ബെനാമി കമ്പനികള്‍ക്ക് കോടികളുടെ കരാര്‍, ഏക്കര്‍കണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി: എല്ലാം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ
ബെനാമി കമ്പനികള്‍ക്ക് കോടികളുടെ കരാര്‍, ഏക്കര്‍കണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി: എല്ലാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിട്ട് രാജിവച്ച പി.പി ദിവ്യയ്‌ക്കെതിരെ ആരോപണവുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ കരാറുകള്‍ നല്‍കിയതു സ്വന്തം ബെനാമി കമ്പനിക്കാണെന്ന് ഷമ്മാസ് പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് പുറത്തുവിട്ടു.
''കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലൈ 20നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനിയുടെ എം.ഡി. ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്തിന്റെയും പേരില്‍ ഏക്കര്‍കണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ ആസിഫിന്റെയും അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്'' - ഇരുവരുടെയും പേരില്‍ സ്ഥലം റജിസ്റ്റര്‍ ചെയ്ത രേഖകള്‍ പുറത്തുവിട്ട് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
അനധികൃതമായി സ്വന്തം ബെനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിനു രൂപയുടെ കരാര്‍ ദിവ്യ നല്‍കിയെന്ന് ആരോപിച്ച ഷമ്മാസ് അതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടിട്ടുണ്ട്. ''11 കോടിയോളം രൂപയാണ് രണ്ട് വര്‍ഷത്തിനിടയില്‍ പ്രീ ഫാബ്രിക്കേറ്റ് ടോയ്ലറ്റ് നിര്‍മാണങ്ങള്‍ക്കു മാത്രമായി കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കിയത്. ഇതിനു പുറമെ പടിയൂര്‍ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിര്‍മാണ കരാറും ഈ കമ്പനിക്കു തന്നെ നല്‍കി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പ്രീ ഫാബ്രിക് നിര്‍മാണങ്ങളാണ് സില്‍ക്ക് വഴി ഈ കമ്പനിക്ക് നല്‍കിയത്. പ്രധാനമായും ബയോ ടോയ്ലറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയായിരുന്നു നിര്‍മാണങ്ങള്‍. മൂന്ന് വര്‍ഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്കു നല്‍കിയത്. ഒരു കരാര്‍പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല.
ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ഷാജിറിനും ഈ ബിനാമി ഇടപാടുകളില്‍ പങ്കുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ദിവ്യ ജില്ലാ പഞ്ചായത്തിനു പകരം തിരുട്ട് ഗ്രാമത്തിന്റെ പ്രസിഡന്റ് ആവേണ്ടിയിരുന്നയാളാണ്. പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ വീരപ്പനെപ്പോലും നാണിപ്പിക്കും. അഴിമതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ പറ്റിയ ആളാണ് പി.പി. ദിവ്യ. ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരും'' - ഷമ്മാസ് പറഞ്ഞു.
https://www.facebook.com/Malayalivartha