ആന എഴുന്നള്ളിപ്പിനു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ ദേവസ്വം ഓഫിസര്‍ നല്‍കിയ സത്യവാങ്മൂലം: വിനാശകാലേ വിപരീതബുദ്ധി, 2 മാസം അകത്തു കിടന്നാല്‍ മനസ്സിലായിക്കൊള്ളുമെന്ന് ദേവസ്വം ഓഫിസറോട് ഹൈക്കോടതി
ആന എഴുന്നള്ളിപ്പിനു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ ദേവസ്വം ഓഫിസര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതികരിച്ച് ഹൈക്കോടതി. 'തെറ്റുപറ്റിപ്പോയി, നിരുപാധികം ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പകരം കോടതി ഉത്തരവ് ലംഘിച്ചതിന് പൊന്നാട സ്വീകരിക്കാന്‍ പോയി. എന്നെ ജയിലില്‍ ഇടൂ എന്ന് പറഞ്ഞാണ് ദേവസ്വം ഓഫിസര്‍ വരുന്നത്.
ഇതിനെയാണ് വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നത്. രണ്ടു മാസം അകത്തു കിടന്നാല്‍ മനസ്സിലായിക്കൊള്ളും', തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളിപ്പിനു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ ദേവസ്വം ഓഫിസര്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഹൈക്കോടതി.
കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ച രണ്ടു സത്യവാങ്മൂലത്തിലും തെറ്റു പറ്റിയതായി സമ്മതിക്കുന്നില്ലെന്നും ന്യായീകരണം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിരുപാധികം മാപ്പപേക്ഷിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ഓഫിസര്‍ക്ക് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുട ബെഞ്ച് നിര്‍ദേശം നല്‍കി. വിഷയം രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനു ദേവസ്വം ഓഫിസര്‍ കോടതിയലക്ഷ്യ നടപടി നേരിടുകയാണ്. ദേവസ്വം ഓഫിസര്‍ തുടര്‍ന്നും കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത് 2012ലെ നിയമം ചൂണ്ടിക്കാട്ടിയാണെന്നും ഈ നിയമം കര്‍ശനമായി പാലിക്കാന്‍ ബാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ആനകളും ആളുകളും തമ്മിലുള്ള 'ആവശ്യമായ ദൂരം' എത്രയാണെന്ന് തീരുമാനിക്കാനും സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ദേവസ്വം ഓഫിസര്‍ നല്‍കിയ സത്യവാങ്മൂലം കോടതി പരിഗണിച്ചു.
''മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് പറയുന്നില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ട കാര്യം ദേവസ്വം ഓഫിസര്‍ക്ക് തന്നെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഖേദം പ്രകടിപ്പിക്കാമായിരുന്നു. തങ്ങള്‍ ചോദിക്കുന്നതു വരെ കാത്തിരിക്കേണ്ടിയിരുന്നില്ല. അവിടെ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിന്റെ വാസ്തവം തങ്ങള്‍ക്കറിയാം. മാത്രമല്ല, നിയമലംഘനം നടത്തുന്ന കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടും ദേവസ്വം അത് അംഗീകരിച്ചില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. അതുകൊണ്ട് നിരുപാധികം മാപ്പപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കാമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിനു നടപടികള്‍ തുടങ്ങുമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha