ഡൽഹി മദ്യക്കേസിൽ പ്രതിയായ ബി.ആർ എസ് നേതാവ് കെ. കവിതക്ക് ഒരു കേരള ബന്ധമുണ്ട്.... അതും കേരള മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ...ഇതാണ് വി.ഡി. സതീശന്റെ ഉന്നം..ആ പേര് സതീശൻ പറയുമോ ചെന്നിത്തല പറയുമോ എന്നതിലാണ് കൗതുകം...
ബ്രൂവറി വിവാദത്തിൽ ഭാഗഭാക്കായ കമ്പനിക്ക് ഡൽഹി മദ്യനയക്കേസുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവർത്തിക്കുന്നത് എന്തു കൊണ്ടാണ് ? ഡൽഹി മദ്യക്കേസിൽ പ്രതിയായ ബി.ആർ എസ് നേതാവ് കെ. കവിതക്ക് ഒരു കേരള ബന്ധമുണ്ട്. അതും കേരള മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ.ഇതാണ് വി.ഡി. സതീശന്റെ ഉന്നം. പാലക്കാട് ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ക്ലിഫ് ഹൗസിലെ പ്രധാനിക്കും ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം പരോക്ഷമായി പറയുന്നത്. ആ പേര് സതീശൻ പറയുമോ ചെന്നിത്തല പറയുമോ എന്നതിലാണ് കൗതുകം. എന്താണ് ഡൽഹി മദ്യ കുംഭകോണം?
രാജ്യതലസ്ഥാനത്ത് കൊവിഡ് തരംഗം അതിരൂക്ഷമായ സമയം. ഇതിനിടെ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പുതിയ എക്‌സൈസ് നയം പാസാക്കുന്നു. എക്സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടിനെക്കുറിച്ച് 2022 ജൂലൈയിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മദ്യനയക്കേസ് പുറത്തുവന്നത്. കോവിഡ് കാലത്താണല്ലോ കേരളത്തിൽ സ്പ്രിംഗ്ളർ ഉൾപ്പെടെയുള്ള അഴിമതി കഥകൾ പുറത്തുവന്നത്. ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കൾ അനധികൃത ഫണ്ട് സ്വരൂപിക്കുന്നതിനും തങ്ങളിലേക്കുതന്നെ എത്തിക്കുന്നതിനുമാണ് എക്‌സൈസ് നയം സൃഷ്ടിച്ചത് എന്നായിരുന്നു ആരോപണം.
തുടർന്ന് ഇഡിയും സിബിഐയും കേസെടുത്തു. ഡൽഹി എക്‌സൈസ് വകുപ്പിന്റെ തലവനാണ് മനീഷ് സിസോദിയ. സ്വാഭാവികമായും അന്വേഷണം അദ്ദേഹത്തിനെതിരെ നീങ്ങി. സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് ചീഫ് സെക്രട്ടറി എൽജിക്ക് കൈമാറിയ റിപ്പോർട്ടിനെ തുടർന്നാണ് ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്.പുതിയ നയം അനുസരിച്ച് ദേശീയ തലസ്ഥാനത്തെ ചില്ലറ മദ്യവ്യാപാരത്തിൽ സർക്കാരിന് ബന്ധമില്ല. മാത്രമല്ല 849 മദ്യവിൽപനശാലകൾ പുതുതായി തുറക്കുകയും ചെയ്യും. ഓരോ സോണിനെയും 8-10 വാർഡുകളായി തിരിച്ച് 27 മദ്യവിൽപ്പനശാലകളാണുള്ളത്.
ഡൽഹി എക്സൈസ് നയം മാളുകൾ, വാണിജ്യ മേഖലകൾ, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയവയിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മദ്യശാലകൾ തുറക്കാൻ അനുവദിച്ചു.അനിൽ ബൈജൽ ഡൽഹി ലഫ്റ്റനന്റ് ഗവർണറായിരിക്കെയാണ് എക്സൈസ് നയം നടപ്പാക്കിയത്. നയം നടപ്പാക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബൈജൽ നിലപാട് മാറ്റിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. മദ്യശാലകൾ തുറക്കാനുള്ള നിർദ്ദേശത്തെ എൽ-ജി എതിർത്തിരുന്നില്ലെന്നും പിന്നീട് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്നും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും അനുമതി വാങ്ങാൻ നിബന്ധന വച്ചതായും സിസോദിയ ആരോപിച്ചു. പിന്നീടാണ് കവിത രംഗത്തെത്തുന്നത്.
ബിആർഎസ് എംഎൽസി കെ കവിത ഡൽഹിയിലെ മദ്യ കുംഭകോണത്തിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളാണെന്നും ഗുണഭോക്താവാണെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചു. കഞ്ചിക്കോട്ട് ബ്രൂവറി ഇടപാടിൽ പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും എക്‌സൈസ് മന്ത്രി ഉത്തരം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രി ആദ്യ ദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്.കുപ്രസിദ്ധമായ ഡല്‍ഹി മദ്യ നയ കേസില്‍ അറസ്റ്റിലായവരാണ് ഈ കമ്പനിയുടെ ഉടമകളെന്നും പഞ്ചാബില്‍
നാല് കിലോമീറ്റര്‍ പ്രദേശത്തെ ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കേസെടുത്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.ഇത്തരത്തില്‍ കുപ്രസിദ്ധമായ കമ്പനിക്ക് എന്തിനാണ് മദ്യ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്? ഈ കമ്പനി മാത്രമെ അപേക്ഷ നല്‍കിയിരുന്നുള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്. ഓരോ ദിവസവും മന്ത്രി മാറി മാറി പറയുകയാണ്. മദ്യ നയം മാറ്റി മദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഡിസ്റ്റിലറി അറിഞ്ഞോ?മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഈ കമ്പനി അല്ലാതെ രാജ്യത്തെ മറ്റൊരു കമ്പനിയും സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിലെ മാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടില്ല.
എന്നിട്ടാണ് ഈ കമ്പനിയുടെ മാത്രം അപേക്ഷയെ കിട്ടിയിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞത്. എന്ത് രഹസ്യമാണ് ഇതിന് പിന്നിലുള്ളത്? എന്തിനാണ് രഹസ്യമാക്കി വച്ചത്? മൂന്നു മാസമാണ് മന്ത്രി ഈ ഫയല്‍ കയ്യില്‍ വച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആറു ദിവസം കഴിഞ്ഞാണ് ഈ ഫയല്‍ മുഖ്യമന്ത്രിയുടെ കയ്യിലേക്ക് കൊടുക്കുന്നത്.മദ്യ നയത്തിലെ 24-ാം പോയിന്റില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കും എന്നു മാത്രമെ പറഞ്ഞിട്ടുള്ളൂ. എന്നിട്ട് എന്തൊക്കെ അനുമതികളാണ് ഈ കമ്പനിക്ക് നല്‍കിയിരിക്കുന്നത്? എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്,
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് ഉള്‍പ്പെടെ എല്ലാം ഈ ഒറ്റ കമ്പനിക്ക് നല്‍കിയിരിക്കുകയാണ്.കോളജ് തുടങ്ങാനെന്ന പേരില്‍ എലപ്പുള്ളിയില്‍ പഞ്ചായത്തിനെ വരെ പറ്റിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ഈ കമ്പനി ഭൂമി വാങ്ങിയത്. അപ്പോള്‍ ഈ കമ്പനിയുമായുള്ള ഡീല്‍ നേരത്തെ തന്നെ തുടങ്ങിയതാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അല്ലാതെ കേരളത്തിലെ വേറെ ഏതെങ്കിലും കമ്പനികള്‍ക്കോ മറ്റാര്‍ക്കുമോ ഇതേക്കുറിച്ച് അറിയില്ല.പാലക്കാട് വി.എസ് അച്യുതാനന്ദനും എം.പി വീരേന്ദ്രകുമാറും ഉള്‍പ്പെടെ നടത്തിയ സമരത്തെ തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്. അവിടെയാണ് ദശലക്ഷക്കണക്കിന് ലിറ്റര്‍ ജലം ആവശ്യമുള്ള ഈ പ്ലാന്റ് ആരംഭിക്കുന്നത്.
വാട്ടര്‍ അതോറിട്ടി വെള്ളം നല്‍കുമെന്നാണ് പറയുന്നത്.വാട്ടര്‍ അതോറിട്ടി അവരുടെ വീട്ടില്‍ നിന്നാണോ ജലം നല്‍കുന്നത്? സാധാരണക്കാര്‍ക്ക് വെള്ളം നല്‍കാന്‍ പോലും വാട്ടര്‍ അതോറിട്ടിക്ക് നല്‍കാന്‍ സാധിക്കുന്നില്ല. മലമ്പുഴ ഡാമില്‍ പാലക്കാടിന് ആവശ്യമുള്ള വെള്ളമില്ല. ഇല്ലാത്ത വെള്ളം വാട്ടര്‍ അതോറിട്ടി എവിടെ നിന്നാണ് ഈ കമ്പനിക്ക് നല്‍കുന്നത്? ഈ കമ്പനിക്ക് വെള്ളം നല്‍കലാണോ വാട്ടര്‍ അതോറിട്ടിയുടെ പണി?ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഒരു തരി വെള്ളമില്ലാത്ത പാലക്കാടാണ് ഈ കമ്പനിക്ക് ഒരു ഡസണ്‍ യൂണിറ്റുകള്‍ നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഷേഡി ഇടപാടുകള്‍ മാത്രം നടത്തിയിട്ടുള്ള ഈ കമ്പനിക്ക് മാത്രം മദ്യ നിര്‍മാണ പ്ലാന്റ് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്.
അല്ലെങ്കില്‍ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമില്ല.ഇടപാട് സുതാര്യമല്ല, അഴിമതിയും ജല ചൂഷണവുമുണ്ട്. കൊച്ചി കോര്‍പറേഷനില്‍ തീ കത്തിച്ച കമ്പനിയെയും മന്ത്രി ഇതുപോലെ പുകഴ്ത്തിയിരുന്നു. അതുപോലെയാണ് ഡല്‍ഹി മദ്യനയ കേസില്‍ ഉള്‍പ്പെട്ട കമ്പനിയെ കുറിച്ച് എക്‌സൈസ് മന്ത്രി പറഞ്ഞത്. മദ്യ നിര്‍മ്മാണത്തിന് കമ്പനിയെ ചുമതലപ്പെടുത്തുന്നത് മാധ്യമങ്ങളോ പ്രതിപക്ഷമോ അറിഞ്ഞില്ല. കേരളത്തിലെ ആരും അറിയാതെ രഹസ്യമായാണ് എല്ലാ ചെയ്തത്.ക്ലിഫ് ഹൗസിലെ ഉന്നതവ്യക്തിക്ക് കവിതയുമായി അടുത്ത ബന്ധം ഉണ്ടെന്ന് മുമ്പ് പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് 46-കാരിയായ കെ. കവിത. ഡൽഹിയിൽ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭരണപാർട്ടിയായ ആംആദ്മിക്ക്
100 കോടി നൽകിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി കവിതയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഹൈദരാബാദിലെ ബാൻജറ ഹിൽസിലുള്ള വസതിയിൽനിന്ന് കഴിഞ്ഞ വർഷം മാർച്ച് 15-നാണ് ഇ.ഡി. കവിതയെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂട്ടുപ്രതിയായ ബുചി ബാബുവിന്റെ ഫോണിൽനിന്ന് കണ്ടെടുത്ത ചാറ്റിന്റെ അടിസ്ഥാനത്തിലാണ് കവിതയെ സി.ബി.ഐ. ചോദ്യംചെയ്തത്. അതേസമയം, കേന്ദ്ര ഏജൻസികൾ തന്റെ വ്യക്തപരവും രാഷ്ട്രീയപരവുമായ ജീവിതം താറുമാറാക്കാനാണ് ശ്രമിക്കുന്നതെന്ന കവിത കോടതിയിൽ വ്യക്തമാക്കി.
വക്കീൽ മുഖേനയാണ് കവിത കോടതിക്ക് തുറന്ന കത്ത് നൽകിയത്.ഞാൻ ഇരയാണ്. എന്റെ വ്യക്തിജീവിതവും പൊതുജീവിതവും ഉന്നംവെച്ചുള്ള പ്രവർത്തനങ്ങളാണ് ചുറ്റും നടക്കുന്നത്. വാർത്താചാനലുകളിലെല്ലാം എന്റെ മൊബൈൽഫോൺ കാണിക്കുന്നു. എന്റെ വ്യക്തിജീവിതത്തിലേക്കുള്ള പരസ്യമായ കടന്നുകയറ്റമാണിത്. എല്ലാ അന്വേഷണ ഏജൻസികളുമായും ഞാൻ സഹകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് രേഖകളെല്ലാം നൽകിയിട്ടുണ്ട്. ഞാൻ നശിപ്പിച്ചു എന്ന് ഇ.ഡി. അവകാശപ്പെടുന്ന എല്ലാ മൊബൈൽഫോണുകളും കൈമാറാൻ തയ്യാറാണെന്നും വക്കീൽ മുഖേന കോടതിക്ക് കൈമാറിയ കത്തിൽ കവിത പറയുന്നു.തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും ഇ.ഡി കേസിൽ പ്രതിസ്ഥാനത്തുമുള്ള കെ.കവിതക്ക് കേരളത്തിൽ ബിസിനസ് ബന്ധമുണ്ടോ?
സംസ്ഥാനത്തെ ഒരു ഉന്നതനും അദ്ദേഹത്തിൻ്റെ കുടുംബവുമായി കവിതക്ക് ബിസിനസ് ബന്ധമുണ്ടോ എന്ന് അറിയുന്നതിന് ഇ ഡി. അന്വേഷണം തുടങ്ങിയതായി മനസിലാക്കുന്നു.. വളരെ മുമ്പേ ഇത്തരം ഒരു ആരോപണം കേരളത്തിലെ കാറ്റിൽ അലയടിക്കുന്നുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് മനസിലാക്കുന്നത്.തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെയും ശോഭയുടെയും മകളായി കരിംനഗറിലാണ് കവിത ജനിച്ചത് . വിഎൻആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബി.ടെക് ബിരുദവും സതേൺ മിസിസിപ്പി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസസും പൂർത്തിയാക്കി .
