമാർ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് അജിത് കുമാർ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.
അജിത് കുമാറിനും സുജിത് ദാസിനും സ്വർണക്കടത്തുമായി ബന്ധമുള്ളതായി പി.വി. അൻവർ എംഎൽഎ ആരോപിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഭാഗം വിശദീകരിക്കവേ വിജയനെതിരെ അജിത് കുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.വി. അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വച്ചിരുന്നു. ഇതിലാണ് അജിത് കുമാറിന്റെ മൊഴി ഉൾപ്പെടുത്തിയിട്ടുള്ളത്.അതേസമയം, എഡിജിപി പി.വിജയന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നു താൻ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും മുൻ എസ്‍പി സുജിത് ദാസ് പറഞ്ഞു. എം.ആര്‍. അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.
പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്ത് കുറഞ്ഞതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. സ്വർണ്ണം കടത്തുന്നത് എന്തിനു വേണ്ടിയാണെന്ന ചോദ്യത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. സ്വർണ്ണ കടത്ത് നടത്തി കിട്ടുന്ന പണം ദേശവിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് മുമ്പ് എൻ ഐ എ പറഞ്ഞപ്പോൾ പിണറായി സർക്കാർ ചിരിച്ചു തള്ളിയിരുന്നു. ഇപ്പോൾ എല്ലാം വെളിച്ചത്തായിരിക്കുന്നു. ദേശവിരുദ്ധ താൽപ്പര്യങ്ങൾക്ക് പിന്നിൽ സി പി എമ്മും ഉണ്ടെന്നാണ് കേന്ദ്ര സർക്കാരിൻ്റെ സംശയം.
ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തും ക്യാപ്‌സൂളുകളായും ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് കേരളത്തിലേക്ക് കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ എത്തിയിരുന്നത്. ഇത്തരം കള്ളക്കടത്ത് കേന്ദ്രങ്ങളുടെ പ്രധാന സ്ഥലം കരിപ്പൂര്‍ വിമാനത്താവളമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. മലബാറില്‍ നിന്നുള്ളവരാണ് കൂടുതല്‍ പിടിക്കപ്പെടാറുള്ളത്. 2022 കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മാത്രം 103.88 കോടിയുടെ സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയത്. രജിസ്റ്റര്‍ ചെയ്ത 250 കേസുകളുടെ ആകെ തൂക്കം 201.9കിലോയോളം വരും.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 210 കേസുകളിലായി 135.12 കിലോ സ്വര്‍ണ്ണമാണ് പിടിച്ചിരുന്നത്. ഒരുവര്‍ഷം കഴിയുമ്പോള്‍ 49.42 ശതമാനമാണ് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിലുള്ള വര്‍ദ്ധന.പോലീസിന്റെ കണക്ക് പരിശോധിച്ചാല്‍ കോടികളുടെ കണക്ക് ഇനിയും കൂടും. കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് പിടികൂടിയത് 43 കേസുകളാണ്. 36.3 കിലോ സ്വര്‍ണ്ണമാണ് ആകെ പിടിച്ചത്. 18 കോടിയിലേറെ വില വരും. സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണമാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,258 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263.33 കോടി മൂല്യമുള്ള 585.79 കിലോ ഗ്രാം സ്വര്‍ണ്ണമാണ് 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ പിടികൂടിയത്. 675 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 184.13 കോടി മൂല്യമുള്ള 403.11 കിലോ സ്വര്‍ണ്ണം 652 കേസുകളില്‍ നിന്ന് പിടികൂടി. ഏറ്റവും കൂടിയ അളവില്‍ സ്വര്‍ണ്ണം പിടികൂടിയത് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ്. 1,084 കേസുകളിലായി 267 കോടി മൂല്യമുള്ള 766.68 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018-19 കാലയളവിലാണ്. 1,167 കേസുകളിലായി 163.91 കോടി മൂല്യമുള്ള 653.61 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു.കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും സി. പി.എം. നേതാവ് പി. ജയരാജന്റെ വിശ്വസ്തരാണ്.
കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പിണറായി കുരുതിയാൽ ആയങ്കിയെയും തില്ലങ്കേരിയും കേന്ദ്രം ഒരുക്കും. ഇവരെ ഒരുക്കിയാൽ അത് പി. ജയരാജനുള്ള തിരിച്ചടിയാവും. പി.ജെക്ക് പി.വി. അൻവറുമായി ബന്ധമുണ്ടെന്ന സംശയം പിണറായിക്കുണ്ട്. തില്ലങ്കേരിയും ആയങ്കിയും പി.ജെയുടെ ചാവേറുകളാണ്. ആകാശും അർജുനും സി പി എമ്മിനോട് കലിപ്പ് തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി.അർജുനും ആകാശിനും എതിരെ ഡിവൈഎഫ്ഐയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി.സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്.
ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം.ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിയ്ക്ക് നൽകിയ പരാതിയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ചില നേതാക്കളുടെ ബന്ധം പാർട്ടിക്ക് കളങ്കമാണെന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിലെ വിമർശനം പി.ജയരാജനെ കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു.സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നിരുന്നു. മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു.
ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തകാര്യം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ജില്ലയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നായിരുന്നു പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിലെ രൂക്ഷ വിമർശനം.
സംസ്ഥാനത്ത് മുഴുവൻ പരസ്പരം പോരടിക്കുന്ന സി പി എമ്മും സിപിഐയും പി ജയരാജൻ്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇ.കെ. നായനാർക്ക് ശേഷം കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാവായിരുന്നു ജയരാജൻ. ഈ സ്വാധീനം വ്യക്തിപൂജയിലേക്കെത്തുകയും പാർട്ടി ചട്ടക്കൂടിന് അപ്പുറത്തേക്ക് വളരാൻ ശ്രമിച്ചതുമാണ് ഇദ്ദേഹത്തിന് വിനയായത്. ആർ.എസ്.എസ് ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് അദ്ദേഹം. ലളിത ജീവിതം നയിച്ചതും, താഴെക്കിടയിലുള്ള പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ചതുമൊക്കെയാണ് ജയരാജനെ അണികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. എന്നാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്.
തുടർച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഭരണത്തിന്റെ പ്രതിഛായക്കു പോലും മങ്ങലേൽപ്പിക്കുന്ന വിധത്തിൽ വളർന്നതോടെയാണ് ജയരാജനെതിരെ നീക്കമാരംഭിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന വേളയിൽ പോലും രാഷ്ട്രീയ കൊലപാതകം നടന്നതും ബി.ജെ.പി ഇത് രാഷ്ട്രീയ ആയുധമാക്കിയതും അന്ന് വലിയ തിരിച്ചടിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ടിക്കറ്റ് നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാർട്ടി നൽകിയില്ല. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും അവസരം ലഭിച്ചില്ല. ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വി.എൻ.വാസവൻ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാവുകയും ചെയ്തു.
സ്ഥാനമാനങ്ങളില്ലെങ്കിലും പി.ജെ ആർമിയിലൂടെ പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നിരുന്നുവെങ്കിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായതോടെ പി.ജെ ആർമിക്ക് പാർട്ടി വിലക്കേർപ്പെടുത്തി. റെഡ് ആർമി എന്ന പേരിൽ ഇത് പുനർജീവിപ്പിച്ചുവെങ്കിലും സജീവമല്ലാതായി.പി.ജെ ആർമിയുടെ അമരക്കാരായിരുന്നു അർജുൻ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും. ഇവർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പി. ജയരാജൻ വീണ്ടും വിവാദപുരുഷനായത്. ഇവർക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജൻ ഇവരെ തള്ളി പറഞ്ഞുവെങ്കിലും മാധ്യമങ്ങൾ ഇതിന് പിന്നാലെ പോയി വിവാദങ്ങൾ സജീവമാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഈ വിവാദമായിരുന്നു.
കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ ഇവരുമായുള്ള അടുപ്പത്തെക്കുറിച്ച് സി.ഐ.ടി.യു നേതാവ് കെ.പി. സഹദേവൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയരാജൻ പൊട്ടിത്തെറിച്ചുവെന്നും ഇത് വാഗ്വാദത്തിലേക്ക് മാറുകയും യോഗം നിർത്തിവെക്കേണ്ടി വരികയും ചെയ്തുവെന്നുമാണ് പറയുന്നത്. പാർട്ടിക്കകത്തു മാത്രം അറിയേണ്ട താക്കീത് എന്ന നടപടി, യോഗശേഷം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതും ശ്രദ്ധേയമാണ്. കണ്ണൂരിൽ ജയരാജനു പിന്നിൽ അണിനിരന്ന പ്രവർത്തകരിൽ പലരും ഇന്ന് പാർട്ടിയിലില്ല. ആന്തൂരിൽ നടപടിക്ക് വിധേയരായവരിൽ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. മാത്രമല്ല, ജില്ലയിൽ പലയിടങ്ങളിലും ഇത്തരം പ്രവർത്തകരുണ്ട്.
പാർലമെന്ററി രംഗത്ത് അധികകാലമൊന്നും പ്രവർത്തിക്കാത്ത മുതിർന്ന നേതാവായ ജയരാജൻ, നിലവിൽ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല. ജയരാജന് പാർട്ടിയിൽ പിടിവിട്ടതോടെയാണ് ആകാശും അർജുനും സി പി എമ്മിനെതിരെ തിരിഞ്ഞത്. സി പി എമ്മിൻ്റെ വഴിവിട്ട പോക്കിനെതിരെ കണ്ണൂരിലെ ഒരു വലിയ വിഭാഗം നേതാക്കൾ രംഗത്തുണ്ട്. പിണറായി വിഴുന്നത് കാത്തിരിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായ കസ്റ്റംസ് തിരയുന്ന അർജ്ജുൻ ആയങ്കി പ്രവർത്തിക്കുന്നത്. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റി നിർത്തിയെങ്കിലും പാർട്ടിയെ മറയാക്കിയാണ് ഇയാളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. പാർട്ടി തനിക്കൊപ്പമുണ്ടെന്നും പാർട്ടിക്കാർ തനിക്കൊപ്പം ഉണ്ടെന്നും അർജുൻ എപ്പോഴും ആവർത്തിക്കാറുണ്ട്.
ഏറ്റവും ഒടുവിൽ തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന ഒരു എഫ് ബി കുറിപ്പ് അർജുൻ ഇട്ടിട്ടുണ്ട്. 25 വയസ് മാത്രമാണ് കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുന്റെ പ്രായം. പ്ലസ്ടുവരെ പഠിച്ചു. 25 വയസിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായി. സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണ്ണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിനൊപ്പം അർജുൻ ചേർന്നിട്ട് നാല് വർഷം പിന്നിട്ടു. ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് വിവരം. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഉണ്ടായിരുന്ന അർജ്ജുൻ, സംഘടനയ്ക്ക് പുറത്താകുന്നത് കഴിഞ്ഞ വർഷമാണ്. പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇയാൾ സജീവമാണ്.
കസ്റ്റംസുകാരെ ചാമ്പിയ സാഹചര്യത്തിൽ പി ജയരാജന്റെ ശിഷ്യൻമാരെ കസ്റ്റംസുകാർ തൂക്കും. അങ്ങനെ ചെയ്താൽ പി.ജെക്ക് നാണക്കേടാവും. അതോടെ കണ്ണൂർ ലോബിയിലെ ആദർശ സിംഹത്തെ പിണറായിക്ക് ഒതുക്കാനാവും. പി.വി. അൻവറിന്റെ ആരാധകനെ ഒതുക്കാൻ ഇതിൽ കൂടുതൽ അവസരം വരുമോ?
https://www.facebook.com/Malayalivartha