കൊടും ക്രൂരതയിലും... കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയെങ്കിലും നടപ്പിലായില്ല; രണ്ട് കേസില്‍ വിധി പറഞ്ഞത് ഒരേ കോടതിയും ജഡ്ജിയും; 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്
ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ വിധിച്ചെങ്കിലും മുകള്‍ കോടതിയിലേക്ക് അപ്പീല്‍ പോകാന്‍ സാധ്യത വളരെ കൂടുതലാണ്. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ ധാരളമുണ്ട്. മേല്‍ കോടതിയില്‍ എത്തുമ്പോള്‍ വധ ശിക്ഷ ഒഴുവാകുമെന്നാണ് നല്ലൊരു ആള്‍ക്കാര്‍ വിശ്വസിക്കുന്നത്.
അതേസമയം കോടതി വിധിയില്‍ വലിയ കൈയ്യടിയാണ് പൊതു സമൂഹത്തില്‍ നിന്നും ഉയരുന്നത്. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന, സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നത്. ഇത്തരം കേസുകളില്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമം ഒന്നുമില്ല. ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാന്‍ സാധിക്കില്ല'.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകളാണിത്. ഈ കേസില്‍ ശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.
ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരന്‍ തമ്പി വധക്കേസില്‍ 2006 മാര്‍ച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണ്. മാത്രമല്ല, രണ്ട് കേസിലും അഡിഷണല്‍ ജില്ലാ ജഡ്ജി എഎം ബഷീര്‍ തന്നെയാണ് വിധി പറഞ്ഞതെന്നത് മറ്റൊരു പ്രത്യേകതയും.2006ല്‍ ആയിരുന്നു വിധുകുമാരന്‍ തമ്പി വധക്കേസില്‍ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു.
കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരന്‍ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്‌സായിരുന്ന കാമുകന്‍ രാജുവും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയില്‍ തള്ളുകയായിരുന്നു.
ഷാരോണ്‍ കേസില്‍ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍മാത്രം 25പേര്‍. ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് 33വര്‍ഷം മുമ്പായിരുന്നു. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിപ്പര്‍ചന്ദ്രനെ 1991ലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. പൂജപ്പുരയില്‍ 1979ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവില്‍ തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്.
കേരള പൊലീസിന്റെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിക്കപ്പെട്ടതിന് പിന്നില്‍. എല്ലാതരത്തിലുള്ള ഡിജിറ്റല്‍, മെഡിക്കല്‍ എവിഡന്‍സുകളും അന്വേഷണ സംഘം കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു. ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ഉപയോഗിച്ച പാരക്വാറ്റ് ഡൈ ക്‌ളോറൈഡ് എന്ന അതീവ വിഷകാരിയായ കളനാശിനിയുടെ എല്ലാ സ്വഭാവവിശേഷതകളും പൊലീസ് സംഘം പഠിച്ചു.
മനുഷ്യ ശരീരത്തില്‍ പാരക്വാറ്റ് എത്തിയാല്‍ എന്തൊക്കെ സംഭവിക്കാമെന്ന് റഫര്‍ ചെയ്തു. അതുതന്നെയാണ് ഷാരോണിന് സംഭവിച്ചിരിക്കുന്നതെന്നും കണ്ടെത്തി. പാരക്വാറ്റ് ശരീരത്തിലെത്തിയാല്‍ ആദ്യം ബാധിക്കുന്നത് വായ് ഭാഗത്തെയാണ്. അള്‍സര്‍ പോലെ വ്രണങ്ങള്‍ രൂപപ്പെടും. രണ്ടും ദിവസം കഴിയുമ്പോള്‍ വിഷം കിഡ്നിയെ സാരമായി ബാധിക്കും. തുടര്‍ന്ന് കുടല്‍ മുഴുവന്‍ കരിച്ചു കളയും.ഫോറന്‍സിക് വിദഗ്ദ്ധര്‍, പ്രഗത്ഭരായ ഡോക്ടര്‍മാര്‍ എന്നിവരുമായൊക്കെ അന്വേഷണ സംഘം മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധരായ ഷേര്‍ലി വാസു, ഡോ. വി.വി പിള്ള എന്നിവരുടെയടക്കം ഉപദേശവും ലഭിച്ചിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് വിശേഷിപ്പിച്ച കോടതി വധശിക്ഷയാണ് ഗ്രീഷ്മയക്ക് നല്‍കിയിരിക്കുന്നത്. അതിസമര്‍ത്ഥമായി കേസന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോയതെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി പ്രശംസിച്ചു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിന് പുറമെ ഷാരോണിന് വിഷം കൊടുത്തു എന്നതും, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha