ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍..വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
കഠിനംകുളത്ത് ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് പോലീസ് പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പ്. കഴിഞ്ഞ ഏഴാം തീയതി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തിരികെ എത്തിയപ്പോൾ ഇയാളുടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്‍സണ്‍.അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. പ്രതി വിഷ വസ്തു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു പ്രതി.ജോണ്‍സണ്‍ ആണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയിരുന്നു. ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ.
കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്.കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്നവെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു ഇയാള്‍.
ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നത്. ഇതാണ് വലിയ അടുപ്പത്തിലേക്ക് നയിച്ചത്. ഇതിനിടെ, കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചത് കൊലപാതകത്തിന് വഴിതെളിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
https://www.facebook.com/Malayalivartha