ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും അംഗത്വം നേടിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെണ്‍കുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിച്ചും ബ്രോക്കര്‍മാര്‍ വഴിയുമാണ് വിവാഹം നടത്തിയത്. അതിഥിത്തൊഴിലാളികളെക്കുറിച്ച് പെണ്‍മക്കളുടെ മാതാപിതാക്കള്‍ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം നടത്തിയതെന്നും യൂണിയന്‍ പറയുന്നു.
എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. വിവാഹം കഴിഞ്ഞവരില്‍ ഏറിയ പങ്കും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു.
24 വര്‍ഷം മുന്‍പു ഒഡിഷയില്‍ നിന്നു തൊഴില്‍ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയില്‍ വാഴക്കുളം പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി പട്ടികയില്‍ അംഗമായത്. ഭവന നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ് രാജേന്ദ്ര നായിക്. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂര്‍ത്തിയായെന്നു ഓര്‍ഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു. അതിഥിത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി 25, 26 തീയതികളില്‍ കോട്ടയത്ത് ദേശീയ കോണ്‍ക്ലേവ് എഐടിയുസി വിളിച്ചുചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha