അധ്യാപകര്‍ക്കും അറിയാം സര്‍പ്രൈസ് കൊടുക്കാന്‍: നാഗവല്ലിയായി വൈറലായ അധ്യാപിക പറയുന്നു
ഇപ്പോള്‍ സര്‍പ്രൈസുകളുടെ കാലമാണ്. ഇപ്പോള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രശസ്തമായ ഒരു മുറൈ വന്തു പാര്‍ത്തായ എന്ന ഗാനത്തിന് ചുവടു വച്ച് വൈറലായി കോട്ടയം മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരാണ് താരങ്ങള്‍. സ്‌കൂള്‍ വാര്‍ഷികത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ അധ്യാപകര്‍ ചേര്‍ന്നൊരുക്കിയ നൃത്തത്തിന്റെ ഒരു ഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
തിങ്ങി നിറഞ്ഞിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലൂടെ 'നാഗവല്ലി' ആയി നൃത്തം ചെയ്ത് കടന്നു വന്ന അധ്യാപികയെ 'രാമനാഥന്‍' ആയി എത്തിയ അധ്യാപകന്‍ വേദിയിലേക്ക് ആനയിക്കുന്ന നൃത്തഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. അധ്യാപകരെല്ലാവരും കൂടി അവതരിപ്പിച്ച സംഘനൃത്തത്തിന്റെ ഓപ്പണിങ് സീന്‍ ആയാണ് 'നാഗവല്ലി'യെ അവതരിപ്പിച്ചത്. ഗംഭീര കയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകരുടെ കലാവിരുന്നിനെ സ്വീകരിച്ചത്.
മണര്‍കാട് സെന്റ് മേരീസ് സ്‌കൂളിലെ മലയാളം അധ്യാപികയായ സ്മിജ.എസും ഗസ്റ്റ് അധ്യാപകനായ ജോസ് വിന്‍സുമാണ് വൈറല്‍ വിഡിയോയിലെ താരങ്ങള്‍. ജോസ് വിന്‍സാണ് സ്‌കൂളിലെ പരിപാടിയുടെ ഒരു ഭാഗം സ്വന്തം പേജില്‍ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ അധ്യാപകര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.
അപ്രതീക്ഷിതമായ വിഡിയോ ഹിറ്റ് അടിച്ചതിന്റെ അമ്പരപ്പിലാണ് അധ്യാപികയായ സ്മിജ. 'വെറുതെ പിള്ളേരെ ഒന്ന് എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാമെന്നു കരുതി ചാടി ഇറങ്ങിയതായിരുന്നു. ഇങ്ങനെ ഹിറ്റാകുമെന്ന് കരുതിയില്ല. ഇത്തവണ സ്‌കൂളില്‍ നിന്ന് നാല് അധ്യാപകര്‍ വിരമിക്കുന്നുണ്ട്. ഞങ്ങളുടെ ഹയര്‍ സെക്കണ്ടറി തുടങ്ങിയ കാലം മുതലുള്ള അധ്യാപകരാണ്. അവര്‍ ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ സ്‌കൂളിന്റെ സ്വന്തം! അവര്‍ക്ക് സ്‌പെഷലായി എന്തെങ്കിലും ചെയ്യണമല്ലോ എന്ന ആലോചനയിലാണ് അധ്യാപകരുടെ ഒരു പെര്‍ഫോമന്‍സ് എന്ന ആശയം വന്നത്,' സ്മിജ പറഞ്ഞു.
'അധ്യാപകരുടെ പെര്‍ഫോമന്‍സിലേക്ക് പിള്ളേരുടെ ശ്രദ്ധ കൊണ്ടു വരാന്‍ വേണ്ടി ഒരു സ്‌പെഷല്‍ എന്‍ട്രി നടത്തിയതാണ്. നാഗവല്ലി എന്ന ആശയം മുന്നോട്ടു വച്ചത് ജോസ് സര്‍ ആയിരുന്നു. എത്രത്തോളം വിജയിക്കും എന്നൊന്നും അറിയില്ലായിരുന്നു. കുട്ടികളുടെ ഇടയില്‍ നിന്നു കളിച്ചു വരുന്ന തരത്തിലായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷേ, സര്‍പ്രൈസ് ആയതുകൊണ്ട് നേരത്തെ കുട്ടികളുടെ കസേരകള്‍ക്കിടയില്‍ ഡാന്‍സ് ചെയ്യാനുള്ള ഗ്യാപ്പ് ഇടാനും പറ്റിയില്ല. അവസാനം, രണ്ടു മൂന്നു കസേരകള്‍ പെട്ടെന്നു മാറ്റിയാണ് ഡാന്‍സ് ചെയ്യാനുള്ള സ്ഥലം ഉണ്ടാക്കിയത്,' സ്മിജ പറയുന്നു.
'എല്ലാവര്‍ക്കും സര്‍പ്രൈസ് ആയതിനാല്‍ ഡാന്‍സിന്റെ തുടക്കം ഒന്നും ആരും ഷൂട്ട് ചെയ്തില്ല. അവസാനത്തെ കുറച്ചു ഭാഗം മാത്രമാണ് വിഡിയോ എടുത്തത്. അതു വൈറലാവുകയും ചെയ്തു. ഞാന്‍ ഡാന്‍സ് കളിച്ച് സ്റ്റേജില്‍ കയറിച്ചെന്ന് എല്ലാവരും കൂടി ഒരു പെര്‍ഫോമന്‍സ് ഉണ്ട്. ആദ്യം മൂന്നു പേരും പിന്നെ പത്ത് അധ്യാപകരും ചേര്‍ന്നുമാണ് പെര്‍ഫോമന്‍സ്. ജോസ് സാറാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു പരിപാടി. അടുത്ത ദിവസം ആയപ്പോഴേക്കും ഒരുപാടു കാഴ്ചക്കാരായി. ദൈവമേ, കയ്യില്‍ നിന്നു പോയല്ലോ എന്ന ഫീലായിരുന്നു എനിക്ക്. ആരും ഇത്രയും പ്രതീക്ഷിച്ചില്ല. കുട്ടികള്‍ കട്ട സപ്പോര്‍ട്ടാണ്. അവരാണ് ഞങ്ങളെക്കാള്‍ ഹാപ്പി,' സ്മിജ പറയുന്നു.
https://www.facebook.com/Malayalivartha