കൊലപാതകത്തിന് 5 ദിവസം മുമ്പ് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച പ്രതി, സംഭവത്തിന് ശേഷം മുറിയൊഴിഞ്ഞു; ജോണ്‍സണ്‍ ഔസേപ്പ് വിവാഹ മോചനം നേടിയത് 5 വർഷം മുമ്പ്...
കഠിനംകുളത്തു യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പ് 5 വർഷം മുമ്പ് വിവാഹ മോചനം നേടിയ ആൾ. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. ആതിരയുമായി ജോൺസന് ഒരു വർഷത്തോളമായി അടുപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇരുവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറഞ്ഞു. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്ത് ഇയാൾ വന്നിരുന്നു.
കൊലപാതകത്തിന് 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നാണു നിഗമനം. 7 മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി രാജീവും ആതിരയും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.
സംഭവദിവസം രാവിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി അവരുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ചായയില്‍ മയങ്ങാനുള്ള എന്തോ വസ്തു കലക്കിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. ഇതിനുശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ജോൺസൺ ഔസേപ്പ് ആതിരയുടെ കുടുംബ വീടിൻ്റെ പരിസരത്തും എത്തിയതായി നാട്ടുകാർ വെളിപ്പെടുത്തുന്നുണ്ട്. ആഴ്‌ചകൾക്ക് മുൻപ് കഠിനം കുളത്തെ വീട്ടിൽ നിന്നും മാറി കുടുംബവീടായ വെഞ്ഞാറമൂട് ആലിയാട് മൂളയം പഴവിള പ്ലാവിള വീട്ടിൽ ആതിര ദിവസങ്ങളോളം താമസിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഇതേ സമയം ചെല്ലാനം സ്വദേശിയായ ജോൺസൺ സമീപത്തെ കടയിൽ എത്തി ആതിരയുടെ കുടുംബത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നാണ് വിവരം. പ്രതിയുടെ ഫോട്ടോ നാട്ടുകാരിൽ ചിലർ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാചകത്തൊഴിലാളിയായ കുട്ടപ്പന്റെയും അമ്പിളിയുടേയും ഇളയ മകളാണ് ആതിര. കൊല്ലപ്പെടുന്നതിന്റെ തലേദിവസവും ആതിര കുടുംബത്തോടൊപ്പം മാതാപിതാക്കളെ കാണാൻ മൂളയത്തെ വീട്ടിൽ എത്തിയിരുന്നു. തിരികെ പോയെങ്കിലും ചൊവ്വാഴ്ച ആതിരയെ കുടുംബ വീ ട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനായി പോകുന്നതിനിടെയായിരുന്നു കൊലപാതകം നടന്നത്.
ആതിരയെ കുറിച്ചും, ഭർത്താവ് രാജീവിനെക്കുറിച്ചും നല്ലത് മാത്രമാണ് നാട്ടുകാർക്ക് പറയാനുണ്ടായിരുന്നത്. അയൽവാസികളോട് നല്ല പെരുമാറ്റം മാത്രമായിരുന്നു ആതിരയ്ക്ക്. കുടുംബ ജീവിതം നന്നായി പോകുന്നുവെനന്നായിരുന്നു പാചകത്തൊഴിലാളിയായ കുട്ടപ്പനും അമ്പിളിയും അയൽവാസികളോട് പറഞ്ഞിരുന്നത്.
ഇത്തരത്തിലൊരു ബന്ധം ആതിരയ്ക്ക് ഉണ്ടായിരുന്നതും, ഇത്തരമൊരു കൊലപാതകം നടന്നതും ഇപ്പോഴും നാട്ടുകാർക്കോ, ഇവരെ അറിയാവുന്നവർക്കോ അംഗീകരിക്കാനാകുന്നില്ല. കൊല നടത്തിയ ശേഷം ആതിരയുടെ സ്കൂട്ടറുമായി റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ തുറന്നു പരിശോധിച്ചു. പ്രതി പെരുമാതുറയിൽ താമസിച്ചിരുന്ന വാടകവീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആതിരയെ കൊലപ്പെടുത്താൻ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറയുന്നു.
പെരുമാതുറ ഭാഗത്തെ ഒരു കെട്ടിടത്തിൽ ഇയാൾ ഡിസംബർ, ജനുവരി മാസങ്ങളിലായി പലതവണ വന്നുതാമസിച്ചതായാണ് വിവരം. പെരുമാതുറ ഹാർബറിൽ ജോലിയ്ക്ക് വന്നുവെന്നും മറ്റുമായിരുന്നു വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം-ചിറയിൻകീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha