പട്ടികജാതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 48കാരന് ജീവപര്യന്തത്തിന് പുറമേ തടവും പിഴയും വിധിച്ച് കോടതി
പട്ടികജാതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും, 12 വര്‍ഷം തടവും, 1.95 രൂപ പിഴയും ശിക്ഷയും വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് ജഡ്ജ് എസ് ലിഷ. പാലക്കാട് മുണ്ടൂര്‍ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗറില്‍ വിജയിയെയാണ് ശിക്ഷിച്ചത്.
2018ല്‍ വടക്കാഞ്ചേരിയില്‍ പഠനം നടത്തിയിരുന്ന അതിജീവിതയെ ഫേസ്ബുക്കിലൂടെ ഫോറസ്റ്റ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ച ശേഷം വശീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
വടക്കാഞ്ചേരിയില്‍ വെച്ച് മിഠായിയില്‍ എന്തോ ചേര്‍ത്ത് നല്‍കിയതോടെ അതിജീവിതക്ക് തലകറക്കം അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടു പോയായിരുന്നു ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടര്‍പീഡനം നടത്തുകയായിരുന്നു.
അതിജീവിതയുടെ വിവാഹം വീട്ടുകാര്‍ മറ്റൊരാളുമായി ഉറപ്പിച്ചത് അറിഞ്ഞതോടെ പ്രതി അതിജീവിതയോടൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിതയുടെ വീട്ടുകാര്‍ പീഡന വിവരം അറിഞ്ഞത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവാഹിതനാണെന്നും മക്കളുണ്ടെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പ്രതി അതിജീവിതയുമായി സൗഹൃദത്തിലായത്.
കേസില്‍ 28 സാക്ഷികളെയും 53 രേഖകളും ഡി.എന്‍.എ റിപ്പോര്‍ട്ടും ഹാജരാക്കി. കേസില്‍ ഡി.വൈ.എസ്.പി ടി.എസ് സിനോജാണ് കുറ്റപത്രം നല്‍കി.
https://www.facebook.com/Malayalivartha