മലപ്പുറത്ത് കിണറ്റില്‍ വീണ ആനയെ 20 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി
മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ 20 മണിക്കൂറിനുശേഷം പുറത്തെത്തിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഓടക്കയത്ത് കൂരങ്കല്‍ അട്ടറമാക്കല്‍ സണ്ണിയുടെ പുരയിടത്തിലെ കിണറ്റില്‍ വ്യാഴം പുലര്‍ച്ചെ 12.30ഓടെ വീണ കൊമ്പനെയാണ് രാത്രി 10.10 ഓടെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കിണര്‍ പൊളിച്ച് വഴിയൊരുക്കിയാണ് ആനയെ രക്ഷിച്ചത്. ബുധന്‍ രാത്രി പത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകളെ നാട്ടുകാര്‍ തുരത്തുന്നതിനിടെ കൊമ്പന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. വലിപ്പം കുറഞ്ഞ കിണറ്റില്‍ ആന മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാകാതെ കുടുങ്ങി.
ആനയെ കാട്ടിലേക്ക് തുരത്തിയോടിക്കാമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം നാട്ടുകാര്‍ അംഗീകരിച്ചില്ല. ആനയെ മയക്കുവെടിവച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ആനയെ പുറത്തെത്തിക്കാനുള്ള ദൗത്യം വൈകി. പകല്‍ രണ്ടോടെ വയനാട്ടില്‍നിന്ന് വെറ്ററിനറി സംഘമെത്തി ആനയുടെ ആരോഗ്യനില പരിശോധിച്ചു. ആനയെ മറ്റൊരിടത്തേക്ക് മാറ്റുക, പ്രദേശത്ത് ഫെന്‍സിങ് ഏര്‍പ്പെടുത്തുക, കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുക, പുതിയ കിണര്‍ നിര്‍മിക്കാന്‍ സണ്ണിക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയായിരുന്നു നാട്ടുകാരുടെ ആവശ്യം. സണ്ണിക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ദുരന്തനിവാരണ നിധിയില്‍നിന്ന് ഫെന്‍സിങ്ങിന് ഒരുകോടി രൂപ അനുവദിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. തുടര്‍ന്നായിരുന്നു രക്ഷാദൗത്യം. പ്രദേശത്ത് വ്യാഴാഴ്ചമുതല്‍ കുങ്കിയാനകളെ നിര്‍ത്തും. ഫെന്‍സിങ് പൂര്‍ത്തിയാകുന്നതുവരെ പ്രദേശത്ത് ആര്‍ആര്‍ടി വളന്റിയര്‍മാര്‍ സുരക്ഷ ഏര്‍പ്പെടുത്തും. തുടര്‍നടപടി ചര്‍ച്ചചെയ്യാനായി വെള്ളിയാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ യോഗംചേരും.
https://www.facebook.com/Malayalivartha