ഇനിയുമുണ്ട് വര്‍ഷങ്ങള്‍ നീളുന്ന കടമ്പകള്‍: ഗ്രീഷ്മയുടെ ജീവിതം അവസാനിച്ചിട്ടില്ല...
പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ ഓള്‍ കേരളാ മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൻ ആഘോഷങ്ങൾ ഒരുക്കിയിരുന്നു. പടക്കം പൊട്ടിച്ചും പാലഭിക്ഷേകം നടത്തിയും ആഘോഷമാക്കാനായിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വിധി പ്രസ്താവിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രവർത്തകരെ പോലീസ് തടഞ്ഞിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ പടക്കം പൊട്ടിക്കലും പാലഭിഷേകവും നടത്താനും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പ്രതിഷേധിക്കാനും ആയിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്.
ഇവരില്‍ നിന്ന് ജഡ്ജിയുടെ കട്ടൗട്ടും അഭിഷേകത്തിനുള്ള പാലും പോലീസ് പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ഇത് ഒരു ഭാഗത്ത് നടക്കുമ്പോൾ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത് ശരിയോ തെറ്റോ എന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ അന്തിമമല്ലാത്തതുകൊണ്ടു തന്നെ ഗ്രീഷ്മയുടെ ജീവിതം അവസാനിച്ചിട്ടില്ല. ഇനിയുമുണ്ട് വര്‍ഷങ്ങള്‍ നീളുന്ന കടമ്പകള്‍.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളിയെ ഉടന്‍ തന്നെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഗ്രീഷ്മ വനതിയായതുകൊണ്ട് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഇനിയുള്ള നാളുകള്‍. ജയിലിലെത്തുന്ന ആദ്യ ഘട്ടത്തില്‍ തന്നെ വധശിക്ഷ എന്ന വിധിക്കെതിരെ സ്വന്തം നിലയില്‍ അപ്പീല്‍ പോകുന്നുണ്ടോയെന്ന് കുറ്റവാളിയോട് ജയില്‍ അധികൃതര്‍ ചോദിക്കും. സ്വന്തം നിലയില്‍ പോകുന്നുണ്ടങ്കില്‍ അങ്ങിനെയാവാം. അതല്ല, സ്വന്തമായി അപ്പീല്‍ നല്‍കാന്‍ കഴിവില്ലങ്കില്‍ ജയില്‍ വകുപ്പ് തന്നെ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി അപ്പീലിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.
ഏറ്റവും ആദ്യം അപ്പീല്‍ നല്‍കേണ്ടത് ഹൈക്കോടതിയിലാണ്. DSR അഥവാ ഡെത്ത് സെന്റന്‍സ് റിവ്യൂ പെറ്റീഷന്‍ എന്നാണ് അതിന് പറയുന്നത്. അപ്പീല്‍ ഫയല്‍ ചെയ്ത് ഏറ്റവും കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലുമെടുക്കും ഹൈക്കോടതി പരിഗണിക്കാന്‍. പരിഗണിച്ച ശേഷം ഹൈക്കോടതി പ്രധാനമായും നാല് പഠന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടും.
1) പ്രതിയുടെ കുടുംബ–സാമൂഹ്യ സാഹചര്യം, വധശിക്ഷ നടപ്പാക്കിയാല്‍ കുടുംബത്തിലുണ്ടാകുന്ന ആഘാതം ഇവിയെല്ലാം വിശദമായി പഠിച്ച് സാമൂഹ്യനീതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം, 2) കുറ്റവാളിയുടെ ജയിലിലെ സ്വഭാവം, പശ്ചാത്താപത്തിനും തിരുത്തലിനുമുള്ള സാഹചര്യമുണ്ടോയെന്ന് വിശദമായി പരിശോധിച്ച് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം. 3) കുറ്റവാളിയെ നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് പ്രത്യേക മെഡിക്കല്‍ സംഘം ആരോഗ്യ–മാനസിക നിലയേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.
