പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തും മുന്‍പ് സി.പി.എം, സി.പി.ഐ പോര്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയെ വെട്ടിനിരത്താന്‍ സി.പി.എം ഗൂഢാലോചന തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊന്നാനി സീറ്റായിരുന്നു തര്‍ക്കമെങ്കില്‍ ഇത്തവണ തിരുവനന്തപുരമാണ് സി.പി.എം കണ്ണുവെക്കുന്നത്. തിരുവനന്തപുരം സീറ്റ് സി.പി.ഐയില്‍ നിന്ന് പിടിച്ചെടുത്ത് മുന്‍മന്ത്രി എം. വിജയകുമാറിനെ മത്സരിപ്പിക്കാനാണ് നീക്കം. അതേസമയം ദേശീയ വനിതാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയെ രംഗത്തിറക്കാനാണ് സി.പി.ഐ ആലോചിക്കുന്നത്.
ഇതിനിടെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന വാര്‍ത്തയും ഇടതുമുന്നണിക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ലോക്‌സഭയില്‍ അംഗബലം വര്‍ധിപ്പിക്കേണ്ടത് സി.പി.എമ്മിന് അത്യാവശ്യമാണ്. കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച് വിജയിക്കണമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ ആഗ്രഹം. നിലവില്‍ സി.പി.ഐക്ക് നല്‍കിയിട്ടുള്ള നാല് സീറ്റില്‍ ഒരെണ്ണം തിരിച്ചെടുക്കാനാണ് സി.പി.എം ആലോചിക്കുന്നത്. അതേസമയം ഇത്തവണ അഞ്ച് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം സി.പി.ഐ ഇടതുമുന്നണിക്ക് മുന്നില്‍ വെക്കും.
തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നിവക്ക് പുറമെ ഇടുക്കി മണ്ഡലംകൂടി ആവശ്യപ്പെട്ട് മുന്നണിയില്‍ മേല്‍ക്കൈ നേടാനുള്ള നീക്കമാണ് സി.പി.ഐ നടത്തുന്നത്. എന്നാല്‍ വെളിയം ഭാര്‍ഗവനെയും സി.കെ ചന്ദ്രപ്പനെയും പോലെ വിലപേശല്‍ രാഷ്ട്രീയത്തിന് ധൈര്യം കാട്ടാത്ത ഇപ്പോഴത്തെ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ നിലപാട് സി.പി.ഐ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭാ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. പശ്ചിമ ബംഗാളില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തിലും കനത്ത തോല്‍വിയുണ്ടായാല്‍ ഒരു പ്രാദേശിക പാര്‍ട്ടിയായി സി.പി.എം ഒതുങ്ങും. ഇത് മുന്നില്‍ കണ്ടാണ് ഘടകകക്ഷികളെ ഒതുക്കാന്‍ സി.പി.എം നീക്കം തുടങ്ങിയത്. സി.പി.ഐയെ രണ്ട് സീറ്റ് നല്‍കി ഒതുക്കാനും സി.പി.എമ്മില്‍ തന്ത്രം രൂപപ്പെടുന്നുണ്ട്.
സോളാര്‍ കേസ് എല്‍.ഡി.എഫിന് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനായില്ലെന്ന വിമര്‍ശനം സി.പി.എമ്മിനെ പഴിചാരി ഘടകകക്ഷികള്‍ ഉന്നയിക്കുന്നുണ്ട്. ടി.പി വധം, പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കം, സോളാര്‍, ഫയാസ് തുടങ്ങി സി.പി.എം തന്നെ കുത്തിപ്പൊക്കിയ വിവാദങ്ങളിലെ പാര്‍ട്ടി പങ്കാളിത്തം, പാളിപ്പോയ സെക്രട്ടറിയേറ്റ് ഉപരോധം എന്നിങ്ങനെ സി.പി.എമ്മിന് തലവേദനകള്‍ ധാരാളമുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ സി.പി.എമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. വരുംദിവസങ്ങളില്‍ സീറ്റിനെ ചൊല്ലി മുന്നണിക്കുള്ളില്‍ പോര് മുറുകുന്നതോടെ എല്‍.ഡി.എഫിനുള്ളില്‍ രൂക്ഷമായ ഭിന്നതയാകും ഉണ്ടാകുക.
https://www.facebook.com/Malayalivartha