പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു
പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണെന്ന് മിന്നുമണി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ''വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് അല്‍പം മുമ്പ് കേള്‍ക്കാന്‍ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.'' - മിന്നുമണി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
മാനന്തവാടി സ്വദേശിയായ മിന്നുവിന്റെ അമ്മയുടെ സഹോദരന്‍ അച്ചപ്പന്റെ ഭാര്യയാണ് രാധ. വനംവാച്ചറാണ് അച്ചപ്പന്‍. അനീഷ, അജീഷ് എന്നിവരാണ് രാധയുടെ മക്കള്‍. തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാന്‍ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഒ.ആര്‍.കേളു അറിയിച്ചു.
മന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുവയെ പിടികൂടുന്നതിനു നടപടികള്‍ വനംവകുപ്പ് ആസൂത്രണം ചെയ്യുകയാണ്. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. നരഭോജിക്കടുവയായതിനാല്‍ മയക്കുവെടി വച്ചു പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ആദ്യം നടപ്പാക്കുക എന്നാണ് വിവരം.
https://www.facebook.com/Malayalivartha