4) ഡെല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രോജക്ട് 39 എന്ന ഏജന്‍സിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഈ റിപ്പോര്‍ട്ടുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് ഉറപ്പിക്കാമോയെന്നുള്ള നിയമവശവും പരിഗണിച്ചായിരിക്കും ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക. ഹൈക്കോടതി വധശിക്ഷ ശരിവച്ചതുകൊണ്ടും നടപടി അവസാനിക്കില്ല. കുറ്റവാളിക്ക് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാം.
സുപ്രീംകോടതി തീരുമാനം എതിരായാല്‍ ഗവര്‍ണര്‍ക്കും ഗവര്‍ണര്‍ കഴിഞ്ഞാല്‍ രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കാം. രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിയാല്‍ അതിനെതിരെ തിരുത്തല്‍ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. അവിടെയും വധശിക്ഷ ശരിവച്ചാല്‍ മാത്രമേ വധശിക്ഷയ്ക്ക് അന്തിമ അംഗീകാരമാകു. വധശിക്ഷ ശരിവെക്കുന്നത് വരെ ആ കുറ്റവാളി മറ്റെല്ലാ തടവുകാരേപ്പോലെയാവും ജയിലില്‍ കഴിയുക.
മറ്റ് കുറ്റവാളികള്‍ക്കൊപ്പം ഇടകലര്‍ന്നാവും സെല്ലില്‍ കഴിയുന്നതും ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം. എന്നാല്‍ ശിക്ഷ ശരിവെക്കുന്നതോടെ ആ പരിഗണന അവസാനിക്കും. വധശിക്ഷക്ക് വിവിധിച്ചവരെ മാത്രം താമസിപ്പിക്കുന്ന ഏകാന്ത തടവറയിലേക്ക് മാറ്റും. മരണത്തിലേക്കുള്ള നാളുകള്‍ എണ്ണിത്തുടങ്ങിയതിനാല്‍ കുറ്റവാളിക്ക് താല്‍പര്യമുള്ള വസ്ത്രവും ഭക്ഷണവും നല്‍കും. ഇഷ്ടമുള്ളവരെ കാണാനും സ്വന്തം വിശ്വാസം അനുസരിച്ച് പ്രാര്‍ത്ഥിക്കാനുമെല്ലാം അവസരം ഒരുക്കും.
കേരളത്തില്‍ കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് തൂക്കിലേറ്റാനുള്ള സംവിധാനമുള്ളു. ജയില്‍വളപ്പില്‍ തന്നെയുള്ള പ്രത്യേക ഇരുട്ടുമുറിയാണത്. 1978ല്‍ അളകേശന്‍ എന്നയാളെ തൂക്കിലേറ്റിയതാണ് പൂജപ്പുരയില്‍ അവസാനമായി നടന്ന വധശിക്ഷ. 1991 ജൂലൈ 6ന് റിപ്പര്‍ ചന്ദ്രനെന്ന കൊലപാതകിയെ കണ്ണൂരില്‍ വെച്ച് തൂക്കിലേറ്റിയ ശേഷം അതുപയോഗിച്ചിട്ടേയില്ല. തൂക്കുമരവും സംവിധാനങ്ങളൊക്കെയുണ്ടങ്കിലും ആരാച്ചര്‍ അല്ലങ്കില്‍ തൂക്കിക്കൊല്ലുന്നയാള്‍ എന്നൊരു വിഭാഗമോ തസ്തികയോ ഇന്ന് ജയില്‍ വകുപ്പില്‍ ഇല്ല.
പക്ഷെ ഒരാളുടെ വധശിക്ഷ ശരിവെച്ച് കഴിഞ്ഞാല്‍ ജയില്‍ ജീവനക്കാര്‍ക്ക് വേണമെങ്കില്‍ ആരാച്ചാറിന്റെ ജോലി ചെയ്യാന്‍ സാധിക്കും. അതല്ല നാട്ടുകാരില്‍ ഒരാള്‍ക്കാണങ്കിലും ജയില്‍ വകുപ്പിനെ താല്‍പര്യം അറിയിച്ച് പ്രത്യേക അനുമതിയോടെ ആരാച്ചാറായി മാറാം. രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അവര്‍ക്ക് പാരിതോഷികം നല്‍കുന്നത്.
https://www.facebook.com/Malayalivartha