വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍
കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. കലാ രാജുവിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ അരുണ്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അരുണിന് പുറമെ മറ്റ് ചില പ്രവര്‍ത്തകരുടെ അറസ്റ്റും തിങ്കളാഴ്ചയുണ്ടായേക്കും എന്നാണ് വിവരം. കേസില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുമ്പോഴാണ് നടപടി.
ശനിയാഴ്ചയാണ് എല്‍.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സ്വന്തം കൗണ്‍സിലറെ സി.പി.എം. പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ പിന്നീട് പ്രവര്‍ത്തകര്‍തന്നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയില്‍ സിപിഎം നേതാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് സംഭവത്തില്‍ കൂത്താട്ടുകുളം പോലീസ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തോക്കിന്‍ മുനയില്‍ നിന്നാണ് കല രാജു ഇപ്പോള്‍ സംസാരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha