കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസ് പ്രതി പിടിയില്‍: പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം
കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി വിഷം കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്.
അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയില്‍ നിന്നാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാന്‍ എത്തിയതായിരുന്നു പ്രതി.
ജോണ്‍സണ്‍ ആണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ യുവതിയില്‍ നിന്നും പണം തട്ടിയിരുന്നു. ഒരു വര്‍ഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇയാള്‍ക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സന് നല്‍കിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോണ്‍സണ്‍ യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ കൂടുതല്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ തന്റെ ഒപ്പം വരണമെന്ന് ജോണ്‍സണ്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചു.
കൃത്യം നടന്ന ദിവസം രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിയ ജോണ്‍സന്‍ ബോധംകെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയുടെ വാടക വീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സുളള ആളാണ് പ്രതി ജോണ്‍സണ്‍.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്‌കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം വച്ച ശേഷം ട്രെയിന്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha