ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്‌സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആര്‍ടിസി ജീവനക്കാര്‍
ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്‌സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാതൃകയായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ രമ്യ രാജു, ഡ്രൈവര്‍ എ അബ്ദുള്‍ റഹുമാന്‍ കുട്ടിയുമാണ് പണം നഷ്ടമായ ആളിന് അക്കൗണ്ടുള്ള ബാങ്ക് വഴി ഉടമസ്ഥനെ കണ്ടെത്തി പേഴ്‌സും പണവും കൈമാറിയത്.
തിരുവല്ലയില്‍ നിന്ന് കഴിഞ്ഞദിവസം രാവിലെ പത്തേ മുക്കാലിന് ഹരിപ്പാടിന് വന്ന ബസ് എടത്വയിലെത്തിയപ്പോള്‍ സീറ്റില്‍ ഉടമസ്ഥനില്ലാതെ ഒരു തുണി സഞ്ചി കണ്ടക്ടര്‍ രമ്യ രാജുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിനുള്ളില്‍ ഒരു ബാഗും ഉണ്ടായിരുന്നു. 39,900 രൂപ, എടിഎം കാര്‍ഡ്, ചെക്ക് ലീഫുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് ഉണ്ടായിരുന്നത്. തോമസ് വര്‍ഗീസ് കല്ലിങ്കല്‍ എന്നയാളുടെ പേരില്‍ എസ്ബിഐ തിരുവല്ല ശാഖയിലുള്ള അക്കൗണ്ടിലെ പാസ്ബുക്കാണെന്ന് മനസിലാക്കിയ കണ്ടക്ടര്‍ വിവരം ബാങ്കില്‍ അറിയിച്ചു.
ബാങ്കധികൃതര്‍ ഇടപാടുകാരനെ വിവരം അറിയിക്കാമെന്നു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെടാനറിയിച്ചിട്ട് ബസ് ഹരിപ്പാടിനു പോന്നു. ബസ് ഹരിപ്പാട് എത്തിയപ്പോള്‍ ബാങ്കധികൃതരില്‍ നിന്നു വിവരം ലഭിച്ച തോമസ് വര്‍ഗീസ് കാത്തു നില്‍ക്കുകകയായിരുന്നു.
തോമസ് വര്‍ഗീസിനെ കണ്ടപ്പോള്‍ തന്നെ നേരത്തെ ടിക്കറ്റ് നല്‍കിയ ഓര്‍മയില്‍ കണ്ടക്ടര്‍ രമ്യക്ക് ആളിനെ തിരിച്ചറിയാനുമായി. സ്റ്റേഷന്‍ മാസ്റ്റര്‍ ഡി റെജിയുടെ സാന്നിധ്യത്തില്‍ കണ്ടക്ടര്‍ രമ്യ രാജു പണവും അനുബന്ധ രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥനായ തോമസ് വര്‍ഗീസിന് കൈമാറി. കുണ്ടറ സ്വദേശിയായ രമ്യാരാജു കരുനാഗപ്പള്ളിയിലാണ് താമസിക്കുന്നത് ഡ്രൈവര്‍ എ അബ്ദുള്‍ റഹുമാന്‍ കുട്ടി വണ്ടാനം സ്വദേശിയാണ്.
https://www.facebook.com/Malayalivartha