തെലങ്കാനയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹത്തോടെ 2006 ൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് അവർ യുഎസ്എയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു. ബിസിനസുകാരനായ ദേവനപള്ളി അനിൽകുമാറിനെയാണ് കവിത വിവാഹം കഴിച്ചത്. അവർക്ക് രണ്ട് ആൺമക്കളുണ്ട്, ആദിത്യയും ആര്യയും.വിവാഹശേഷം 2003ൽ കവിത ഭർത്താവിനൊപ്പം യുഎസിലേക്ക് മാറി. 2006-ൽ, പിതാവിനെ സഹായിക്കാൻ ഇന്ത്യയിൽ തിരിച്ചെത്തി. 2014- ലാണ് ആന്ധ്രാപ്രദേശിൽ നിന്ന് വിഭജിച്ച് തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിച്ചത്. , കവിതയുടെ പിതാവ് സംസ്ഥാന രൂപീകരണത്തിന് വേണ്ടി വാദിച്ച പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. 2014 മെയിൽ സംസ്ഥാന അസംബ്ലിയിലേക്കും പാർലമെന്റിലേക്കും സീറ്റുകൾ തൂത്തുവാരി, കെ.സി.ആർ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി
2006-ൽ, തെലങ്കാന സംസ്ഥാന രൂപീകരണ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയതു കാരണം കെ.സി.ആർ. കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചതോടെയാണ് തെലങ്കാന പ്രസ്ഥാനത്തിന് പുതിയ ഉണർവ് ലഭിച്ചത്.ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടറിയാൻ, കവിത തെലങ്കാന മുഴുവൻ പര്യടനം നടത്തിയിട്ടുണ്ട്. ഈ യാത്ര പൊതുസമൂഹത്തെക്കുറിച്ചും തെലങ്കാനയെക്കുറിച്ചും കവിതയുടെ ധാരണയിൽ മാതൃകാപരമായ മാറ്റത്തിന് കാരണമായി.2014-ൽ തെലങ്കാന സംസ്ഥാനം രൂപീകൃതമായതിന് ശേഷം കവിത നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 1,64,184 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
തെലങ്കാനയിലുടനീളമുള്ള സംസ്ഥാന പ്രസ്ഥാനത്തെ പിന്തുണച്ച് സംഘടിപ്പിച്ച പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും അവർ സജീവ നേതൃത്വം വഹിച്ചു. ഈ സമരങ്ങൾ അവരെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. എംപി എന്ന നിലയിൽ പാർലമെന്റിലും പൊതുജീവിതത്തിലും കവിത ആവേശത്തോടെ തെലങ്കാനയുടെ ക്ഷേമത്തിനായി വാദിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ നിസാമാബാദിൽ നിന്ന് എംപിയായും കവിത മത്സരിച്ചു. അരവിന്ദ് ധർമ്മപുരിയോട് 70,875 വോട്ടുകൾക്കാണ് അവർ പരാജയപ്പെട്ടത്.2020 ഒക്ടോബറിൽ നിസാമാബാദ് ലോക്കൽ അതോറിറ്റി മണ്ഡലത്തിൽ നിന്ന് നിയമസഭാ കൗൺസിൽ അംഗമായി കവിത തിരഞ്ഞെടുക്കപ്പെട്ടു ,
അന്നത്തെ സിറ്റിംഗ് അംഗം ആർ ഭൂപതി റെഡ്ഡിയുടെ അയോഗ്യതയെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു ഇത്. 2021 ഡിസംബറിൽ നടന്ന തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് രണ്ടാം തവണയും കവിത നിസാമാബാദ് ലോക്കൽ അതോറിറ്റി മണ്ഡലത്തിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . 2022 ജനുവരി 19-ന് അവർ MLC ആയി സത്യപ്രതിജ്ഞ ചെയ്തു.. വൻ ബിസിനസ് ബന്ധങ്ങളാണ് കവിതക്കുള്ളത്.തികച്ചും അപ്രതീക്ഷിതമായാണ് കവിത ഇ.ഡിയുടെ വലയിൽ കുരുങ്ങിയത്. 2021 ൽ ഡൽഹിയിലെ മദ്യനയം രൂപീകരിക്കുന്നതിനായി "സൗത്ത് കാർട്ടൽ" എന്ന മദ്യ ലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നും ഇതിന്റെ ഭാഗമാണ് കവിതയെന്നുമാണ് സിബിഐയുടെ വാദം
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യ വ്യവസായിയും കവിതയുടെ അടുത്ത അനുയായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കവിതയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. 2021ൽ ഡൽഹിയിലെ മദ്യനയം രൂപീകരിച്ചതിൽ മദ്യ കമ്പനികൾക്ക് പങ്കുണ്ടെന്നും ഇതിനായി "സൗത്ത് കാർട്ടൽ" എന്ന മദ്യ ലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നുമാണ് സിബിഐയുടെ വാദം. സൗത്ത് കാർട്ടലിന്റെ ഭാഗമാണ് കവിതയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 12ന് സിബിഐ കവിതയെ ഹൈദരാബാദിൽ വച്ച് ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
അരുൺ രാമചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള മദ്യക്കമ്പനിയായ ഇൻഡോസ്പിരിറ്റ്‌സിൽ കവിതയ്ക്കും പങ്കാളിക്കും 65 ശതമാനം ഓഹരിയുണ്ടെന്നാണ് ഇ ഡി കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ പ്രതി ചേർത്തത്. ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പിൽ അംഗമാണ് കവിതയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് എന്നതിന്റെ വിശദമായ വിവരണം ഇ ഡി കുറ്റപത്രത്തിൽ നൽകിയിരുന്നു. എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന് മൊത്ത വ്യാപാര ബിസിനസ് വാഗ്ദാനം ചെയ്തിരുന്നു.
തുടർന്നങ്ങോട്ട് ഈ ആശയവിനിമയം ഊട്ടി ഉറപ്പിച്ചത് കവിതയുമായുള്ള ഫോൺ കോളുകളും മെസ്സേജുകളുമാണെന്നാണ് ഇ ഡി കണ്ടെത്തല്‍.ഡൽഹി ബിസിനസിൽ നിക്ഷേപം നടത്താൻ അരുണിന് താൽപ്പര്യമുണ്ടെന്നും അരവിന്ദ് കെജ്രിവാളുമായി സൗഹൃദമുള്ള വ്യക്തിയാണെന്നും വിജയ് നായര്‍, സമീർ മഹേന്ദ്രുവിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ കൂട്ടുകെട്ടിൽ പങ്കുചേരാൻ ആദ്യഘട്ടത്തില്‍ മഹേന്ദ്രു തയ്യാറായില്ല. ബിസിനസിൽ നിക്ഷേപിക്കാൻ തയ്യാറാവാതെ ഓഹരി ആവശ്യപ്പെട്ടു എന്നുള്ളതായിരുന്നു ഇതിന് കാരണം. തുടർന്ന് കവിതയ്ക്കു വേണ്ടിയാണ് ബിസിനസില്‍ താല്‍പര്യം കാണിച്ചതെന്ന് അരുണ്‍ പറഞ്ഞിരുന്നു എന്നും മഹേന്ദ്രുവിന്റെ മൊഴിയിലുണ്ട്.കവിതക്ക് ഹൈദരാബാദിലും ബംഗളുരുവിലും വൻകിട ബിസിനസുകൾ ഉണ്ടെന്നാണ് ഇ.ഡി. മനസിലാക്കുന്നത്.
സംസ്ഥാനത്തെ ഉന്നതൻ്റെ ഉറ്റ ബന്ധുവിന് ഈ സ്ഥലങ്ങളിൽ ബിസിനസ് സാമ്രാജ്യങ്ങളുണ്ട്.ഇന്ത്യക്ക് അകത്തും പുറത്തും ഇത്തരം ഇടപാടുകളിൽ കോടികൾ മറിയുന്നുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കൾക്ക് ഇത്തരം ഇടപാടുകളുമായി ബന്ധമുണ്ടെന്നാണ് കേൾക്കുന്നത്. ഇതിന് രാഷ്ട്രീയ ഭേദമില്ല. രാഷ്ട്രീയത്തിൻ്റെ കൊടികൾക്ക് അഴിമതിയിൽ ഒരു പ്രസക്തിയുമില്ല. വിവിധ പാർട്ടിക്കാർ തോളോടുതോൾ ചേർന്നാണ് അഴിമതികളിൽ പങ്കാളിയാവുന്നത് .ഇതിൻ്റെ ഒടുവിലത്തെ ഇരയാണ് കവിത.പാലക്കാട് ബ്രുവറി വിവാദം എം, ബി. രാജേഷിലേക്ക് തിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല.
https://www.facebook.com/Malayalivartha