കാന്തപുരം പഴയ കാന്തമല്ല... എം.വി ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍; കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീപോലും ഇല്ല
കാന്തപുരവുമായി വളരെ അടുത്തിരുന്ന സിപിഎം ഇപ്പോള്‍ അടുക്കാനാകാത്ത വിധം അകന്നിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.
പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് പറയുന്ന സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും സ്ത്രീകള്‍ അല്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കാന്തപുരത്തിന്റെ ചോദ്യം. 'മത നിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെ മേല്‍ കുതിര കയറാന്‍ വരേണ്ട. ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്‍മാര്‍ പറയും. മറ്റുള്ള മതക്കാര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയണ്ട.
ഇന്നലെ ഒരാള്‍ അഭിപ്രായം പറയുന്നത് കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയ സെക്രട്ടറിമാര്‍ പതിനെട്ടും പുരുഷന്‍മാരാണ്. ഒരു സ്ത്രീ പോലും ഇല്ല. എന്താണ് അവിടെ സ്ത്രീകളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിമീങ്ങളോടാണ്'- കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ മറുപടി.
നേരത്തെ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്‌ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് സ്ത്രീകള്‍ വ്യായാമംചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യംപിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മെക് 7 വ്യായാമത്തിനെതിരെ നേരത്തേ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുള്ള ഏതു പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നുമാണ് കാന്തപുരം പറഞ്ഞത്.
കൂടാതെ, കഴിഞ്ഞ ദിവസം സമസ്ത കാന്തപുരം വിഭാഗം മുശാവറയും ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിരുന്നു. വ്യായാമത്തിന്റെ പേരില്‍ അന്യ പുരുഷന്മാരുടെ മുന്നിലും ഇടകലര്‍ന്നും സ്ത്രീകള്‍ അഭ്യാസം നടത്തുന്നതും മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദനീയമല്ലെന്ന് വ്യക്തമാക്കിയത്. സുന്നി വിശ്വാസികള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തി പൂര്‍വിക വിശ്വാസ ആചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും മുശാവറ യോഗം അഭ്യര്‍ഥിച്ചിരുന്നു.
വ്യായാമം എന്ന പേരില്‍ എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും സദസ്സൊരുക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നാണ് പഠിപ്പിക്കുന്നതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണപോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു.
തെറ്റുചെയ്യുന്നതില്‍ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇസ്ലാം മതത്തില്‍ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പണ്ട് പുരുഷന്‍മാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകള്‍ക്ക് ബോധമുണ്ടായിരുന്നു. ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നാണ്
ഇപ്പോള്‍ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിതെരെയാണ് എംവി ഗോവിന്ദന്‍ തുറന്നടിച്ചത്.
https://www.facebook.com/Malayalivartha