മണ്ഡലമകരവിളക്കു തീര്‍ഥാടനകാലത്തെ ദര്‍ശനം പൂര്‍ത്തിയായി...
മണ്ഡലമകരവിളക്കു തീര്‍ഥാടനകാലത്തെ ദര്‍ശനം പൂര്‍ത്തിയായി. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പില്‍ ഗുരുതി നടന്നു. ക്ഷേത്രനട ഇന്ന് അടയ്ക്കുന്നതാണ്.
രാത്രി അത്താഴ പൂജയോടെ ദര്‍ശനം പൂര്‍ത്തിയായി. തുടര്‍ന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയും പരിവാരങ്ങളുമെത്തി.
പിന്നാലെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി.മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബിജു.വി.നാഥ്, സോപാനം സ്‌പെഷല്‍ ഓഫിസര്‍ ജയകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാര്‍ എന്നിവരും മണിമണ്ഡപത്തിനു മുന്‍പിലെത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു.
കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ 'നിണം' തൂകി. റാന്നി കുന്നയ്ക്കാട്ട് ദേവീവിലാസത്തില്‍ ജെ.അജിത്കുമാര്‍, ജെ.ജയകുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഗുരുതി നടത്തിയ കര്‍മികള്‍ക്കു രാജപ്രതിനിധി ദക്ഷിണ നല്‍കി. ഇന്നു രാവിലെ തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. തുടര്‍ന്ന് തിരുവാഭരണവാഹകര്‍ തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി പതിനെട്ടാംപടി ഇറങ്ങും. തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനം. അയ്യപ്പ വിഗ്രഹത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കി നട അടയ്ക്കുകയും ചെയ്യും. ശ്രീകോവിലിന്റെ താക്കോല്‍ കൈമാറ്റവും നടക്കുന്നതാണ്.
https://www.facebook.com/Malayalivartha